2016-06-06 17:01:00

‍കാരുണ്യത്തിന്‍റെ നവവിശുദ്ധര്‍ ഹെസല്‍ബ്ലാ‍ഡും ‘പാപ്സിന്‍സിക്കി’യും


രണ്ടു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം ജൂണ്‍ 5-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്നു. വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കി പോളണ്ടുകാരനായ സന്ന്യാസവൈദികനാണ്. വിശുദ്ധ എലിസബത്ത് ഹെസല്‍ബ്ലാഡ് സ്വീഡന്‍കാരിയുമാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മങ്ങള്‍ വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ ഉമ്മറത്തെ വിസ്തൃതമായ ചത്വരത്തിലാണ് നടത്തപ്പെട്ടത്. 40,000-ത്തോളം പേര്‍ പങ്കെടുത്തു. പോളണ്ടിന്‍റെ പ്രസിഡന്‍റ്, അന്തെ ഡൂഡായും പ്രതിനിധിസംഘവും സന്നിഹിതരായിരുന്നു. അതുപോലെ സ്വീഡന്‍റെ രാഷ്ട്രപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

  1. യേശുവിന്‍റെയും മറിയത്തിന്‍റെയും വിശുദ്ധ സ്റ്റനിസ്ലാവൂസ് (Stanislaus  of Jesus and Mary):

‘പാപ്സിന്‍സ്ക്കി’ എന്ന അപരനാമത്താല്‍ വിഖ്യാതനായ വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലാവുസ് 1631-പോളണ്ടില്‍ ജനിച്ചു. പിയരിസ്റ്റ് സഭയിലാണ് ആദ്യം സന്ന്യാസ വൈദികനായത്. ആതുരസേവനത്തില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ഒരു സഭ സ്ഥാപിക്കാന്‍ പിയരിസ്റ്റ് സന്ന്യാസ സമൂഹം വിട്ട് അദ്ദേഹം നവമായ പ്രേഷിതസമൂഹത്തിന് തുടക്കംകുറിച്ചു.

അമലോത്ഭവ നാഥയുടെ ദാസന്മാരുടെ സന്ന്യാസസഭയാണ് പാപ്സിന്‍സിക്കി സ്ഥാപിച്ചത്. സമകാലീന സമൂഹത്തില്‍ യുദ്ധം, വസന്തകള്‍, ദാരിദ്ര്യം എന്നവയില്‍പ്പെട്ടു ക്ലേശിക്കുന്നവരെ സഹായിക്കുകയായിരുന്നു പുതിയ സഭയുടെ ദൗത്യം (Institute of the Marians of Immaculate Conception). 1699-ല്‍ പാപ്സിന്‍സ്ക്കിയുടെ പുതിയ സഭയ്ക്ക് അംഗീകാരം ലഭിച്ചു. പാവങ്ങളെയും നിര്‍ദ്ധനരെയും  മരണംവരെ ശുശ്രൂഷിക്കണം. ഇതായിരുന്നു വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കിയുടെ പ്രേഷിതദൗത്യവും വിശുദ്ധിയുടെ രഹസ്യവും. 1701-ല്‍ അദ്ദേഹം മരണമടഞ്ഞു.

  1. വിശുദ്ധ എലിസബത്ത്  ഹെസല്‍ബ്ലാഡ് (Maria Elizabeth Hasselblad of Sweden) :

1870—ല്‍ സ്വീഡനില്‍ ജനിച്ച ഹെസല്‍ബ്ലാഡ് യുവതിയായിരിക്കെ അമേരിക്കയില്‍ പോയി രോഗീപരചരണ മേഖലയില്‍ പരിശീലനം നേടി. അവിടെ ഏറെനാള്‍ സേവനംചെയ്തു. ലൂതറന്‍ സഭയില്‍നിന്നും കത്തോലിക്കാവിശ്വാസം സ്വീകരിച്ച വനിതയാണ് ഹെസല്‍ബ്ലാഡ്. യൗവനകാലം മുതല്‍ തന്‍റെ ജന്മദേശക്കാരിയായ വിശുദ്ധ ബ്രിജീത്തയുടെ ആത്മീയചൈതന്യം ഹെസല്‍ബ്ലാഡിനെ പ്രചോദിപ്പിച്ചിരുന്നു. ദൈവം തന്നെ പ്രത്യേകമായി വിളിക്കുന്നു എന്ന ഉള്‍ക്കാഴ്ച ലഭിച്ചവള്‍, ബ്രിജിറ്റൈന്‍ സഭയുടെ ആദ്ധ്യാത്മികതയെ പുനര്‍ഗ്രഥനംചെയ്തുകൊണ്ട്, കൂടുതല്‍ ധ്യാനാത്മക ചൈതന്യമുള്ള സന്ന്യാസിനി സമൂഹം (Order of St. Bridget) സ്ഥാപിച്ചു (Refounded).  അത് 1911-ല്‍ ആയിരുന്നു.

സ്വീ‍ഡനിലെ ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനും മാനസാന്തരത്തിനുംവേണ്ടിയായിരുന്നു ഹെസല്‍ബ്ലാ‍‍‍ഡ് സഭ സ്ഥാപിച്ചത്. എന്നാല്‍ കാലഘട്ടത്തിന് അനുസൃതമായി സ്വീഡന്‍റെ അന്നത്തെ സമൂഹിക പശ്ചാത്തലത്തില്‍ ചെയ്യേണ്ടിവന്ന തീവ്രമായ ഉപവി പ്രവര്‍ത്തനങ്ങളാണ് ഹെസല്‍ബ്ലാഡിനെ വിശുദ്ധിയുടെ പാതയില്‍ നയിച്ചത്. യുദ്ധത്തിന്‍റെ കെടുതിയില്‍പ്പെട്ടവരെ, വിശിഷ്യ ഏറെ പീഡിപ്പിക്കപ്പെടുകയും മുറിപ്പെടുകയുംചെയ്ത യഹൂദ സമൂഹത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച പുണ്യവതിയാണ് എലിസബത്ത് ഹെസല്‍ബ്ലാഡ്! 1957-ല്‍ അന്തരിച്ചു.

ഏകദേശം 600 വര്‍ഷങ്ങള്‍ നീണ്ട കാലപരിധിക്കുശേഷമാണ് സ്വീഡനില്‍ന്നും ഒരു പുണ്യാത്മാവു പിറവിയെടുത്തത്.








All the contents on this site are copyrighted ©.