2016-05-17 17:45:00

സ്നേഹം അജപാലന സമര്‍പ്പണത്തിന്‍റെ രസതന്ത്രം


അജപാലന ജീവിതത്തിന്‍റെ രസതന്ത്രം സ്നേഹമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 16-ാം തിയതി തിങ്കളാഴ്ച ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ പൊതുസമ്മേളനത്തെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വത്തിക്കാനിലെ സിനഡു ഹാളില്‍വച്ചാണ് പാപ്പാ ഇറ്റലിയുടെ ദേശീയ മെത്രന്‍ സംഘത്തെ അഭിസംബോധനചെയ്തത്.

ഇന്നിന്‍റെ നിഷേധാത്മകമായ സാമൂഹ്യചുറ്റുപാടില്‍ അജപാലന ജീവിതത്തിന്‍റെ രസതന്ത്രം അടിസ്ഥാനപരമായും സ്നേഹമായിരിക്കണമെന്ന് 414 മെത്രാന്മാരുള്ള സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.  ഭൗമികമായ സുരക്ഷിതത്വമോ സ്ഥാനമാനങ്ങളോ നോക്കാതെ സനേഹത്തോടെ മനുഷ്യരുടെ സേവനത്തിന് ഇറങ്ങുന്നതാണ് അജപാലനശുശ്രൂഷ. അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ, ഭരമേല്പിച്ചിരിക്കുന്ന അജഗണങ്ങളുടെ സേവനത്തിനായി ഇറങ്ങുന്ന ജീവസമര്‍പ്പണമാകണം അജപാലന ജീവിതരീതിയെന്ന് പാപ്പാ വ്യക്തമാക്കി.

ലാളിത്യവും എളിമയുമുള്ള ജീവിതവും, ജനങ്ങളുടെ മുന്നില്‍ വിശ്വാസ്യതയുമുള്ള ആത്മീയ നേതൃത്വവും, സ്നേഹവുമുള്ള ഇടയന്മാരെയും ഇന്ന് ലോകത്ത് മനുഷ്യര്‍ തിരിച്ചറിയുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.  എരിയുന്ന മുള്‍ച്ചെടിയിലെ ദൈവികസാന്നിദ്ധ്യത്തെ സമീപിച്ച് തേജസ്സും ഉഷ്മളതയും ആര്‍ജ്ജിച്ച മോശയെപ്പോല ക്രിസ്തുവിന്‍റെ വചനത്തിന്‍റ തീക്ഷ്ണതയാല്‍ എരിഞ്ഞും ചൈതന്യമാര്‍ന്നും മെത്രാന്മാര്‍ ജീവിക്കണം. മണ്‍പാത്രത്തിലെ നിധിപോലെ ദൈവം വിശ്വസിച്ചേല്‍പ്പിച്ച വിളിയോട് വിശ്വസ്തരായ ദൈവരാജ്യസേവകരാകണം അജപാലകരെന്ന് പാപ്പാ വ്യക്തമാക്കി.








All the contents on this site are copyrighted ©.