2016-06-08 12:17:00

കാരുണ്യത്തിന്‍റെ പ്രഥമ അടയാളം കാനായിലെ വിവാഹവിരുന്നില്‍


പതിവുപോലെ, ഈ ബുധനാഴ്ചയും(08/06/16), ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണത്തില്‍ വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍  സമ്മേളിച്ചിരുന്നു. കതിരവന്‍ കതിര്‍ പരത്തിയ ചത്വരത്തിലേക്ക് പാപ്പാ, വെളുത്ത വാഹനത്തില്‍ എത്തിയപ്പോള്‍  ജനസഞ്ചയത്തിന്‍റെ   ആനന്ദാരവങ്ങളാലും ഗാനങ്ങളാലും അന്തരീക്ഷം മുഖരിതമായി.

ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, പതിവുപോലെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും തലോടുകയും ചുംബിക്കുകയും, മുതിര്‍ന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. ചിലര്‍ പാപ്പായ്ക്ക് സ്നേഹോപഹാരങ്ങളേകാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ  പാപ്പാ, തദ്ദനന്തരം സാവധാനം നടന്ന്  വേദിയിലെത്തി. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായ​ണം ചെയ്യപ്പെട്ടു. കാനായിലെ കല്യാണവിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കുന്ന അത്ഭുതസംഭവം ആയിരുന്നു വചനഭാഗം.

              മൂന്നാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു.യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല... യഹൂദരുടെ ശുദ്ധീകരണത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരകണികള്‍ അവിടെ ഉണ്ടായിരുന്നു. ഒരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പ്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്‍റെ  അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. എവിടെ നിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍ വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്ക് ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍ നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ.

യോഹന്നാന്‍റെ സുവിശേഷം അദ്ധ്യായം 2, ഒന്നു മുതല്‍ പത്തുവരെയുള്ള ഈ      വാക്യങ്ങള്‍ വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവരെയും സംബോധന ചെയ്തു.

എല്ലാവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ടാരംഭിച്ച തന്‍റെ പ്രഭാഷണം പാപ്പാ തുടര്‍ന്നതിങ്ങനെ......

       ഈ പ്രബോധനം തുടങ്ങുന്നതിനുമുമ്പ് ഞാന്‍, വിവാഹത്തിന്‍റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു കൂട്ടം ദമ്പതികള്‍ക്ക് ആശംസകളേകാന്‍ ആഗ്രഹിക്കുന്നു. നവദമ്പതികള്‍ പഠിക്കേണ്ടതായ സാക്ഷ്യമാണ് നിങ്ങളു‌ടേത്. നിങ്ങളു‌ടെ ഈ സാക്ഷ്യത്തിന് ഞാന്‍ നന്ദിപറയുന്നു.              

        കാരുണ്യത്തെ അധികരിച്ചുള്ള ഏതാനും ഉപമകള്‍ വിശകലനം ചെയ്ത നമ്മള്‍ ഇന്ന് ചിന്തിക്കുക യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളില്‍ ആദ്യ അത്ഭുതത്തെക്കുറിച്ചാണ്. അടയാളങ്ങള്‍ എന്നാണ് യോഹന്നാന്‍ സുവിശേഷകന്‍ ഈ അത്ഭുങ്ങളെ വിശേഷിപ്പിക്കുന്നത്. കാരണം യേശു അവ പ്രവര്‍ത്തിച്ചത് വിസ്മയമുണര്‍ത്താനല്ല, പന്നെയൊ, പിതാവിന്‍റെ സ്നേഹം വെളിപ്പെടുത്താനാണ്. ഈ വിസ്മയകരങ്ങളായ അടയാളങ്ങളില്‍ ആദ്യത്തേത് യോഹന്നാന്‍ രണ്ടാം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഗലീലിയിലെ കാനായിലാണ് ഇത് അരങ്ങേറുന്നത്. ഇത് ഒരു പ്രവേശന കവാടം പോലെയാണ്. ക്രിസ്തുരഹസ്യത്തെ മുഴുവന്‍ പ്രകാശമാനമക്കുകയും ശിഷ്യരുടെ ഹൃദയങ്ങളെ വിശ്വാസത്തിലേക്ക് തുറന്നിടുന്നതുമായ വാക്കുകളും പ്രയോഗങ്ങളും അതില്‍ കാണാം. നമുക്ക് അവയിലേക്കൊന്നു കണ്ണോടിക്കാം.

     ഈ സംഭവവിവരണത്തിന്‍റെ തുടക്കത്തില്‍ യേശുവും ശിഷ്യരും ഒരുമിച്ച് എന്ന പ്രയോഗം നാം കാണുന്നു. തന്നെ അനുഗമിക്കാന്‍ യേശു വിളിച്ചവരെയെല്ലാം അവിടന്ന് ഒരു കൂട്ടായ്മയായി തന്നോടുതന്നെ ബന്ധിച്ചിരിക്കുന്നു, ഇപ്പോള്‍ ഒരു കുടുംബമെന്നപോലെ അവരെല്ലാം ഒരുമിച്ച് കല്ല്യാണത്തിന് ക്ഷണിക്കപ്പെട്ടിരിക്കുന്നു. കാനായിലെ കല്ല്യാണവിരുന്നില്‍ യേശു പരസ്യജീവിതം ആരംഭിക്കുന്നത് വഴി അവിടന്ന് പ്രവാചകന്മാര്‍ അറിയിച്ച ദൈവജനത്തിന്‍റെ മണവാളനായി സ്വയം ആവിഷ്ക്കരിക്കുകയും അവിടന്നുമായി നമ്മെ ഐക്യപ്പെടുത്തുന്ന ആ ബന്ധത്തിന്‍റെ  ആഴം നമുക്കു വെളിപ്പെട്ടുത്തിത്തരുകയും ചെയ്യുന്നു. അത് സ്നേഹത്തിന്‍റെ പുതിയ ഉടമ്പടിയാണ്. നമ്മുടെ വിശ്വാസത്തിന്‍റെ അടിത്തറ എന്താണ്? ഒരു കാരുണ്യപ്രവൃത്തി വഴിയാണ് യേശു നമ്മെ അവിടത്തോടു ബന്ധിച്ചിരിക്കുന്നത്. ക്രൈസ്തവജീവിതം ഈ സ്നേഹത്തിനുള്ള പ്രത്യുത്തരമാണ്, അത് പ്രണയജോഡികളുടെ കഥപോലെയാണ്. ദൈവവും മനുഷ്യനും തമ്മില്‍ കണ്ടുമുട്ടുന്നു, പരസ്പരം അന്വേഷിക്കുന്നു, ആഘോഷിക്കുന്നു, സ്നേഹിക്കുന്നു.

     അവര്‍ക്ക് വീഞ്ഞില്ല എന്ന പരിശുദ്ധകന്യകാമറിയത്തിന്‍റെ നിരീക്ഷണം ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മിശിഹായ്ക്കടുത്ത വിരുന്നിന്‍റെ തനതായ ഘടകമായി പ്രവാചകന്മാര്‍ സൂചിപ്പിച്ചിരിക്കുന്ന വീഞ്ഞ്  ഇല്ലാതെവന്നാല്‍ എങ്ങനെ കല്ല്യാണവിരുന്ന് ഒരുക്കാനാകും, ആഘോഷിക്കാന്‍ സാധിക്കും? ജലം ജീവിക്കാന്‍ ആവശ്യമായ ഘടകമാണ്, എന്നാല്‍ വീഞ്ഞാകട്ടെ വിരുന്നിന്‍റെ സമ്പുഷ്ടതയെയും ഉത്സവത്തിന്‍റെ ആനന്ദത്തെയും ആവിഷ്ക്കരിക്കുന്നു. വീഞ്ഞിന്‍റെ അഭാവം അനുഭവപ്പെടുന്ന ഒരു വിവാഹവിരുന്നു. നവദമ്പതികള്‍ക്ക് അത് നാണക്കേടാണ്, ആ ആഘോഷത്തിന് വീഞ്ഞ് ആവശ്യമാണ്. യഹൂദാചാരപ്രകാരമുള്ള ശുദ്ധീകരണത്തിനായുള്ള കല്‍ഭരണിയിലെ വെള്ളം വീഞ്ഞാക്കി മാറ്റുകവഴി യേശു വാചാലമായ ഒരു അടയാളം പ്രവര്‍ത്തിക്കുകയായിരുന്നു, അതായത്, മോശയുടെ നിയമത്തെ സന്തോഷസംവാകയായ സുവിശേഷമാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു.

   മറിയം പരിചാരകരോടു പറയുന്ന വാക്കുകള്‍ അതായത്,  അവന്‍ പറയുന്നത് ചെയ്യുവിന്‍ - മറിയം പറഞ്ഞതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന  അവസാനത്തെ വാക്കുകളാണ്. നമുക്കായി നല്കപ്പെട്ടിരിക്കുന്ന പൈതൃകമാണ് ഈ വാക്കുകള്‍. ഈ കല്പന സഭയുടെ ജീവിത പരിപാടിയായി പ്രയോജനപ്പെടും. കര്‍ത്താവിനോടുള്ള സ്നേഹം നവീകരിക്കാനും അവിടത്തെ മുറിവുകളില്‍നിന്ന് പുത്തന്‍ വീഞ്ഞും പുതു ജീവനും സ്വീകരിക്കാനും നാം നിരന്തരം വിളിക്കപ്പെ‌ടുന്നു.

     കാനായില്‍ യേശുവിന്‍റെ ശിഷ്യര്‍ അവിടത്തെ കുടുംബമായിത്തീരുന്നു. ആ കാനായിലാണ് സഭയുടെ വിശ്വാസം ജന്മംകൊള്ളുന്നത്. ആ വിവാഹവിരുന്നിലേക്ക് നാമെല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു, എന്തെന്നാല്‍, പുതിയ വീഞ്ഞിന്‍റെ അഭാവം ഇനി ഉണ്ടാകാന്‍ പാടില്ല. നന്ദി.

          പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളി‍ല്‍ വായിക്കപ്പെട്ടു.

ആംഗലഭാഷാക്കാരെ സംബോധനചെയ്യവെ പാപ്പാ ഇന്ത്യയും ചൈനയുമുള്‍പ്പടെയുള്ള രാജ്യാക്കാരെ പ്രത്യേകം അനുസ്മരിച്ചു.

ജര്‍മ്മന്‍ ഭാഷാക്കാരുടെ ഗണത്തില്‍ അന്നാട്ടിലെ പാദ്രെബോണ്‍ അതിരൂപതാംഗങ്ങളായ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഒരു സംഘം വൈദികരും ഉണ്ടായിരുന്നു. അവര്‍ക്ക് പാപ്പാ ആശംസകളേകുകയും ചെയ്തു.

 പാപ്പാ പതിവുപോലെ ഇറ്റാലിയന്‍ ഭാഷാക്കാരെയും അഭിവാദ്യം ചെയ്തു. സമാധാനദീപശിഖയുമായി മച്ചെറാത്ത -ലൊറേത്തൊ തീര്‍ത്ഥാടനം നടത്തുന്ന യുവകായികതാരങ്ങളുടെ ഒരു സംഘത്തെയും, വിന്‍സന്‍റ് ഡി പോള്‍ സംഘത്തിന്‍റെ  പ്രതിനിധികളെയും, ഇതര സംഘങ്ങളെയും, യുവജനങ്ങളെയും രോഗികളെയും നവദമ്പതികളെയും പാപ്പാ പ്രത്യേകം സംബോധനചയ്തു.

     സമാധാനത്തിനായി ഒരു നിമിഷം എന്ന ശീര്‍ഷകത്തില്‍ ഈ ബുധനാഴ്ച(08/06/16) പ്രത്യേക പ്രാര്‍ത്ഥനനടത്തുന്ന ഇറ്റലിയിലെ കത്തോലിക്ക പ്രവര്‍ത്തന പ്രസ്ഥാനത്തിനും പാപ്പാ ആശംസകളേകി.

  പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്ത‍ൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.