2016-05-18 20:31:00

എളിയവരെ ആശ്ലേഷിക്കുന്ന നിത്യതയുടെ കാരുണ്യവീക്ഷണം : ഉപമയിലെ ലാസറും ധനാഢ്യനും


മെയ് 10-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ നിത്യതയുടെ മാനദണ്ഡത്തെക്കുറിച്ചുള്ള കാരുണ്യത്തിന്‍റെ ചിന്തകള്‍.  നല്ലൊരു ദിനത്തിന്‍റെ ആശംസയുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷ​ണം ആരംഭിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 16-ാം അദ്ധ്യായം 19-ഉം 20-ഉം 22-ഉം, പിന്നെ 24-25-ലവരെ വാക്യങ്ങളെ അധികരിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്.

  1. ഉപമയില്‍ രണ്ടു കഥാപാത്രങ്ങളാണ് – ധനവാനും, അയാളുടെ ഉമ്മറുത്തു പരിത്യക്തനായി കിടക്കുന്ന ലാസറും! ജീവിതങ്ങള്‍ പരസ്പരബന്ധമില്ലാത്ത സമാന്തര വ്യക്തിത്വങ്ങളായി, മിണ്ടലോ ഉരിയാടലോ ഇല്ലാതെ കടുന്നുപോയി. ധനികന്‍റെ ഉമ്മറപ്പടി ദരിദ്രനായി സദാ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. മുറിപ്പെട്ട ലാസര്‍ വേദനയിലും പട്ടിണിയിലും കഴിഞ്ഞു. നായ്ക്കള്‍ അവന്‍റെ വ്രണങ്ങള്‍ നക്കുമായിരുന്നു. എന്നാല്‍ ധനവാന്‍ സമ്പല്‍സമൃദ്ധിയില്‍ ജീവിച്ചു. അന്ത്യവിധിയില്‍ മനുഷ്യപുത്രന്‍റെ രൂക്ഷമായ വിധിവാചകം അനുസ്മരിപ്പിക്കുന്നതാണ് നാം കണ്ട ഉപമയിലെ ആദ്യ രംഗം. “എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ ഭക്ഷണം തന്നില്ല, ദാഹിച്ചപ്പോള്‍ കുടിക്കാന്‍ തന്നില്ല... നഗ്നനായിരുന്നപ്പോള്‍ വസ്ത്രം തന്നില്ല” (മത്തായി 25, 42-43). മാത്രമല്ല എക്കാലത്തും ലോകത്ത് നിലനില്‍ക്കുന്ന  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുദ്ധ്യമാര്‍ന്ന വിരോധാഭാസത്തിന്‍റെ ചിത്രണമാണ് ദരിദ്രനായ ലാസറിന്‍റെയും ധനികന്‍റെയും ഉപമയെന്ന് പാപ്പാ പ്രസ്താവിച്ചു. ലോകത്തിന്‍റെ സമ്പന്നതയും ഉപായസാദ്ധ്യതകളും കുറുച്ചുപേരുടെ കൈക്കലാണ്. ബഹുഭൂരിപക്ഷംപേരും ഇന്നും പട്ടിണിയിലും ദാരിദ്ര്യത്തിലും ലാസറിനെപ്പോലെ ജീവിക്കുന്നു!!
  1. അവസാനം രണ്ടുപേരും മരിച്ചു. ദരിദ്രനും ധനവാനും മരിച്ചു. എല്ലാവരും മരിക്കും. അത് ഒറപ്പാണ്! ധനികന്‍ ദൈവസന്നിധിയില്‍ അബ്രാഹത്തെ “പിതാവേ,” എന്നു വിളിച്ചപേക്ഷിക്കുന്നു (24, 27). ധനാഠ്യന്‍ ദൈവത്തിന്‍റെ പുത്രനാണെന്നും ദൈവജനത്തില്‍ ഉള്‍പ്പെട്ടതാണെന്നും അവകാശപ്പെടുകയാണ്. എന്നാല്‍ സമ്പന്നതയില്‍ മുഴുകി ജീവിച്ച്, എളിയവരോട് നിസ്സംഗത കാട്ടിയവനോട് ദൈവം ഔദാര്യമൊന്നു കാട്ടിയില്ല.

പാവങ്ങളെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിനു തുല്യമാണ്. ഉപമയില്‍ ധനവാനു പേരില്ലന്നത് ശ്രദ്ധേയം. ദരിദ്രനു പേരുണ്ട്, ലസര്‍! ഉപമയില്‍ അത് അഞ്ചു പ്രാവശ്യം ആവര്‍ത്തിക്കുന്നുമുണ്ട്. ലാസര്‍ എന്നാല്‍ ദൈവം മാത്രം തുണയായുള്ളവന്‍.! അതിനാല്‍ ധനികന്‍റെ മുന്നില്‍ വിശന്നും വേദനിച്ചും കിടക്കുന്ന ലാസര്‍മാരെല്ലാം... ദൈവത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണെന്ന് നാം മനസ്സിലാക്കണം. അവര്‍ ദൈവത്തിന്‍റെ പ്രതിച്ഛായകളാണ്.! സമ്പന്നമായ ജീവിതത്തിനല്ല നാം വിധിക്കപ്പെടുന്നത്... മറിച്ച് പാവങ്ങളോടു കാണിക്കുന്ന അവഗണനയ്ക്കും നിസ്സംഗതയ്ക്കുമായിരിക്കും. എന്തു നേടിയെന്നു ദൈവം അന്വേഷിക്കില്ല, സഹോദരങ്ങളോട് എങ്ങനെ വര്‍ത്തിച്ചുവെന്നായിരിക്കും. പാപ്പാ താക്കീതു നല്കി.

  1. ഉപമയുടെ രണ്ടാം രംഗത്തില്‍ കാര്യങ്ങള്‍ അപരിഹാര്യവും ഉപാധികളില്ലാത്തതുമായി മാറുന്നു. ആര്‍ക്കും മാറ്റാനോ മറിക്കാനോ സാധിക്കാത്തതായി മാറുന്നു. നിത്യതിയില്‍ യാതന അനുഭവിക്കുന്ന ധനാഠ്യന്‍ ഇതാ, ഇപ്പോള്‍ പാവപ്പെട്ട ലാസിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുന്നു, അല്പം ജലത്തിനുവേണ്ടിപ്പോലും കെഞ്ചുന്നു. എന്നാല്‍ ലഭിച്ചില്ല! പാവപ്പെട്ടര്‍ ലോകത്തില്ലാത്തതുപോലെ ജീവിച്ച ധനികന്‍ ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിക്കുകയും, അവകാശപ്പെടുകയും ചെയ്യുന്നു. എന്നാല്‍ തിരസ്കൃതനാകുന്നു. ഭൂമിയിലെ നന്മ-തിന്മയും, നീതി-അനീതിയും ദൈവസന്നിധിയില്‍ വേര്‍തിരിക്കപ്പെടുമ്പോള്‍ അവയ്ക്കിടയിലെ ഗര്‍ത്തം അഗാധമായിരിക്കും. അപ്രാപ്യമാംവിധം അകലമുള്ളതായിരിക്കും. ചുരുക്കത്തില്‍ നാം എളിയവരോടും പാവങ്ങളോടും പരിത്യക്തരോടും കാണിക്കുന്ന കാരുണ്യത്തിന് ആനുപാതികമാ‌‌ണ് ദൈവത്തിന് നമ്മളോടുള്ള കാരുണ്യമെന്ന് ഉപമ സ്ഥാപിക്കുന്നു. എന്‍റെ ഹൃദയകവാടത്തില്‍ വന്നു മുട്ടിവിളിക്കുന്ന ലാസര്‍മാരെ ശ്രവിച്ചില്ലെങ്കില്‍, ദൈവം നമ്മെയും ശ്രവിക്കുകയില്ല. ദൈവസന്നിധിയില്‍ നാം തിരസ്ക്കൃതരാകും. അത് ഭീതിദമായിരിക്കും. ഭയാനകമായിരിക്കുമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.
  1. ഒളിഞ്ഞിരിക്കുന്ന രക്ഷയുടെ ദിവ്യരഹസ്യമാണ് ഉപമ വെളിപ്പെടുത്തുന്നതെന്ന് പാപ്പാ അവസാനമായി ഉദ്ബോധിപ്പിച്ചു. ധനികന്‍റെ അടുത്ത ലക്ഷ്യം, ഭൂമിയില്‍ ജീവിക്കുന്ന സഹോദരനെങ്കിലും രക്ഷപ്പെടാനും, അവനെ സഹായിക്കാന്‍ ഭൂമിയിലേയ്ക്ക് ദൂതനെ അയക്കണമെന്നായിരുന്നു. നടന്നില്ല! ഭൂമിയില്‍ പ്രവാചകരും, ദൈവവചനവുമെല്ലാം സഹായമായുണ്ടല്ലോ? വചനം ശ്രവിച്ച് ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്നവരും, അത് പ്രാവര്‍ത്തികമാക്കുന്നവരും രക്ഷയുടെ വഴിയില്‍ നീങ്ങും. വചനം ശ്രവിച്ചിട്ടും പാവങ്ങളോടു കണ്ണുതുറക്കാത്തവര്‍ ഒരിക്കലും ജീവിതവഴികളിലെ എളിയ സഹോദരങ്ങളെ കാണുകയില്ല. അവര്‍ ഹൃദയകാഠിന്യത്തില്‍ ജീവിക്കും..! ഓര്‍ക്കുക... ജീവിതവഴികളിലെ പാവങ്ങളില്‍ ക്രിസ്തുവിനെ കാണണം (മത്തായി 25, 40). ജീവിതസൗഭാഗ്യങ്ങള്‍ തരംതിരിക്കപ്പെടും, തലതിരിക്കപ്പെടും, തലകീഴ്മറിയും. അവ വിഭജിക്കപ്പെടും, വേര്‍തിരിക്കപ്പെടും. ഇത് രക്ഷയുടെ രഹസ്യമാണ്!

മറിയത്തോടൊപ്പം നമുക്കും ഏറ്റുപടാം: ദൈവം ശക്തന്മാരെ അവരുടെ സിംഹാനങ്ങളില്‍നിന്നും താഴെയിറക്കി. എളിയവരെ കൈപിടിച്ചുയര്‍ത്തി. വിശക്കുന്നവരെ അവിടുന്ന വിഭങ്ങളാല്‍ സമൃദ്ധമായി പോറ്റി. എന്നാല്‍ സമ്പന്നരെ വെറുംകയ്യോടെ പറഞ്ഞയച്ചു (ലൂക്കാ.. 1 52-53).








All the contents on this site are copyrighted ©.