2016-05-30 19:12:00

വന്നവഴി മറന്നുപോകരുത് : പാപ്പാ ഫ്രാന്‍സിസിന്‍റെ വചനവിചാരം


ദൈവിക നന്മകളെക്കുറിച്ച് ഓര്‍മ്മയുള്ളവരും പ്രതിനന്ദിയുള്ളവരുമായിരിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 30-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.

നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ സഭാമക്കള്‍ ഒതുങ്ങിപ്പോകാതെ ദൈവികനന്മകളോട്  പ്രതിനന്ദിയുള്ളവരും, പ്രവാചകവാക്യങ്ങളുടെ ബലതന്ത്രം ഉള്‍ക്കൊള്ളുന്നവരും, ദൈവികവാഗ്ദാനങ്ങളില്‍ പ്രത്യാശയുള്ളവരുമായി ജീവിക്കാന്‍ വചനാധിഷ്ഠിതമായി പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവ ജീവിതത്തില്‍ ദൈവാത്മാവിന്‍റെ ചൈതന്യവും ദൈവിക വാഗ്ദാനങ്ങളിലുള്ള പ്രത്യാശയും കെടുത്തിക്കളയുന്നത് നിയമത്തിന്‍റെ ചട്ടക്കൂടും ബന്ധനങ്ങളുമാണ് (2പത്രോസ് 1, 2-7). ഇത്രയും പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

മുന്തിരിത്തോപ്പിലെ മര്‍ദ്ദകരും കൊലപാതകികളുമായ വേലക്കരുടെ കഥയില്‍നിന്നും നിയമജ്ഞന്മാരും ഫരീസേയരും എങ്ങനെ തന്നെ വകവരുത്താന്‍ ശ്രമിച്ചു എന്നാണ് ക്രിസ്തു പറഞ്ഞത് (മാര്‍ക്ക് 12, 1-12). ഫലപുഷ്ടമായ മുന്തിരിത്തോപ്പ് പാട്ടത്തിനു കൊടുത്ത യജമാനന്‍ കരം പിരിക്കാന്‍ കാലമായപ്പോള്‍ ദാസന്‍മാരെ അയച്ചു, ഭൃത്യന്മാരെയെല്ലാം തോട്ടത്തിലെ വേലക്കാര്‍ മര്‍ദ്ദിച്ച്, ഭീഷണിപ്പെടുത്തി ഒന്നും കൊടുക്കാതെ തിരിച്ചയച്ചു. അവസാനം  മകനോട് അവര്‍ മാന്യമായി പെരുമാറുമെന്നു കരുതി യജമാനന്‍ അവനെ പറഞ്ഞയക്കുന്നു. അവകാശിയായവനെ വകവരുത്തി എല്ലാം കൈക്കലാക്കാമെന്നായിരുന്നു സ്വാര്‍ത്ഥരും അതിക്രമികളുമായ ദാസന്മാരുടെ തീരുമാനം. കഥയുടെ ഉച്ചസ്ഥായിയാണിത്.  

  1. ദൈവികനന്മകള്‍ മറക്കരുത്:

ദൈവിക നന്മകള്‍ മറന്നും, അവയെക്കുറിച്ച് ഓര്‍മ്മയും നന്ദിയുമില്ലാത്ത, പ്രത്യാശയറ്റ ജനതയാണ് നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ എല്ലാം ഒതുക്കിനിര്‍ത്തിയിട്ട് അവര്‍ സ്നേഹമില്ലാത്ത ജനമായി മാറുന്നു. പ്രവാചകന്മാരെയും ദൈവത്തിന്‍റെ സേവകരെയും അവര്‍ ഇല്ലായ്മ ചെയ്തു. നിയമങ്ങള്‍കൊണ്ടു വളച്ചുകെട്ടിയ വേലിക്കെട്ടിന്‍റെ അലംഭാവമായ സുരക്ഷിതത്വത്തിലാണ് അവര്‍ ജീവിക്കുന്നത് ( a closed legal system) പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ നിയമത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും കേസുകള്‍ പഠിച്ചും പഠിപ്പിച്ചും ജീവിക്കുന്നവര്‍ പൂര്‍ണ്ണമായും അരുപിയോടും അവിടുത്തെ സ്വാതന്ത്ര്യത്തിന്‍റെ ചലനങ്ങളോടും പ്രതികരിക്കാത്ത കഠിനഹൃദയരായി മെല്ലെ മാറുമെന്നും പാപ്പാ പ്രസ്താവിച്ചു.  അവര്‍ ദൈവവികദാനങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുകയോ, അരൂപിയുടെ വരദാനങ്ങളോടു തുറവു കാണിക്കുകയോ ചെയ്യാതെ, ദൈവവാത്മാവിനോടും അവിടുത്തെ ചൈതന്യത്തോടും നിസംഗരായി ജീവിക്കുന്നു. കാരണം ദൈവിക വാഗ്ദാനങ്ങളുടെ പ്രത്യാശ ഒട്ടും ഇല്ലാത്തവരാണവര്‍. ഇത്തരക്കാര്‍ അഴിമതിക്കും ലൗകായത്വത്തിനും ലൗകികാസ്ക്തിക്കും കീഴ്പ്പെട്ടവരാണെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.

        2.    നന്മകളെക്കുറിച്ചുമുള്ള ഓര്‍മമകളാണ് നമ്മെ നയിക്കേണ്ടത്:

ജീവിത ലക്ഷ്യങ്ങളെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും ഓര്‍മ്മ  ക്ഷയിച്ചവരായാല്‍ നാം പ്രത്യാശയറ്റവും സ്വാര്‍ത്ഥമായ സുരക്ഷിതത്വത്തിലും സുഖലോലുപതയിലും മുഴുകി ജീവിക്കുന്നവരുമായി മാറും. പാപ്പാ വ്യക്തമാക്കി. ദൈവിക നന്മയുടെയും വാഗ്ദാനങ്ങളുടെയും ഓര്‍മ്മയാണ് നമ്മെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തില്‍, നന്മയുടെ സ്വാതന്ത്ര്യത്തില്‍ നിലനിര്‍ത്തേണ്ടത്. തന്‍റെ മരൂഭൂമിയനുഭവത്തില്‍ ക്രിസ്തു ഈ പ്രലോഭനങ്ങള്‍ക്ക് വിധേയനായതും, അതിനെ മറികടന്നതും പാപ്പാ വചനസമീക്ഷയില്‍ അനുസ്മരിച്ചു. തന്‍റെ വിളിയെക്കുറിച്ചും ജീവിതദൗത്യത്തെക്കുറിച്ചും ബോധവാനായ ക്രിസ്തുവാണ് പ്രലോഭനങ്ങളെ അതിജീവിച്ച് ദൈവരാജ്യദൗത്യവുമായി പരസ്യജീവിതം ആരംഭിക്കുന്നത്.

നിയമത്തിന്‍റെ അടിമത്വത്തെക്കുറിച്ചും, കൃപയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പൗലോശ്ലീഹാ പ്രബോധിപ്പിക്കുന്നത് പാപ്പാ പ്രഭാഷണമദ്ധ്യേ അനുസ്മരിച്ചു. പ്രത്യാശ കൈവെടിയാതെ പ്രവാചകശബ്ദം കേള്‍ക്കുകയും ദൈവികവാഗ്ദനാങ്ങള്‍ക്ക് കാതോര്‍ത്തു മുന്നേറുകയും ചെയ്യുന്നവരാണ് സ്വാതന്ത്ര്യമനുഭവിക്കുന്ന ദൈവജനം.

       3.  വന്നവഴി മറന്നുപോകരുത്:

ഉപമയിലെ സമ്പന്നമായതും പുകഴ്ചയുള്ളതുമായ മുന്തിരിത്തോട്ടം സഭയാണ്. അത് സഭയുടെ പ്രതീരൂപമാണെന്ന് പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ചു. അതിലെ ജോലിക്കാര്‍ സഭാമക്കളായ നമ്മളാണ്. യജമാനനായ ദൈവം കാണിച്ച കാരുണ്യത്തോടും ആര്‍ദ്രമായ സ്നേഹത്തോടും വിഘടിച്ചുനിന്നില്ക്കുന്ന, ദൈവം തന്ന ദാനങ്ങളെക്കുറിച്ച് ഓര്‍മ്മയില്ലാത്ത, ദൈവിക നന്മകളോട് നന്ദിയില്ലാത്ത ദാസന്മാരുടെ പ്രതീബിംബങ്ങളാണ് നാം മുന്തിരത്തോട്ടത്തിലെ ജോലിക്കാരില്‍ കാണേണ്ടത്.

വേരുകള്‍ വിട്ടുപോകരുതെന്നും, വന്നവഴി മറന്നുപോകരുതെന്നും പാപ്പാ ആവര്‍ത്തിച്ചു. ജീവിതവഴികളില്‍ ദൈവം തന്ന നന്മകളെ ഓര്‍ക്കുന്നുണ്ടോ? ദൈവികവാഗ്ദാനങ്ങള്‍ക്കും പ്രവാചകശബ്ദത്തിനും നാം കാതോര്‍ക്കുന്നുണ്ടോ? പരിമിതികളെയും ചുറ്റുമുള്ള പ്രതിബന്ധങ്ങളുടെ വേലിക്കെട്ടുകളെയും താണ്ടി മുന്നേറേണ്ടതുണ്ട്! നിയമത്തിന്‍റെ ചട്ടക്കൂട്ടിലോ കുരുക്കിലോ വീണുപോകാന്‍ ഇടയുണ്ടെന്നും പാപ്പാ താക്കീതു നല്കി. പൂര്‍വ്വപിതാവായ അബ്രാഹത്തെപ്പോലെ വിളിച്ചവന്‍ നയിക്കും എന്ന പ്രത്യാശയില്‍... എവിടെയാണ് പോകുന്നതെന്നോ, എങ്ങനെയാണു പോകേണ്ടതെന്നോ ഉള്ള ആശങ്കയില്ലാതെ മുന്നേറാം, വൈദികവാഗ്ദനങ്ങള്‍ ഓര്‍ത്തും, നന്മകള്‍ക്ക് പ്രതിനന്ദിയുള്ളവരായും,  പ്രത്യാശകൈവെടിയാതെ (മൂന്നുകാര്യങ്ങളില്‍ ഉറച്ച്) അനുദിനം ജീവിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.