2016-06-08 17:21:00

മൈക്കിളാഞ്ചലോയെക്കുറിച്ച് പഠനശിബിരം വത്തിക്കാനില്‍


വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പോളയില്‍ വിശ്വത്തര കലാകാരന്‍ മൈക്കിലാഞ്ചലോ സൃഷ്ടിചെയ്ത ചുവര്‍ചിത്രങ്ങളുടെ ഫോട്ടോകളുടെയും ചിത്രണങ്ങളുടെയും സിനിമകളുടെയും പ്രദര്‍ശനവും, പ്രബന്ധാവതരങ്ങളും ചര്‍ച്ചകളും ഉള്‍പ്പെടുന്നതാണ് ജൂണ്‍ 9-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ മ്യൂസിയം ഹാളില്‍ അരങ്ങേറുന്ന ഏകദിന പഠനശിബിരമെന്ന് മ്യൂസിയം ഡയറക്ടര്‍, അന്തോണിയോ പാവുളൂചി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ആദ്യകാല കറുപ്പും വെളുപ്പും ഫോട്ടോകളും, ചലചിത്രങ്ങളും, അത്യാധുനിക സാങ്കേതികതയുടെ വര്‍ണ്ണഫോട്ടോ ചിത്രണങ്ങളും വീഡിയോചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. രാജ്യാന്തരതലത്തില്‍ പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാരുടെയും സിനിമറ്റോഗ്രാഫര്‍മാരുടെയും ഡോക്യുമെന്‍ററി നിര്‍മ്മാതാക്കളുടെയും അത്യപൂര്‍വ്വ ശേഖരങ്ങളുടെ പ്രദര്‍ശനവും അവതരണങ്ങളും ഉള്‍പ്പെടുന്നതാണ് ഏകദിനപഠനശിബിരമെന്ന് പാവളൂച്ചി വ്യക്തമാക്കി.

സിസ്റ്റൈന്‍ കപ്പേളയുടെയും അവിടെയുള്ള മൈക്കിളാഞ്ചലോ സൃഷ്ടികളുടെയും വിവിധ കാലഘട്ടങ്ങളില്‍ നടന്നിട്ടുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം, വിശിഷ്യാ കപ്പേളയുടെ 2015-ല്‍ പൂര്‍ത്തീകരിച്ച താപനിയന്തണം, ഈര്‍പ്പനിയന്ത്ര​ണം പ്രകാശസംവിധാനങ്ങള്‍ അവയുടെ ക്രമീകരണങ്ങള്‍ എന്നിവയ്ക്കുശേഷം തയ്യാറാക്കിയിട്ടുള്ള സാങ്കേതിക ചിത്രങ്ങളും ചിത്രണങ്ങളും സെമിനാറില്‍ പഠനവിഷയമാക്കപ്പെടുമെന്ന് ജൂണ്‍ 6-ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ പാവുളൂച്ചി വ്യക്തമാക്കി. 

ഫ്ലോറന്‍സുകാരനായിരുന്ന മൈക്കിളാഞ്ചലോ ബുവനരോത്തി (1475-1564) 1512-ലാണ് സിസ്റ്റൈന്‍ കപ്പേള പൂര്‍ത്തീകരിച്ചത്. അദ്ദേഹം ചിത്രകാരന്‍ മാത്രമായിരുന്നില്ല, ശില്പിയും കവിയുമായിരുന്നു. ഒപ്പം ഒരു സംഗീതജ്ഞനുമായിരുന്നെന്ന് പാവുളൂച്ചി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.   വ്യാഴാഴ്ച അരങ്ങേറുന്ന സെമിനാറില്‍ മൈക്കളാഞ്ചലോയുടെ കവിതകള്‍ക്ക് പ്രശസ്ത സംഗീതജ്ഞന്‍ ദിമിത്രി ഷൊസ്റ്റോസ്കോവിക് 1974-ല്‍ രചിച്ച (1906-1975) സംഗീതശില്പം (Scored for Bass and Piano) വത്തിക്കാന്‍ മ്യൂസിയം ഹാളില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും ജൂബിലിവത്സരത്തിലെ മൈക്കിളാഞ്ചലോ അനുസ്മരണം സമാപിക്കുന്നതെന്ന് പാവളൂച്ചിയുടെ പ്രസ്താവ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.