2016-05-28 14:44:00

പരിശുദ്ധ കുര്‍ബാന : പങ്കുവയ്ക്കലിന്‍റെ അത്ഭുതവും ആനന്ദവും


വിശുദ്ധ ലൂക്കായുടെ സുവിശേഷം 9, 11-17 വരെ വാക്യങ്ങള്‍

ഒരു സന്ന്യാസസമൂഹത്തിന്‍റെ പ്രൊവിന്‍ഷ്യല്‍ ചാപ്റ്റര്‍ നടക്കുകയാണ്, പ്രവിശ്യാസംഗമം നടക്കുകയാണ്. അപ്പോള്‍ ഇനിയുള്ള മൂന്നു വര്‍ഷത്തേയ്ക്ക് നടത്തപ്പെടേണ്ട പല പദ്ധതികളും അവിടെ അവതരിപ്പിക്കപ്പെടും. അതില്‍ ഒരു പദ്ധതി – പാവപ്പെട്ട മനുഷ്യര്‍ക്ക് ഉപകാരം ചെയ്യുന്ന ഒരു ബൃഹത്തായ പദ്ധതി അവതരിപ്പിക്കപ്പെട്ടു. അവതരിപ്പിക്കപ്പെട്ട കഴിഞ്ഞപ്പോള്‍ ഉയര്‍ന്നൊരു ചോദ്യം Is it finacially viable, എന്നാണ്. അതായത്, പദ്ധതി അതിന്‍റെ സാമ്പത്തിക രീതികൊണ്ട് ഇത് ഭദ്രമാണോ? നടത്തിക്കൊണ്ടു പോകുവാന്‍ പറ്റുമോ? അല്ലെങ്കില്‍ തെളിച്ചങ്ങു പറഞ്ഞാല്‍, ഇതു നടത്തിയാല്‍ നമുക്ക് നഷ്ടമുണ്ടാകുമോ, ലാഭമുണ്ടാകുമോ എന്നാണ്. ചര്‍ച്ച മൂത്തു... എന്നാല്‍ ഇത് സമ്പത്തികമായി സുരക്ഷിതമല്ലാത്തതുകൊണ്ട് പദ്ധി ഉപേക്ഷിക്കാന്‍ ചാപ്റ്ററിലെ ഭൂരിപക്ഷം കൈപൊക്കി.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഇന്ന് സഭയുടെ പല സംഘാതമായ സമ്മേളനങ്ങളില്‍, അത് ഇടവകയിലാകാം, അല്ലെങ്കില്‍ രൂപതാ സമ്മേളനങ്ങളിലാകാം. അല്ലെങ്കില്‍ സന്ന്യാസസമൂഹത്തിന്‍റെയോ, പ്രവിന്‍ഷ്യ സംഘങ്ങളില്‍, പൊതുസംഘങ്ങളില്‍ ആകാം. ഭൂരിപക്ഷമാണ് ദൈവഹിതം തീരുമാനിക്കാനുള്ള മാനദണ്ഡമായിട്ട് പലപ്പോഴും കാണുന്നത്.  ഇന്നത്തെ തിരുവചനത്തില്‍, ലൂക്കായുടെ സുവിശേഷം 9-ാം അദ്ധ്യായം 12-ാമത്തെ തിരുവചനത്തില്‍ പറയുന്നത്, അപ്പോസ്തോലന്മാര്‍ 12 പേരുംകൂടെ ഒരുമിച്ചു വന്ന്, അതായത് ഭൂരിപക്ഷമല്ല, ഏകകണ്ഠമായ തീരുമാനം അവര്‍ ഉന്നയിക്കുന്നത് നമുക്ക് ജനക്കൂട്ടത്തെ പറഞ്ഞു വിടാം, വിശക്കുന്ന ജനത്തെ പറഞ്ഞു വിടാം എന്നാണ്. ഇതാണ് ഏകകണ്ഠമായ അഭിപ്രായം, ഇങ്ങനെ എല്ലാവരുംകൂടെ ഒരുമിച്ചു മുന്നോട്ടു വയ്ക്കുന്ന അഭിപ്രായം ഈശോ തള്ളിക്കളയുന്നു. കാരണം, അത് ദൈവഹിതം അല്ല എന്നതു തന്നെ. അതുകൊണ്ട് വചനം തരുന്ന ഒന്നാമത്തെ സന്ദേശം ഇതാണ്. നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ഏകകണ്ഠമായിട്ടും എടുക്കുന്നതും, unanimous ആയിട്ട് എടുക്കുന്നതുമായ തീരുമാനങ്ങല്‍ പലതും ദൈവഹിതമാകാന്‍ വഴിയില്ല. ദൈവഹിതമാണോ, ഭൂരിപക്ഷമുള്ളതുകൊണ്ട് ആകണമെന്നില്ല. എല്ലാവരും യോജിക്കുന്നതുകൊണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ സമൂഹങ്ങള്‍, സന്ന്യാസസമൂഹങ്ങള്‍ പ്രത്യേകിച്ച് വീണ്ടും ആലോചിക്കേണ്ടതാണ്, നമ്മുടെ തീരുമാനങ്ങള്‍ ബഹുഭൂരിപക്ഷവും ഏകകണ്ഠേനയുമാണെങ്കിലും അവ ദൈവഹിതമാണോ അല്ലയോ എന്ന്! അതിനു മാനദണ്ഡം പിറകെ വരുന്നത് നമുക്കു കാണാം.

അപ്പോസ്തോലന്മാരുടെ ഈ നിര്‍ദ്ദേശത്തിന് മറുപടിയായിട്ട്, അതായത് നമുക്ക് വിശക്കുന്ന ജനാവലിയെ പോയി ഭക്ഷണം കഴിച്ചിട്ടു വരാനായിട്ട് പറഞ്ഞയക്കാം എന്ന നിര്‍ദ്ദേശത്തിന് മറുപടിയായിട്ട് ഈശോ പറയുന്നത്, സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു... നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക, എന്ന് (ലൂക്ക 9, 13). ഇത് ക്രിസ്തു പറയുമ്പോള്‍ അവര്‍, അപ്പസ്തോലന്മാര്‍ മുന്നോട്ടു വയ്ക്കുന്ന ഒരു നിര്‍ദ്ദേശമുണ്ട്. അത് ഇതാണ്, ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്സ്യവും മാത്രമേയുള്ളൂ എന്നാണ്. ഈ ജനാവലിക്കു മുഴുവന്‍ ഭക്ഷണം നല്കണമെങ്കില്‍ ഇത് തികയില്ലല്ലോ, ഒന്നും ആകല്ലല്ലോ!?  അതായത് മുന്നില്‍ വന്നുനില്ക്കുന്ന ജനത്തിന്‍റെ പ്രശ്നം വലുത്, എന്നാല്‍ ഞങ്ങളുടെ കൈക്കലുള്ള പരിഹാരം ഏറെ പരിമിതമായത്. അതിന് യോജിച്ചതല്ല.

കഴിഞ്ഞ ആഴ്ചയിലായിരുന്നു. കൊച്ചി രൂപതയില്‍ മതാദ്ധ്യാപകര്‍ക്കുവേണ്ടിയുള്ള പൊതുസമ്മേളനം. ഒരു ക്ലാസ്സായിരുന്നു. ക്ലാസ്സിന്‍റെ അവസാനത്തില്‍ അദ്ധ്യാപകരില്‍ ഒരാള്‍ ചോദ്യവുമായി എഴുന്നേറ്റു. ചോദ്യം ഇതളായിരുന്നു. 1200- അദ്ധ്യാപകര്‍ ഇരിക്കുന്ന സമ്മേളനം, ചോദ്യം... നമ്മുടെ മുന്നില്‍ പലപ്പോഴും കാണുന്ന മനുഷ്യന്‍റെ സഹനങ്ങള്‍, അത് പ്രകൃതിദുരന്തങ്ങളാകാം, അല്ലെങ്കില്‍ തൊട്ടടുത്ത് അയല്‍പക്കത്ത് അനുഭവിക്കേണ്ടി വരുന്ന സഹനങ്ങള്‍ ആകാം. ഇതെന്തോ? ഇതിന്‍റെല്ലാം മുന്നില്‍ നമുക്ക് എന്താണ് ചെയ്യുവാന്‍ പറ്റുന്നത്. ശരയല്ലേ. പലതിനും നമ്മുടെ കൈയ്യിലുള്ള പരിഹാരങ്ങള്‍ തികയാതെ വരുന്നു.

ഇതിന് ഞാന്‍ മറുപടിയായിട്ടു പറഞ്ഞത്, കഴിഞ്ഞവര്‍ഷം പാപ്പാ ഫ്രാന്‍സിസ് ഫിലപ്പിന്‍സിലേയ്ക്ക് സന്ദര്‍ശനം നടത്തെവെ സംഭവിച്ചതാണ്. അവടെ മനിലയില്‍ പാപ്പായോടു ചേര്‍ന്നകൂടിയ ഒരു സമ്മേളനത്തില്‍ ഒരു അനാഥബാലിക, അവള്‍ അവളുടെ ജീവിതസാക്ഷ്യം പറയാന്‍ വേദിയിലേയ്ക്ക് കയറി വന്നു, ക്ലൈസര്‍ പലോമര്‍. ഒരു പത്തു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടി. ഒരു അനാഥ പെണ്‍കുട്ടി. ഇപ്പോള്‍ അവളെ ഒരു സന്നദ്ധസംഘടന ദത്തെടുത്തു വളര്‍ത്തുകയാണ്. അവള്‍ കയറിനിന്നിട്ട് തന്‍റെ ജീവിതകഥ പറഞ്ഞിട്ട് ചോദിക്കുന്ന ചോദ്യം... അവള്‍ പറയുന്നത് മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ അനേകരുണ്ട്. മനുഷ്യരുടെ ക്രൂരതയ്ക്കും സ്വാര്‍ത്ഥതയ്ക്കും ഇരയാകുന്ന കുട്ടികളുമുണ്ട്. മയക്കുമരുന്നിനും ലൈംഗികദുരുപയോഗത്തിനു അടിമപ്പെടുന്നവരും അനേകരാണ്. എന്നിട്ട് അവള്‍ ചോദിച്ചത് ഇങ്ങനെയാണ്. എന്തേ, ദൈവം നിര്‍ദ്ദോഷികളും നിഷ്ക്കളങ്കരുമായ പിഞ്ചു കുഞ്ഞുങ്ങളെ ദൈവം സഹനത്തിലേയ്ക്ക് തള്ളിവിടുന്നു?

ഇതു ചോദിച്ചിട്ടു പിന്നേ, ആ കുഞ്ഞ് ഏങ്ങലടിച്ചു കരയുകയാണ്. വേദിയില്‍ ഇതു കേട്ടിരുന്ന പാപ്പാ, പതിയെ ചുവടെടുത്ത് അവളുടെ പക്കലേയ്ക്ക നടന്ന് അടുത്തു. എന്നിട്ട് അവളെ തന്‍റെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. ആരു മറിയാതെ ആ കുഞ്ഞിന്‍റെ കണ്ണീര് പാപ്പാ ഫ്രാന്‍സിസിന്‍റെ ശുഭ്രവസ്ത്രം, പേപ്പള്‍ വസ്ത്രം തുടച്ചെടുത്തു. എന്നിട്ട് പാപ്പാ പറഞ്ഞു, ഒരു ഉത്തരവുമില്ലാത്ത ചോദ്യമാണ് ക്ലൈസല്‍ ചോദിച്ചതെന്ന്. വാക്കുകളിലൂടെയല്ല, കണ്ണീരിലൂടയാണ് അവള്‍ ഇന്ന് നമ്മോട് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങള്‍ സഹിക്കേണ്ടി വരുന്നത്? ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പാപ്പാ ഫ്രാന്‍സിസും വികാരാധീനനായി. ഒന്നു നിര്‍ത്തിയിട്ട്, പാപ്പാ തുടര്‍ന്നു. ഹൃദയംകൊണ്ട് ഈ ചോദ്യം ആവര്‍ത്തിക്കാനും കരയാനും സാധിക്കുമ്പോള്‍ മാത്രമേ, നമുക്ക് ഈ കുഞ്ഞിന്‍റെ ചോദ്യം മനസ്സിലാവുകയുള്ളൂ. എന്നിട്ട് പാപ്പാ ആവര്‍ത്തിച്ചു. നമ്മുടെ കൂടിയുള്ളവര്‍ക്കൊപ്പം അവരുടെ വേദനയില്‍ കരയാന്‍ പറ്റുമ്പോഴാണ് നമ്മള്‍ ക്രിസ്തുവിന്‍റെ ശിഷ്യര്‍ ആയി മാറുന്നത്.

സുവിശേഷത്തില്‍ ഇതുപോലെ തന്നൊരു സന്ദര്‍ഭമാണ്. അയ്യായിരത്തില്‍പ്പരം പുരുഷന്മാരും അതനുസരിച്ചുള്ള സ്ത്രീകളും കുട്ടികളും... വിശന്നു പൊരിഞ്ഞു നില്ക്കുമ്പോള്‍ ശിഷ്യന്മാരുടെ ഉല്‍ക്കണ്ഠ കയ്യിരിരിക്കുന്ന തുച്ഛമായ ഭക്ഷണം, അ‍ഞച്പ്പവും രണ്ടുമീനും ഒന്നിനും തികയില്ലല്ലോ! ഇതാണ് പ്രശ്നം. നമ്മുടെ കയ്യിലിരിക്കുന്ന പരിഹാരം, യഥാര്‍ത്ഥ പ്രശ്നത്തിന് ഒരു പരിഹാരവും ആകില്ലോ എന്നു വരുമ്പോള്‍ നമ്മുടെ നിസ്സായത...!!  സുവിശേഷവും ഈശോയും അതിലേയ്ക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഇതാണ് ഇന്ന് ഈ സുവിശേഷഭാഗം നമ്മുടെ മുന്നില്‍ വയ്ക്കുന്ന രണ്ടാമത്തെ സന്ദേശം. ഈ സുവിശേഷ ഭാഗത്തിന് അടിസ്ഥാനമായിട്ടു നില്ക്കുന്നത് അല്ലെങ്കില്‍ സമാന്തരമായിട്ടു നില്കുന്നത് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അദ്ദേഹം എഴുതി ചേര്‍ക്കുന്ന ഒരു വചനമുണ്ട്. “ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നതിനാല്‍ യേശുവിന് അവരോട് അനുകമ്പ തോന്നി” (മര്‍ക്കോ 6, 34). നാം ജീവിതത്തില്‍ വലിയ പ്രതിസന്ധികളുമായി അല്ലെങ്കില്‍ പ്രശ്നങ്ങളുമായി നിലക്കുന്ന മനുഷ്യന്‍റെ മുന്നില്‍ നില്ക്കുമ്പോള്‍, ക്രിസ്തുവിനുണ്ടായ അനുഭവം അനുകമ്പ, കരുണയുടെ വികാരം. ഇതാണ് യാതനകള്‍ക്കു മുന്നില്‍ മനുഷ്യയാതനകള്‍ക്കു മുന്നില്‍ ഏതു ക്രിസ്തു ശിഷ്യനും ഉണ്ടാകേണ്ടത്. അതുണ്ടാകുമ്പോള്‍ സംഭവിക്കുന്നത് എന്താണ്. നമ്മുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരിമിതങ്ങളാണെങ്കിലും അവയെല്ലാം യേശുവിന്‍റെ കരങ്ങളിലേയ്ക്ക് സമര്‍പ്പിക്കാന്‍ നമുക്കു സാധിക്കണം. അതാണ് ക്രിസ്തു ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. അവരുടെ കൈവശമുള്ള അഞ്ചപ്പവും മീനും അവര്‍ അവിടുത്തെ കരങ്ങലേയ്ക്ക് കൊടുക്കുകയാണ്, സമര്‍പ്പിക്കുകയാണ്. അങ്ങനെ കൊടുത്ത അപ്പവും മീനും അവിടുന്ന് എടുത്ത് വാഴ്ത്തി ആശീര്‍വ്വദിച്ച് ശിഷ്യന്മരുടെ കരങ്ങളില്‍ തിരികെ ഏല്‍പിച്ച് അതു  വിളമ്പുമ്പോള്‍ എന്താണ് സംഭവിക്കുന്നത്, അത് വര്‍ദ്ധിച്ചു വര്‍ദ്ധിച്ച്, പെരുകിപ്പെരുകി  എല്ലാവരും ഭക്ഷിച്ച് തൃപ്തരായതില്‍പ്പിന്നെ, ഇതാ മിച്ചംവന്നത് അവര്‍ കുട്ടകളില്‍ ശേഖരിക്കുകയാണ്.

ഇവിടെയാണ് മൂന്നാമത്തെ സന്ദേശം ഉരുത്തിരിയുന്നത്. അതായത് നിന്‍റെ മാര്‍ഗ്ഗങ്ങള്‍ പരിമിതമാണെങ്കില്‍പ്പോലും മ‌ടിക്കരത്, മടിക്കരുത്. അത് തമ്പുരാന്‍റെ കരങ്ങളിലേയ്ക്ക് വിട്ടുകൊടുക്കുവാനും, എന്നിട്ട് മുന്‍പില്‍നില്ക്കുന്ന വേദനിക്കുന്ന മനുഷ്യരുടെ ജീവിതത്തിലേയ്ക്കും ഹൃദയത്തിലേയ്ക്കും കൈമാറാനായിട്ട് ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നത് അത്ഭുതങ്ങളായിരിക്കും. അത് വലിയ അത്ഭുതമായിരിക്കും. എല്ലാവരെയും തൃപ്തരാക്കുന്ന വിലയ അത്ഭുതം – കൊടുത്തവരെയും സ്വീകരിക്കുന്നവരെയും തൃപ്തരാക്കുന്ന ദൈവകൃപയുടെയും സമൃദ്ധിയുടെയും  വലിയ അനുഭവം.!  ഇവിടെ ശിഷ്യന്മാര്‍  തങ്ങളുടെ ഉള്ള അഞ്ചപ്പം കൊടുക്കാന്‍ മടികാണിക്കുന്നതിന്‍റെ പിന്നില് ഇതുകൊണ്ട് ഇവര്‍ക്ക് ഒന്നും ആകില്ലല്ലോ, എന്ന ചിന്ത മാത്രമായിരിക്കില്ല. മറ്റൊരു ചിന്തയാകാം, ആകുലതയാകാം. ഈ അഞ്ചപ്പം കൊടുത്തു കഴിഞ്ഞാല്‍പ്പിന്നെ ഞങ്ങളുടെ കൈയില്‍ ഒന്നുമില്ലല്ലോ എന്ന ആകുലതയാകാം. ഒന്നുമില്ലാതെ വന്നാല്‍ ഞങ്ങള്‍ പട്ടണിയാകുമല്ലോ, എന്ന ആശങ്ക, ഉത്ക്കണ്ഠ.  ആ ഉല്‍ക്കണ്ഠയെ മറികടക്കാന്‍ സാധിക്കുന്നിടത്താന്‍ ഒരുവന്‍, ഒരുവള്‍ ക്രിസ്തു ശിഷ്യയായി മാറുന്നത്. കൊടുക്കുക, കൊടുക്കുക പങ്കുവയ്ക്കുക, നിന്നെത്തന്നെ അപകടപ്പെടുത്തിക്കൊണ്ട് കൊടുക്കുക! നിന്‍റെ ജീവിതത്തെപ്പോലും അപകടപ്പെടുത്തിക്കൊണ്ട് കൊടുക്കുക!! അങ്ങനെ കൊടുക്കാന്‍ പറ്റുന്നതാണ് ക്രിസ്തീയത.

നമ്മള്‍ ആദ്യം പറഞ്ഞ ചിന്തയില്ലേ, ഭൂരിപക്ഷാഭിപ്രായം അല്ലെങ്കില്‍ എല്ലാവരുംചേര്‍ന്ന ഏകകണ്ഠമായിട്ടെടുക്കുന്ന തീരുമാനങ്ങള്‍ ദൈവഹിതമാകണമെന്നില്ല പലപ്പോഴും!   അവസാനം ഇവിടെ ഉരുത്തിരിയുന്നത് അത് ദൈവഹിതമാണോ എന്നറിയുവനുള്ള മാനദണ്ഡമാണ്. നീ കൊടുക്കുന്നതില് പരോന്മുഖത ഉണ്ടെങ്കില്‍, നിന്‍റെ വാക്കിലും പ്രവൃത്തിയിലും പരോന്മുഖത ഉണ്ട് എങ്കില്‍ അത് ദൈവഹിതമാണ്. കാരണം പരോന്മുഖത എന്നു പറയുന്നത് ക്രൂശിതനായ ക്രിസ്തുവാണ്. അത് പരോന്മുഖത ക്രിസ്തുവിന്‍റെ, ക്രൂശിതന്‍റെ ആത്മാവാണ്. അപ്പോള്‍ അത് ദൈവഹിതമാണ് നീ എടുക്കുന്ന ഓരോ തീരുമാനവും. അതുകൊണ്ട് ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് ദൈവഹിതമാണ്. നമ്മുടെയൊക്കെ സമൂഹങ്ങളില്‍നിന്നും – അത് ഇടവകയോ അതിരൂപതയോ, സന്ന്യാസസമൂഹങ്ങളോട ചെറുഇടവകകളോ ആയിരുന്നാലും നാം ഏകകണ്ഠമായി എടുക്കുന്ന തീരുമാനങ്ങളെ ഒക്കെ ഒന്നുകൂടെ ‘ക്രോസ്-ചെക്കു’ചെയ്യണം, പരിശോധിക്കണം തീരുമാനം പരോന്മുഖമാണോ എന്ന് Cross-check  ചെയ്യണം. ചെറിയവനും വേദനിക്കുന്നവനും ഉപകാരപ്പെടുന്ന തീരുമാനമാണോ? എങ്കില്‍ മാത്രമേ, അത് ശരിയായ തീരുമാനമാകയുള്ളൂ, അത് ദൈവഹിതമാകയുള്ളൂ. അല്ലെങ്കില്‍ അപ്പസ്തോലന്മാര്‍ എടുത്ത തീരുമാനം പോലെ, ഭൂരിപക്ഷത്തിന്‍റെ ഏകകണ്ഠമായ തീരുമാനംപോലെ ജനക്കൂട്ടത്തെ പറഞ്ഞയക്കാം, പറഞ്ഞുവിടാം എന്ന സ്വര്‍ത്ഥതയുടെ തീരുമാനംപോലെയാകും. ഞങ്ങളുടെ കൈക്കളുള്ളത് നഷ്ടമാകുമോ എന്ന ഭീതിയോടെ ഉത്കണ്ഠയോടെയുള്ള തീരുമാനമാകും അത്.

നമുക്ക് പ്രാര്‍ത്ഥിക്കാം.

ഈശോയേ, അങ്ങുതന്നെ ഞങ്ങളെ നയിക്കണമേ.  ഞങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുന്ന വേദികളിലും അവസരങ്ങളിലും നാഥാ, നീതന്നെ ഞങ്ങളുടെ വഴികാട്ടിയായിരിക്കുക. അത് വ്യക്തിപരമായ തീരുമാനത്തിലും ഞങ്ങളുടെ സമൂഹത്തിലും ഞങ്ങളുടെ കുടുംബങ്ങളിലും ഇടവകകളില്‍, ഞങ്ങളുടെ സന്ന്യാസസമൂഹങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്ന ചര്‍ച്ചകളിലും വേദികളിലും ഞങ്ങളുടെ തീരുമാനങ്ങള്‍ വിവേചിച്ചറിയുവാനുള്ള കഴിവുതരണമേ..! ആ വിവേചനത്തിന്‍റെ മാനദണ്ഡം അങ്ങുതതന്നെയായിരിക്കണമേ, ക്രൂശിതനായ ഈശോയേ!! ഞങ്ങളുടെ എളിയ പരോന്മുഖമായ തീരുമാനങ്ങളേ ദൈവഹിതമാക്കാനുള്ള വിവേചനവും ഓര്‍മ്മയും എപ്പോഴും ഞങ്ങള്‍ക്കു തരണമേ. ആമ്മേന്‍!

 








All the contents on this site are copyrighted ©.