2016-06-08 19:20:00

സഭാ നവീകരണപദ്ധതിയുമായി കര്‍ദ്ദിനാള്‍ സംഘം – പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ ഒത്തുചേര്‍ന്നു


ആഗോളസഭയുടെ, വിശിഷ്യാ സഭയുടെ നവീകരണം, വിശിശ്യാ വത്തിക്കാനിലെ ഭരണസംവിധാനങ്ങളുടെ നവീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമായി സി-9 കര്‍ദ്ദിനാള്‍ സംഘം വത്തിക്കാനില്‍ സംഗമിച്ചത് ജൂണ്‍ 6, 7, 8 തിയതികളിലാണ്. ബുധനാഴ്ച 8-ാം തിയതി രാവിലെ പൊതുകൂടിക്കാഴ്ച സമയമൊഴിച്ചാല്‍, ചര്‍ച്ചകളില്‍ എല്ലാംതന്നെ പാപ്പാ സന്നിഹിതനായിരുന്നു. പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ ചെറിയ ഹാളിലാണ് സാധാരണയായി കര്‍ദ്ദിനാള്‍ C9 സംഘം സംഗമിക്കുന്നത്. ഇന്ത്യയില്‍നിന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പങ്കെടുത്തു. ഇത് 15-ാമത്തെ തവണയാണ് നവീകരണ ചിന്തകളുമായി കര്‍ദ്ദിനാള്‍ സംഘം പാപ്പായ്ക്കുചുറ്റും സംഗമിക്കുന്നത്. മെല്ലെയെങ്കിലും പലകാര്യങ്ങളും മുന്നോട്ടു പോകുന്നുണ്ടെന്നും മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വത്തിക്കാന്‍ റേഡിയോയുമായി പങ്കുവച്ചു.

ആരാധനക്രമ കാര്യങ്ങള്‍ക്കും, വിശുദ്ധരുടെ കാര്യങ്ങള്‍ക്കും, സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍റെ മൂന്നു സംഘങ്ങളെക്കുറിച്ചും (Congregations), പിന്നെ സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍, നീതി-സമാധാന കാര്യങ്ങള്‍, ആരോഗ്യപരിപാലകരുടെ പരിചരണം, പ്രവാസികാര്യങ്ങള്‍ എന്നിവയ്ക്കുള്ള നാലു പൊന്തിഫിക്കല്‍ കൗണ്‍സിലുകളെ  (Pontifical Councils) കുറിച്ചുമുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നവീകരണ തീരുമാനങ്ങള്‍ ഇത്തവണ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിശോധനയ്ക്കും പഠനങ്ങള്‍ക്കുമായി രേഖകളായി കര്‍ദ്ദിനാള്‍ സംഘം കൈമാറിയിട്ടുണ്ട്.

മേല്പറഞ്ഞ കാര്യാലയങ്ങളുടെ ലഘൂകരിക്കല്‍ അല്ലെങ്കില്‍ ക്രോഡീകരിക്കല്‍, ദേശീയ സമിതികളോടു ചേര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ വികേന്ദ്രീകരണം എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് അതാതു കാര്യാലയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും പുരോഗമിച്ചിട്ടുള്ളതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി ജൂണ്‍ 8-ാം തിയതി രാവിലെ റോമില്‍ ഇറക്കിയ പ്രസ്താവാനയിലൂടെ വ്യക്തമാക്കി.

വരുന്ന സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിലെ 12, 13, 14 തിയതികളില്‍ കര്‍ദ്ദിനാള്‍ സംഘം ഇനിയും തുടര്‍ചര്‍ച്ചകളുമായി പാപ്പായ്ക്കൊപ്പം വത്തിക്കാനില്‍ സംഗമിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ജൂണ്‍ 8-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.