2016-05-23 17:46:00

മാനവിക ഉച്ചകോടിക്കായി പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന


മാനവിക ഉച്ചകോടിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.  മെയ് 22-ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പ്രഭാഷണാനന്തരം ജനങ്ങളെ അഭിവാദ്യംചെയ്യവെയാണ് പാപ്പാ പ്രഥമ മാനവിക ഉച്ചകോടിക്കുവേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

ലോകത്ത് ഇന്നു കാണുന്ന നിയന്ത്രണാതീതമായ അതിക്രമങ്ങള്‍, ദാരിദ്ര്യം, കുടിയേറ്റം, പാരിസ്ഥിതിക പ്രതിസന്ധികള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടന പ്രഥമ മാനവിക ഉച്ചകോടി വിളിച്ചുകൂട്ടിയിരിക്കുന്നതെന്ന് പാപ്പാ അറിയിച്ചു. മനുഷ്യജീവനെ വിശിഷ്യാ നിര്‍ദ്ദോഷികളും നിരാലംബരുമായവരെ പരിരക്ഷിക്കാനുള്ള രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തത്തോട് തുറന്ന പ്രതിബദ്ധതയോടെ പ്രതികരിക്കുവാനും, പ്രായോഗികവും ഫലപ്രദവുമായ തീരുമാനങ്ങള്‍ എടുക്കുവാനും രാഷ്ട്രത്തലവന്മാര്‍ക്ക് സാധിക്കുന്നതിന് പ്രാര്‍ത്ഥനയോടെ ഉച്ചകോടിയെ അനുധാവനംചെയ്യണമെന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഗമിച്ച ആയിരങ്ങളോടും ലോകത്തുള്ള സകലരോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പരോളിന്‍റെ നേതൃത്വത്തില്‍ വത്തിക്കാന്‍റെ പ്രതിനിധിസംഘം തുര്‍ക്കിയിലേയ്ക്ക് ഉച്ചകോടിക്കായി പുറപ്പെട്ടു കഴിഞ്ഞുവെന്ന കാര്യവും പാപ്പാ ത്രികാലപ്രഭാഷണത്തില്‍ വെളിപ്പെടുത്തി.

........................

കുടിയേറ്റ പ്രതിഭാസത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അടിയന്തിരാവസ്ഥയാണ് പ്രഥമ ഉച്ചകോടി ഉന്നംവയ്ക്കുന്നതെന്ന് ഈസ്താംബൂളിലേയ്ക്കുള്ള വത്തിക്കാന്‍റെ പ്രതിനിധി സംഘത്തിലെ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. മെയ് 23, 24 തിങ്കള്‍ ചൊവ്വ തിയതികളില്‍, തുര്‍ക്കിയിലെ ഈസ്താംബൂളില്‍ സംഗമിക്കുന്ന പ്രഥമ മാനവിക ഉച്ചകോടിയുടെ അടിസ്ഥാന ലക്ഷ്യത്തെക്കുറിച്ചാണ് നയതന്ത്രജ്ഞന്‍കൂടിയായ ആര്‍ച്ചുബിഷപ്പ് തൊമാസി ഇങ്ങനെ പ്രസ്താവിച്ചത്. ആറുകോടിയോളം അഭയാര്‍ത്ഥികളെ കൂടാതെ, പൊതുസഹായം ആശ്രയിച്ച് കൊടുംപട്ടിണിയില്‍ കഴിയുന്ന 13 കോടിയോളം ലോകത്തെ പാവങ്ങളുടെയും ഭീതിദമായ അവസ്ഥയാണ് ഐക്യരാഷ്ട്ര സംഘടനയെ പ്രഥമ മാനവിക ഉച്ചകോടിക്കു നിര്‍ബന്ധിച്ചതെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍ ബന്‍ കി മൂണിനെ ഉദ്ധരിച്ചുകൊണ്ട് മെയ് 21-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് തൊമാസി വ്യക്തമാക്കി.

ആഗോളതലത്തില്‍ ഈ ഉച്ചകോടിക്ക് ലഭിച്ച പ്രതികരണം വളരെ ക്രിയാത്മകമാണ്. 112 ലോകരാഷ്ട്രങ്ങള്‍ പങ്കാളിത്തം സ്ഥിരീകരിച്ച് ഈസ്താംബൂളില്‍ എത്തിയിട്ടുണ്ട്. ഒപ്പം 6000-ത്തോളം സര്‍ക്കാരേതര സംഘടനകളും (NGOs) തുര്‍ക്കിയില്‍ സംഗമിച്ചിട്ടുണ്ട്.  ചര്‍ച്ചകളുടെയും ബോധവത്ക്കരണത്തിന്‍റെയും രാജ്യാന്തര സമ്മേളനം മാത്രമായി ഉച്ചകോടി മാറാതെ, പാപ്പാ ഫ്രാന്‍സിസ് സൂചിപ്പിക്കുന്ന ലോകത്ത് ചിഹ്നഭിന്നമായി നടന്നുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തിന്‍റെ ‘മൂന്നാം ലോക മഹായുദ്ധ’ത്തിന് പ്രായോഗികമായ പ്രതിവിധി കണ്ടെത്തേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി. അഭ്യന്തരകലാപം, ഭീകരാക്രമണങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ഭൂമികുലുക്കം, പ്രകൃതിക്ഷോഭം എന്നിവയുടെ പ്രത്യാഘാതങ്ങള്‍ കാരണമാക്കുന്ന ഭയാനകമായ ആഗോളചുറ്റുപാട് അടിയന്തിരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

കുടിയേറ്റ പ്രതിസന്ധിയുടെയും മറ്റു കലാപങ്ങളുടെയുംമദ്ധ്യത്തിലും സഭയുടെ ഉപവിപ്രസ്ഥാനങ്ങള്‍ (Caritas International, Cor Unum Pontificium) സഹായഹസ്തവുമായി ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. കൊടുംപട്ടിണിയിലും അത്രിക്രമങ്ങള്‍ക്കിടയിലും ഒടുങ്ങുന്ന മനുഷ്യജീവനെ സംരക്ഷിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്‍ബലവും, അകമഴിഞ്ഞ സാമ്പത്തിക പിന്‍തുണയും ഇനിയും അടിയന്തരമായി ലഭിക്കുമെന്ന പ്രത്യാശയിലാണ് ലോകനേതാക്കള്‍ തുര്‍ക്കിയില്‍ സംഗമിക്കുന്നത്. അര്‍ച്ചുബിഷപ്പ് തൊമാസി അഭിമുഖത്തില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.