2016-05-11 08:47:00

ആശയവിനിമയത്തിന്‍റെ സത്തയാണ് കാരുണ്യം: വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ മേധാവി മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ


കരുണയുള്ള വാക്കുകള്‍ നല്ല ആശയവിനിമയത്തിന് അടിസ്ഥാനമെന്ന്, വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.  ആഗോള സഭ മെയ് 8-ാം തിയതി ആചരിച്ച ലോകമാധ്യമദിനത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് മോണ്‍സീഞ്ഞോര്‍ വിഗനോ വത്തിക്കാന്‍ റേഡിയോയ്ക്ക് പ്രസ്താവന നല്കിയത്.

സഭയുടെ 50-ാമത് ലോകമാധ്യമദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തെ ആധാരമാക്കിയാണ് ആര്‍ച്ചുബിഷപ്പ് വിഗനോ അഭിമുഖത്തില്‍ ഇങ്ങനെ വ്യാഖ്യാനിച്ചത്.   (കേരളം ഉള്‍പ്പെടെ, ഭാരതസഭയില്‍ മാധ്യമദിനം ആഘോഷിക്കുന്നത് ജൂണ്‍ 5-ാം തിയതി ഞായറാഴ്ചയാണ്).

വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംസ്ക്കാരങ്ങളെയും തമ്മില്‍ കൂട്ടിയിണക്കുന്ന സൗഹൃദത്തിന്‍റെ പാലം പണിയുന്നത് ശരീരത്തിന്‍റെ ഭാഷയിലൂടെയുള്ള ആശയവിനിമയമാണ്. സാമൂഹിക ജീവിതമേഖലയിലും സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ സാങ്കേതികതയുടെ ലോകത്തും ഒരുപോലെ വാക്കുകളാണ് ആശയവിനിമയത്തിന് അടിസ്ഥാനമെന്ന് പാപ്പായുടെ സന്ദേശത്തെ അധികരിച്ച് മോണ്‍സീഞ്ഞോര്‍ വിഗനോ വിവരിച്ചു.  അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര സുഗമമാക്കുന്ന പാലംപോലെ കൂട്ടിയിണക്കുവാനും ഉള്‍ക്കൊള്ളുവാനും, അങ്ങനെ സമൂഹത്തെ സമ്പന്നമാക്കുവാനും ആശയവിനിമയത്തിന് കരുത്തുണ്ട്. സമാധാനവും സാഹോദര്യവും വളര്‍ത്തുംവിധം തെറ്റിദ്ധാരണകള്‍ ഒഴിവാക്കുവാനും, മുറിപ്പെട്ട ഓര്‍മ്മകള്‍ മായിച്ചുകളയുവാനും വ്യക്തികള്‍  തങ്ങളുടെ വാക്കുകളെയും പ്രവൃത്തികളെയും ശ്രദ്ധാപൂര്‍വ്വം പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന്, അദ്ദേഹം അഭിമുഖത്തില്‍ (ലൂക്കാ ക്ലാവുദിയോട്) അഭിപ്രായപ്പെട്ടു.

വ്യക്തികളിലും സമൂഹങ്ങളിലും വിദ്വേഷം പടര്‍ത്തുന്ന വെറുപ്പിന്‍റെയും വൈരാഗ്യത്തിന്‍റെയും ദൂഷിത വലയത്തില്‍നിന്നും പുറത്തുകടക്കാന്‍ സഹായകമാകണം നമ്മുടെ വാക്കുകളും പ്രവൃത്തികളും. തിന്മയെ ശക്തമായി ചെറുക്കുമ്പോഴും ബന്ധങ്ങളുടെയും ആശയവിനിമയത്തിന്‍റെയും കണ്ണികള്‍ മുറിഞ്ഞുപോകാത്ത വിധത്തില്‍ വാക്കുകള്‍ പ്രോത്സാഹന ജനകവും കൂട്ടായ്മ വളര്‍ത്തുന്നതുമായിരിക്കണമെന്നും വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ ഡയറക്ടറായിരുന്ന ആര്‍ച്ചുബിഷപ്പ് വിഗനോ വ്യക്തിമാക്കി.








All the contents on this site are copyrighted ©.