2016-06-10 12:26:00

ദൈവികകരുണയ്ക്ക് ഒത്തൊരുമിച്ചു സാക്ഷ്യമേകുക- പാപ്പാ


      നമ്മെ വലയം ചെയ്തിരിക്കുന്നുവെന്നു കരുതപ്പെടുന്ന ശൂന്യതാബോധത്തിന്‍റെയും  നിസ്സംഗതയുടെയും മുന്നില്‍ മറുമരുന്നായ ദൈവികകരുണയ്ക്ക് ഒത്തൊരുമിച്ചു സാക്ഷ്യമേകാന്‍  നവോത്ഥിതസഭാസമൂഹങ്ങള്‍ക്കും കത്തോലിക്കര്‍ക്കും കഴിയുന്ന നിരവധി മേഖലകള്‍ ഉണ്ടെന്ന് പാപ്പാ . 

     നവോത്ഥാനസഭാസമൂഹങ്ങളു‍ടെ ആഗോള കൂട്ടായ്മയുടെ, WCRC യുടെ പത്തംഗ പ്രതിനിധിസംഘത്തെ വെള്ളിയാഴ്ച(10/06/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

      കര്‍ത്താവിന് ഉപരിമെച്ചപ്പെട്ട ശുശ്രൂഷയേകാനുതകുന്ന പൊതുവായ വളര്‍ച്ച  പരിപോഷിപ്പിക്കാന്‍ കത്തോലിക്കര്‍ക്കും നവോത്ഥിത സഭാസമൂഹങ്ങള്‍ക്കും ആത്മീയ കൂട്ടായ്മയില്‍ സാധിക്കുമെന്ന് മാര്‍പ്പാപ്പാ തദ്ദവസരത്തില്‍ ഉദ്ബോധിപ്പിച്ചു.

     യേശുവിലുള്ള നമ്മുടെ വിശ്വാസം, വാസ്തവത്തില്‍, സമൂര്‍ത്ത  പ്രവൃത്തികളിലൂടെ ഉപവി ജീവിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നുവെന്നും ഈ പ്രവൃത്തികള്‍ നമ്മുടെ ജീവിതശൈലിയിലും നമ്മെ വലയം ചെയ്തിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിവുറ്റവയാണെന്നും പാപ്പാ പറഞ്ഞു.

          ഒരാദ്ധ്യാത്മിക മരുഭൂവത്ക്കരണം ഇന്ന് പലപ്പോഴും ദൃശ്യമാണെന്ന ഖേദകരമായ വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

     ദൈവം ഇല്ല എന്ന മട്ടില്‍ ജീവിക്കുന്നിടങ്ങളില്‍, പ്രത്യേകിച്ച്, ക്രൈസ്തവര്‍ പ്രത്യാശയാല്‍ ദാഹം ശമിപ്പിക്കുന്ന ജലസംഭരണികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

     നവോത്ഥാനസഭാസമൂഹങ്ങളു‍ടെ ആഗോള കൂട്ടായ്മയുടെ ഒരു പ്രതിനിധിസംഘം പത്തു വര്‍ഷം മുമ്പ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായെ സന്ദര്‍ശിച്ച സംഭവവും ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു.

     താനുമായുള്ള കൂടിക്കാഴ്ചയും സഭൈക്യയാത്രയിലുള്ള മുന്നേറ്റത്തെ പോഷിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. 








All the contents on this site are copyrighted ©.