2016-05-21 17:57:00

മാതൃയാക്കേണ്ട ത്രിത്വൈക സ്നേഹവും പാരസ്പരികതയും


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 16, 12-15

ഇന്ന് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ! ദൈവം ഒന്നാണെന്നും,  ദൈവത്തില്‍ മൂന്നാളുകള്‍ – പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ഉണ്ടെന്നതുമാണ് ത്രിത്വരഹസ്യം!  ഇവരുടെ പരസ്പര സ്നേഹമാണ് ദൈവം എന്ന സങ്കല്പം.–  ദൈവം മൂന്നുപേരുടെ പരസ്പര ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരുമയാണെന്നതാണ് വിശ്വാസം. ഇന്നത്തെ വചനഭാഗത് ഇത് വെളിവാക്കാന്‍വേണ്ടി ഈശോ പറയുന്ന വചനമുണ്ട്. പിതാവിനുള്ളവയെല്ലാം എനിക്കുള്ളവയാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നും സ്വീകരിച്ച് അവിടുന്ന്,  സത്യാത്മാവ് നിങ്ങളോട് പ്രഖ്യാപിക്കും, എന്നു ഞാന്‍ പറഞ്ഞത് (യോഹ. 16, 15). പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. ഇത് ഈശോയുടെ അടിസ്ഥാനപരമായ അനുഭവമായിരുന്നു, ബോധ്യമായിരുന്നു. പിതാവിനുള്ളതെല്ലാം എനിക്കുള്ളതും  എന്‍റേതുമാണ്. എന്നിട്ടോ, എനിക്കുള്ളതെല്ലാം ആത്മാവിന്‍റേതാണ് അതുകൊണ്ടാണ്, എനിക്കുള്ളവയില്‍നിന്നെല്ലാം സ്വീകരിച്ച് അവിടുന്നു നിങ്ങളോടു പ്രഖ്യാപിക്കും, സത്യാത്മാവ് പ്രഖ്യാപിക്കും.

പിതാവിനുള്ളതെല്ലാം പുത്രനു സ്വന്തമാണ്. പിന്നെ പുത്രനു സ്വന്തമായിട്ടുള്ളതെല്ലാം പരിശുദ്ധാത്മാവിനും സ്വന്തമായിട്ടുണ്ട്. ഈ ബന്ധമാണ് പരിശുദ്ധത്രിത്വം എന്നു വിളിക്കപ്പെടുന്നത്. ത്രിത്വത്തില്‍ വിശ്വസിക്കുകയും ദൈവത്തിന്‍റെ നിഗൂഢമായ രൂപഭാവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന ശിഷ്യരോട് ക്രിസ്തു ആവശ്യപ്പെടുന്നത് ഈ കൂട്ടായ്മയാണ്. നീ ഈ അനുഭവത്തിലേയ്ക്കു വരിക. എന്നു പറഞ്ഞാല്‍, പിതാവിനുള്ളത് എനിക്കുള്ളതാണ്, എന്നു പറഞ്ഞ യേശുവിന്‍റെ അനുഭവം സ്വായത്തമാക്കുവാനാണ് അവിടുന്നു പറയുന്നത്,  അവിടുന്നു ക്ഷണിക്കുന്നത്. തമ്പുരാനുള്ളത് എനിക്കുള്ളതാണ്. കാരണം, ദൈവം നമ്മുടെ പിതാവാണ്!

 

ഈ അനുഭവത്തിലേയ്ക്കു വരാന്‍ ദൈവം നമ്മെ ക്ഷണിക്കുകയാണ്. തീര്‍ന്നില്ല, എന്നിട്ട് അടുത്ത പടിയുണ്ട്. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണെങ്കില്‍, ഇതിന്‍റെ ഒരു പരിണിത ഫലമുണ്ട്, consequence ഉണ്ട്. അതായത്, എനിക്കുള്ളതെല്ലാം ചുറ്റുമുള്ള എന്‍റെ സഹോദരങ്ങള്‍ക്കുമുള്ളതാണ്. ഒന്നും പിടിച്ചുവയ്ക്കാനുള്ളതല്ല,  മറിച്ച് കൊടുക്കാനുള്ളതും പങ്കുവയ്ക്കാനുള്ളതമാണ്. തമ്പുരാനുള്ളതെല്ലാം എനിക്കുള്ളതാണ്, എനിക്കുള്ളതെല്ലാം എന്‍റെ സഹോദരങ്ങള്‍ക്കുള്ളതാണ്. അങ്ങനെയെങ്കില്‍ സ്വീകരിച്ചതൊക്കെ, അതായത് ദൈവത്തില്‍നിന്നും ഉദാരമായി സ്വീകരിച്ചതൊക്കെ എന്‍റെ സഹോദരങ്ങള്‍ക്കുമുള്ളതാണ്. ഔദാര്യത്തോടെ സ്വീകരിച്ചതൊക്കെ സന്തോഷത്തോടെ കൊടുക്കാന്‍ സന്നദ്ധരാകുമ്പോഴാണ് ത്രിത്വത്തിന്‍റെ കൂട്ടായ്മയുടെ രഹസ്യം നമ്മില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈശോ നമ്മില്‍നിന്നും ഇന്ന് ആവശ്യപ്പെടുന്നത്, നാം സ്വീകരിച്ചതൊക്കെ ദൈവത്തില്‍നിന്നാണ്,  അതുകൊണ്ട്തന്നെ സഹോദരങ്ങള്‍ക്ക് ഔദാര്യത്തോടെ കൊടുക്കാന്‍ നാം സന്നദ്ധരായിരികണം, എന്നല്ലേ!. കണക്കു പറയാനുള്ള കടമ നമുക്കുണ്ട്. എന്നാല്‍ കണക്കുചോദിക്കാതെ കൊടുക്കാനും കലവറയില്ലാതെ പങ്കുവയ്ക്കുവാനും നമുക്കു സാധിക്കണം.

 

എതാനും മാസങ്ങള്‍ കഴിയുമ്പോള്‍, സെപ്തംബര്‍ 4-ാം തിയതി പരസ്നേഹത്തിന്‍റെ മിഷണറിയായ അമ്മ, മദര്‍ തെരേസായെ ആഗോളസഭ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ പോവുകയാണ്. അമ്മയെക്കുറിച്ചു പറയുന്നൊരു കഥയുണ്ട്. ഒരിക്കല്‍ മെക്സിക്കോ സിറ്റിയിലേയ്ക്ക് വിമാനത്തില്‍ മദര്‍ യാത്രചെയ്യുകയായിരുന്നു. വിമാനം കയറിയപ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാം ഫ്ലൈറ്റിലെ ഏറ്റവും വലിയ വി.ഐ.പി. മദര്‍ തെരേസയാണെന്ന്.

 

ഫ്ലൈറ്റ് പറന്നു പൊങ്ങി. ഭക്ഷണം കൊടുക്കുന്ന സമയമായി. മദറിന്‍റെ അടുത്തുചെന്ന് എയര്‍ ഹോസ്റ്റസ് ചോദിച്ചു. ‘വെജിറ്റേറിയന്‍’ വേണോ, ‘നോണ്‍ വെജിറ്റേറിയന്‍’ വേണോ?  അപ്പോള്‍

മദര്‍ തിരിച്ചു ചോദിച്ചു,  ഭക്ഷണം വേണ്ടെന്നുവച്ചാല്‍ എനിക്ക് എന്തു തരും?  ഇതുകേട്ട എയര്‍ ഹോസ്റ്റസ് പെട്ടന്ന് ഒന്നും പറയാതെ, പോയി അന്വേഷിച്ചിട്ടു തിരിച്ചുവന്നു പറഞ്ഞു. മദറേ, ഭക്ഷണം വേണ്ടെന്നു വച്ചാല്‍ ഒരു ഡോളറേ തരിച്ചുതരികയുള്ളൂ! മദര്‍ പറഞ്ഞു, ശരി. അങ്ങനെയെങ്കില്‍ എനിക്കു ഭക്ഷണം വേണ്ട, എനിക്ക് ഒരു ഡോളര്‍ തന്നാല്‍ മതി. ഇതു കണ്ടുകൊണ്ടിരുന്ന മദറിന്‍റെ അടുത്ത യാത്രക്കാരി കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടു പറഞ്ഞു, എനിക്കും ഭക്ഷണം വേണ്ട, ഒരു ഡോളര്‍ തന്നാല്‍ മതി. ഇത് കണ്ട് അടുത്തയാളും പറഞ്ഞു, തിനിക്കും ഭക്ഷണം വേണ്ടാ! അതുപോലെ ഫ്ലൈറ്റിലുള്ള 149 യാത്രക്കാരും ഭക്ഷണം വേണ്ടാന്നുവച്ചിട്ട് അതിന്‍റെ ചെറിയ

തുക തിരിച്ചുവാങ്ങി മദറിനെ ഏല്പിക്കുകയാണ്. ‘അഗതികളുടെ അമ്മ’യെ ഏല്പിക്കുകയാണ്.

 

ആ രംഗം കഴിഞ്ഞു. പിന്നെ യാത്ര അവസാനിക്കാറായി. ഫ്ളൈറ്റ് ഇറങ്ങാറായി. മദര്‍ ഹോസ്റ്റസ്സിനോടു ചോദിച്ചു. വേണ്ടാന്നുവച്ച ഇന്നത്തെ ഭക്ഷണമെല്ലാം നിങ്ങള്‍ എന്തുചെയ്യും? അതെല്ലാം ‘വെയ്സ്റ്റാ’യി കളയുകയേയുള്ളൂ. അപ്പോള്‍ മദര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ആ ഭക്ഷണംകൂടെ എനിക്കു തന്നോളൂ. ഫ്ലൈറ്റ് ഇറങ്ങിയാല്‍ എനിക്ക് തെരുവിലെ അഗതികളുടെ അടുക്കലേയ്ക്കാണ് പോകാനുള്ളത്. അതിനാല്‍  മിച്ചംവന്നിരിക്കുന്ന ഭക്ഷണമെല്ലാം ഞാന്‍ പാവങ്ങള്‍ക്കു കൊടുത്തോളാം. അവര്‍ ആ ഫ്ളൈറ്റിലെ ഭക്ഷണമെല്ലാം മദറിനു കൊടുത്തു.

മാത്രമല്ല, ഭക്ഷണം കൊണ്ടുപോകാന്‍ വണ്ടികൂടെ അവര്‍ തയ്യാറാക്കിക്കൊടുത്തു. ‘ഫ്ളൈറ്റ്’ ഇറങ്ങിയ മദര്‍ വണ്ടിയില്‍ ഭക്ഷണവുമായി മെക്സിക്കോ നഗരത്തിന്‍റെ പ്രാന്തങ്ങളിലുള്ള അഗതികളുടെ പക്കലേയ്ക്കാണ് നേരെ പോയത്!

 

കൊടുക്കുക! നമുക്കു ലഭിച്ചിരിക്കുന്നതെല്ലാം ദൈവത്തിന്‍റെ അനന്തമായ ദാനമല്ലേ! അതിനാല്‍ നാം കൊടുക്കണം, ഉള്ളതില്‍നിന്നും പങ്കുവയ്ക്കണം. നമ്മുടേതായി ഒന്നുമില്ലല്ലോ!?  ജീവന്‍പോലും ദൈവം ഉദാരമായി നല്കിയ സമ്മാനമല്ലേ?! അങ്ങനെ നമ്മുടെ ജീവനും ദൈവത്തിന്‍റെ ദാനമാണെങ്കില്‍ ബാക്കിയുള്ളതൊക്കെയും അവിടുത്തെ സമ്മാനമല്ലേ? അങ്ങനെ ഉദാമായിട്ടു സ്വീകരിച്ചതെല്ലാം നാം ദൈവത്തില്‍നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. അങ്ങനെ ജീവിതത്തിലെ നന്മകള്‍ ദൈവത്തില്‍നിന്നും സ്വീകരിച്ചതായി അനുഭവമുള്ളവന്‍ അതുപോലെതന്നെ ഔദാര്യത്തോടെ മറ്റുള്ളവര്‍ക്കു കൊടുക്കാനും സന്നദ്ധരായിരിക്കണം. കാരണം ഒന്നും നിന്‍റേതല്ല. എല്ലാം ദൈവത്തിന്‍റേതാണ്. ഉദാരതയോടെ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തംകൂടെ ഏറ്റെടുക്കുന്നുണ്ട്. ഇതാണ്, പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രിത്വബന്ധത്തില്‍ നിറഞ്ഞുനില്ക്കുന്നത്. പിതാവിനുള്ളതെല്ലാം പുത്രനുള്ളതാണ്. പുത്രനുള്ളതെല്ലാം അവിടുന്നില്‍ നിന്നു സ്വീകരിച്ച സത്യാത്മാവു നിങ്ങള്‍ക്കു നല്കുമെന്നാണ് ഈശോ പറയുന്നത്. ത്രിത്വചൈതന്യം ദൈവത്തില്‍നിന്നുള്ളതാണ്. എനിക്കുള്ളതെല്ലാം അതിനാല്‍ ഞാന്‍ ഉദാരമായി മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണം.  സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ഈ ത്രിത്വൈക ചൈതന്യം സ്വീകരിക്കാന്‍ ഈശോ നമ്മോട് ആവശ്യപ്പെടുകയാണ്.

 

ശ്രദ്ധേയമായത്, പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം സ്നേഹത്തിന്‍റെ ആനന്ദം,

Joy of Love. അതിന്‍റെ 324-ാം ഖണ്ഡത്തില്‍ നാം വായിക്കുന്നു. ഇത് ഏറ്റവും അവസാനത്തേതിന് തൊട്ടുമുന്‍പുള്ളതാണ്. അതില്‍ പറയുന്നൊരു മനോഹരമായ ചിന്തയിതാണ്, Social Love as a reflection of the Trinitarian Love and unity!  സാമൂഹ്യസ്നേഹം അല്ലെങ്കില്‍ പരസ്നേഹം ത്രിത്വൈക സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതിഫലനമാണെന്ന്. Social Love a a reflection of the love of the Holy Trinity, is what truly unifies the spiritual meaning of a family.  കുടുംബത്തിലെ സ്നേഹത്തെക്കുറിച്ചു പറയുമ്പോള്‍, അല്ലെങ്കില്‍ ആത്മീയതയെക്കുറിച്ചു പറയുമ്പോള്‍, the spiritual meaning-നെക്കുറിച്ചു പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ത്രിത്വത്തിന്‍റെ പ്രതിഫലനമായ സ്നേഹംതന്നെയാണ് അതെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. ത്രിത്വത്തിന്‍റെ പ്രതിഫലനമായ ഈ സ്നേഹമാണ് ‘സോഷ്യല്‍ ലൗ’... സാമൂഹികബന്ധം....! അത് സ്വീകരിക്കാന്‍ അനുഗ്രഹിക്കണമേ, എന്നു പ്രാര്‍ത്ഥിക്കാം! അത് വളര്‍ത്തിയെടുക്കാം! അത് കുടുബങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് പരിശ്രമിക്കാം!

 

നമുക്ക് പ്രാര്‍ത്ഥിക്കാം  

ഈശോയേ, ദൈവം അവിടുത്തെ പിതാവാണെന്ന അനുഭവം, പിതാവില്‍നിന്നും അവിടുന്ന് സ്വീകരിച്ചതെല്ലാം ആത്മാവിലേയ്ക്ക് കൈമാറി എന്ന അനുഭവം, ആ പരസ്പരബന്ധത്തിന്‍റെ അനുഭവം, പാരസ്പരികതയുടെ അനുഭവം ഈശോയേ, അനുദിനജീവിതത്തില്‍ എനിക്കങ്ങു തരണമേ! എന്‍റെ ജീവിതത്തിലുള്ളതെല്ലാം, എനിക്കുള്ളതെല്ലാം ഞാന്‍ അങ്ങില്‍നിന്നും സ്വീകരിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാം ഉദാരമായി കൊടുക്കേണ്ടതാണെന്നുള്ള ഓര്‍മ്മ എനിക്ക് അങ്ങ് എന്നും തരണമേ!! സ്വീകരിക്കുന്നതിന്‍റെയും കൊടുക്കുന്നതിന്‍റെയും ചൈതന്യം കൂടുതല്‍ കൂടുതല്‍ അങ്ങ് എന്നില്‍ വളര്‍ത്തിയെടുക്കണമേ! ആമ്മേന്‍!








All the contents on this site are copyrighted ©.