2016-06-09 08:46:00

പോര്‍ച്ചുഗലിലെ ദിവ്യകാരുണ്യകോണ്‍ഗ്രസ് ഫാത്തിമാനാഥയുടെ സന്നിധിയില്‍


പോര്‍ചുഗലിലെ നാലാമത് ദേശീയ ദിവ്യാകാരുണ്യ കോണ്‍സ്സ് ഫാത്തിമായില്‍.... പാപ്പാ ഫ്രാസിസ് പ്രതിനിധിയെ നിയോഗിച്ചു. പോര്‍ച്ചുഗലിലെ വിശ്വവിഖ്യാതമായ മരിയന്‍ തീര്‍ത്ഥത്തിരുനടയില്‍ ജൂണ്‍ 10-മുതല്‍ 12-വരെ തിയതികളിലാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കൊണ്ടാടുന്നത്.   “ദിവ്യകാരുണ്യം : കാരുണ്യത്തിന്‍റെ സ്രോതസ്സ്” എന്നതാണ് കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യം. കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ ആചരിക്കുന്ന ഈ ദിവ്യാകരുണ്യ കോണ്‍സ്സിലേയ്ക്ക് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ജോസ് ബ്രാസ് ദെ ആവീസിനെ തന്‍റെ പ്രതിനിധിയായി പാപ്പാ ഫ്രാന്‍സിസ് രേഖാമൂലം നിയോഗിച്ചിട്ടുണ്ട്. 

സമാധാന രാജ്ഞിയായ ഫാത്തിമാനാഥയുടെ ദര്‍ശനത്തിന്‍റെ 2017-ലെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് (1917-2017) ഒരുക്കം കൂടിയാണ് ഈ ദേശീയ ദിവ്യകാരുണ്യോത്സവം. പാപ്പാ അത് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസീന്ത, ലൂസി, ഫ്രാന്‍സിസ് എന്നീ ഇടയക്കുട്ടികള്‍ക്ക് കന്യകാനാഥ പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ 99-ാം വര്‍ഷമാണിത്.

മനുഷ്യന്‍റെ കരുത്തിലും ആധുനിക സാങ്കേതികതയുടെ നേട്ടങ്ങളിലും അമിതമായി അശ്രയിച്ചുള്ള ജീവിതശൈലി വെടിഞ്ഞ്, ദൈവസന്നിധിയില്‍ ശിരസ്സുനമിച്ച് ആരാധനയും പ്രാര്‍ത്ഥനയും സമര്‍പ്പിക്കുന്ന അനുഗ്രഹത്തിന്‍റെ ദിനങ്ങളാകട്ടെ! പാപ്പാ സന്ദേശത്തില്‍ ഇങ്ങനെ ആശംസിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിലെ വിശ്വാസസമൂഹത്തിനും സഭാനേതൃത്വത്തിനും ലിസ്‍ബണിലെ പാത്രിയര്‍ക്കിസിനും അനുമോദനവും പ്രാര്‍ത്ഥനനിറഞ്ഞ ആശംസകളും പാപ്പാ നേര്‍ന്നു. ലോകത്ത് കൂടുതല്‍ സമാധാനം സംലബ്ധമാകാന്‍ ഫാത്തിമാനാഥയുടെ സന്നിധിയിലെ ദിവ്യാകാരുണ്യദിനങ്ങള്‍ സഹായകമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് മെയ് 26-ാം തിയതി വ്യാഴാഴ്ച (on the Solemnity of Corpus Domini)  വത്തിക്കാനില്‍നിന്നും അയച്ച കത്ത് പാപ്പാ ഉപസംഹരിച്ചത്.

ഫാത്തിമായിലെ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിലേയ്ക്കുള്ള മറ്റു പേപ്പല്‍ പ്രതിനിധികള്‍ :  ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ റെക്ടര്‍, മോണ്‍സീഞ്ഞോര്‍ കാര്‍ളോ മാനുവല്‍,  പോര്‍ച്ചുഗലിലെ ദേശീയ മെത്രാന്‍ സമിതിയുടെ സെക്രട്ടറി, ഫാദര്‍ ജൊവാക്കിം ഗോമസ് എന്നിവരെയും കര്‍ദ്ദിനാള്‍ ജോസ് ബ്രാസ് ദെ ആവിസിനോടൊപ്പം പേപ്പല്‍ സംഘത്തില്‍ പാപ്പാ നിയോഗിച്ചിട്ടുണ്ട്.

 








All the contents on this site are copyrighted ©.