2016-06-03 08:15:00

പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്കു നല്കിയ ധ്യാനം (ഒന്ന്): അജപാലകന്‍റെ കാരുണ്യവീക്ഷണം


കാരുണ്യത്തിന്‍റെ ജൂബിലിയാഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ വൈദികര്‍ക്കും വൈദികവിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ധ്യാനം ജൂണ്‍ 2-ാം തിയതി വ്യാഴാഴ്ചയായിരുന്നു. പ്രാദേശിക സമയം രാവിലെ 10, 12 പിന്നെ വൈകുന്നേരം 4 മണിക്ക് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് പാപ്പാ വൈദികരെ ധ്യാനിപ്പിച്ചത്.

റോമിലുള്ള മേരി മെയ്ജര്‍, സെന്‍റ് പോള്‍സ്, ലാറ്ററന്‍ ബസിലിക്കകളില്‍ മൂന്നു ഗ്രൂപ്പുകളായിട്ടാണ് വൈദകരും വൈദികവിദ്യാര്‍ത്ഥികളും സമ്മേളിച്ചത്. ഭദ്രാസന ദേവാലയമായ ലാറ്ററന്‍ ബസിലക്കിയിലാണ് ആദ്യ ധ്യാനത്തിന് പാപ്പാ ഫ്രാന്‍സിസ് എത്തിചേര്‍ന്നത്. ഡിജിറ്റല്‍ മാധ്യമ ശൃംഖലയിലൂടെ പാപ്പായുടെ ഇറ്റാലിയനിലുള്ള ധ്യാനപ്രസംഗം ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. വൈദികര്‍ മറ്റു രണ്ടു ബസിലിക്കകളി‍ല്‍ ഭീമന്‍ സ്ക്രീനുകളിലൂടെ പാപ്പായെ കാണുകയും ശ്രവിക്കുകയും ചെയ്തു.

പാപ്പാ നല്കിയ മൂന്നു ധ്യാങ്ങളില്‍ ആദ്യത്തേതിന്‍റെ പ്രസക്തഭാഗങ്ങള്‍ മാത്രം ചുവടെ ചേര്‍ക്കുന്നു:  വൈദികരുടെ അജപാലന ജീവിതത്തില്‍ കാരുണ്യത്തിനുള്ള പ്രസക്തിയെയും അനിവാര്യതയെയും കുറിച്ചായിരുന്നു പ്രഥമ ധ്യാനം.

  1. മൂന്നു നിര്‍ദ്ദേശങ്ങള്‍

കാരുണ്യത്തിന് അമ്മയുടെ സ്നേഹാര്‍ദ്രമായ സ്ത്രൈണഭാവവും പിതാവിന്‍റെ പതറാത്ത വിശ്വസ്തതയുമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്. കാരുണ്യം പരോന്മുഖമാണ്. മറ്റുള്ളവരിലേയ്ക്കു നമ്മെ അതു നയിക്കുന്നു. തന്നില്‍നിന്നും മറ്റുള്ളവരിലേയ്ക്കു നാം കാരുണ്യത്തോടെ നീങ്ങുന്നു. കാരുണ്യം സ്വീകരിക്കുന്നവര്‍ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. ഹൃദയത്തില്‍ ഉതിരുന്ന കാരുണ്യം ധ്യാനാത്മകമാണെങ്കിലും പ്രവൃത്തിബദ്ധമാണ്. Contemplative in action എന്ന സംജ്ഞ പാപ്പാ വിശദീകരിച്ചു. കാരുണ്യത്താല്‍ പ്രചോദിതരായി അപരനിലേയ്ക്കും സഹോദരങ്ങളിലേയ്ക്കും ഇറങ്ങിചെല്ലുന്നവര്‍ (descend)  ദൈവികപൂര്‍ണ്ണതയില്‍ ഉയര്‍ത്തപ്പെടും (ascend). അങ്ങനെ എളിയ മനുഷ്യന്‍ കരുണയുള്ള പിതാവിനെപ്പോലെ ആയിത്തീരുന്നു. സ്ഥാപനവത്കൃതമായ സ്വാര്‍ത്ഥ മനഃസ്ഥിതിയില്‍നിന്നുമുള്ള മാനസാന്തരം കാരുണ്യത്തിന്‍റെ ഫലപ്രാപ്തിയാണ്.

കാരുണ്യത്തിന്‍റെ താക്കോല്‍ പ്രവൃത്തിബദ്ധമാകുന്ന ജീവിതവും അതിന്‍റെ ബലതന്ത്രവുമാണ്. അതിനാല്‍ സുവിശേഷകാരുണ്യം വളര്‍ന്നു വലുതാകുന്നതാണെന്നും അപരനിലേയ്ക്ക് വഴിഞ്ഞൊഴുകുന്നതാണെന്നും പാപ്പാ സ്ഥാപിച്ചു ( mercy that is ever greater, from good to better and less to more). ദൈവത്തിന്‍റെ പിതൃസ്നേഹം അതിരില്ലാത്ത പ്രതിഭാസമാണ്. അവിടുത്തെ കാരുണ്യം പതറാത്തതും അസ്തമിക്കാത്തതുമാണ്. ക്രിസ്തുവില്‍ ലോകത്തിന് ദൃശ്യമായത് പിതാവിന്‍റെ കരുണാര്‍ദ്ര ഭാവംതന്നെയാണ്.

  1. കാരുണ്യം നല്കുന്ന സ്വാതന്ത്ര്യം

ബന്ധനത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വളര്‍ച്ചയാണ് കാരുണ്യം. പാപ്പാ ധൂര്‍ത്തപുത്രന്‍റെ ഉപമ തന്മയത്വത്തോടെ വ്യാഖ്യാനിച്ചു. പിതാവിന്‍റെ കാരുണ്യത്തെക്കുറിച്ചുള്ള ചിന്തയാണ് മകനില്‍ ഗൃഹാതുരത്വം വളര്‍ത്തിയത്. കാരുണ്യം വളര്‍ത്തുന്ന ശക്തമായ വികാരവും ആത്മാവിന്‍റെ വളര്‍ച്ചുമാണത്. ചെറുപ്പക്കാരന് സുബോധം വന്നു. തന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് അവന് അവബോധമുണ്ടായി. അവബോധം മാനസാന്തരമായി. ഏകാകിയും വിവശനുമായിരുന്നവന്‍ ഇതാ, ഉടുത്തുകെട്ടി പിതാവിന്‍റെ ഭവനത്തിലെ കൂട്ടായ്മയില്‍ എത്തിച്ചേരുന്നു.  വീട്ടിലെത്തിയപ്പോള്‍ നല്ലവസ്ത്രം അണിഞ്ഞ്, മോതിരമണിഞ്ഞ്, ചെരിപ്പു ധിരിച്ച് വിരുന്നമേശയില്‍ ഇരുന്ന ചെറുപ്പക്കാരനെപ്പോലയല്ലേ, ബലഹീനനായ വൈദികന്‍ അണിഞ്ഞൊരുങ്ങി ദൈവജനത്തിന്‍റെമദ്ധ്യേ നില്ക്കുന്നത്...!? പാപ്പാ കൂട്ടിച്ചര്‍ത്തു.

  1. കാരുണ്യം തരുന്ന അന്തസ്സ്

പാപാവസ്ഥയില്‍നിന്നും നമ്മെ മോചിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ രക്തമാണ്. അവിടുത്തെ സ്വയാര്‍പ്പണമാണ്. നമ്മുടെ സ്വന്തമായ കരുത്തോ കഴിവോ, മേന്മയോ അല്ല. അനുതാപം ദൈവികദാനമാണ്. അനുതാപത്തിലൂടെ നമുക്കൊരു അന്തസ്സു ലഭിക്കുന്നു - ദൈവമക്കളുടെ അന്തസ്സ്. എന്നിലെ ബലഹീനന്‍ എപ്പോഴും  ഉളിഞ്ഞിരിക്കുകയാണ്. ശീമോന്‍ പത്രോസിനെപ്പോലെ കളവു പറയുന്നതും, തള്ളിപ്പറയുന്നതും തന്നിലെ ശീമോനാണ്. എന്നാല്‍ ക്രിസ്തു വിളിച്ച അതേ വ്യക്തിത്വത്തിലെ പത്രോസ്, പാറയാണ്. അപ്പസ്തോലക്കൂട്ടായ്മയ്ക്ക് ബലവും കരുത്തുമാണ്. ക്രിസ്തു കാരുണ്യത്തോടെ വിളിച്ചു ബലപ്പെടുത്തിയ പത്രോസാണത്! ശുശ്രൂഷകന്‍റെ വിനീതമായ പാപാവ്സ്ഥയിലും (utter shame) ബലഹീനതയിലുമാണ് ക്രൈസ്തവപദവിയുടെയും, പൗരോഹിത്യപട്ടത്തിന്‍റെയും ലോലമായ അന്തസ്സ് (sublime dignity) നമുക്കു ലഭിച്ചിരിക്കുന്നത്.

കാരുണ്യത്തില്‍ സ്വാതന്ത്ര്യമുണ്ട്. കാരുണ്യത്തിന്‍റെ ധാര്‍മ്മികത ബൗദ്ധികമെന്നതിനെക്കാള്‍ വൈകാരികമാണ്. അതിനാല്‍ കാരുണ്യത്തിന്‍റെ അനുഭവം സ്വതന്ത്രമായി വ്യക്തി ഉള്‍ക്കൊള്ളുകയോ വളര്‍ത്തുകയോ നിരസിക്കയോ ചെയ്യാം. എന്നാല്‍ കരുണയില്ലാത്ത, കരുണ നിഷേധിക്കുന്ന അവസ്ഥ ധാര്‍മ്മിക പാപ്പരത്വമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ധൂര്‍ത്തപുത്രനെപ്പോലെ പന്നിക്കൂട്ടിലെ അഴുക്കിലായിരിക്കുന്ന അവസ്ഥയാണതെന്ന് പാപ്പാ പ്രസ്താവിച്ചു.

  1. കാരുണ്യത്തിന്‍റെ ധാരാളിത്തം

കാരുണ്യവുമായി മറ്റുള്ളവരിലേയ്ക്ക് – സമൂഹത്തിലേയ്ക്ക് വിശിഷ്യാ പാവങ്ങളിലേയ്ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്കും ഇറങ്ങിത്തിരിക്കുമ്പോള്‍ നമ്മില്‍ അഴുക്കുപറ്റും, സംശയമില്ല! കാരുണ്യപ്രവൃത്തി, അതിനാല്‍ നീതിയെ അതിലംഘിക്കുന്നതാണ്.  നല്ല പിതാവ്, കരുണാര്‍ദ്രനായ പിതാവ് അതുകൊണ്ടാണ് ധൂര്‍ത്തപുത്രന്‍റെ തിരുച്ചുവരവ് ആഘോഷിച്ചത്. മൂത്തവന്‍റെ നീതിന്യായ വാദങ്ങളെ അവഗണിച്ചും പിതാവ് ഇളയവന്‍റെ തിരുച്ചുവരവ് ഘോഷിച്ചു. നിസ്സഹായനും നിസ്സാരനുമായവനെ അമ്പരപ്പിക്കുന്നതാണ് കാരുണ്യപ്രവര്‍ത്തി അല്ലെങ്കില്‍ കാരുണ്യസ്പര്‍ശം. കാരുണ്യം സ്വീകരിക്കുന്ന വ്യക്തി അനുഭവിക്കുന്ന ലജ്ജയുടെ വിഷമം ഊഹിക്കാമെങ്കിലും, കാരുണ്യത്തിന്‍റെ ധാരാളിത്തം അതിനെ വെല്ലുന്നതാണ്. മനുഷ്യന്‍റെ ബലഹീനതയെയും പാപാവസ്ഥയെയും വെല്ലുന്നതാണ് ദൈവത്തിന്‍റെ മനുഷ്യരോടുള്ള അപാരമായ കാരുണ്യവും സ്നേഹവും! കലവറയില്ലാത്തതും നമ്മുടെ അന്തസ്സിനെ മറികടക്കുന്നതുമായ ദൈവിക കാരുണ്യത്തോട് പ്രതികരിക്കേണ്ടത് അത് മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടാണ്. ‘കരുണയുള്ള പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാം’! 

ദാവീദു രാജാവിന്‍റെ കാരുണ്യത്തിന്‍റെ സ്തുതിപ്പ്, സങ്കീര്‍ത്തനം 50 പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ ആദ്യധ്യാനം ഉപസംഹരിച്ചത്.

(for original Discourse cf. www.im.va)

 

 








All the contents on this site are copyrighted ©.