2016-05-10 09:07:00

വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഉപവിയെക്കുറിച്ചുള്ള ചിന്തകള്‍


റോം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിശുദ്ധ പത്രോശ്ലീഹായുടെ കൂട്ടായ്മ (The Cirlce of St. Peter) എന്ന ഉപവി പ്രസ്ഥാനത്തെ മെയ് 9-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഉപവിയെയും വിശ്വാസത്തെയും ബന്ധപ്പെടുത്തി ഉദ്ബോധിപ്പിച്ചത്.

റോമാ രൂപതയുടെ ഉപവി പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണം അവര്‍ ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ ‘പാവങ്ങളുടെ പക്ഷംചേരുന്ന സഭ’യുടെ പ്രതിബിംബമാണ് വരച്ചു കാട്ടുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. പാവങ്ങളായ രോഗികളുടെയും നിരാലംബരുടെയും പക്കല്‍ ഉപവി  പ്രവൃത്തികളുമായി എത്തുമ്പോള്‍ അവര്‍ക്ക് ക്രിസ്തുവിന്‍റെ കാരുണ്യമാണ് അനുഭവവേദ്യമാകുന്നത്. അങ്ങനെ ക്രിസ്തു സാക്ഷ്യമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന്, അവരുടെ ഉദ്യമങ്ങളെ പ്രശംസിച്ചുകൊണ്ടു പാപ്പാ പ്രസ്താവിച്ചു. അതുവഴി സുവിശേഷവും അതിന്‍റെ സ്നേഹവും കാരുണ്യവും അനുരഞ്ജനവും പാവങ്ങളായവര്‍ക്ക് ലഭ്യമാക്കുകയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മെയ്മാസത്തിലെ മേരിയന്‍ വണക്കിത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശുദ്ധ കന്യകാനാഥയുടെ ജീവിതമാതൃക പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി:

ദൈവത്തിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച നസ്രത്തിലെ മറിയം ഭാഗ്യവതിയായിരുന്നു. തനിക്കു ദൈവം നില്കിയ സൗഭാഗ്യത്തിലും അങ്ങകലെ ജൂദയായിലെ അയിന്‍ കരീമില്‍ ജീവിച്ചിരുന്ന ചാര്‍ച്ചക്കാരിയെ പരിചരിക്കാന്‍ നസ്രിത്തില്‍നിന്നും മറിയം സ്നേഹപൂര്‍വ്വം യാത്രചെയ്തു (ലൂക്ക 1, 45).   എലസബത്തിന്‍റെ പക്കലേയ്ക്കുള്ള മറിയത്തിന്‍റെ സ്നേഹസന്ദര്‍ശനം വിശ്വാസത്തിന്‍റെ പ്രകടനവും, ദൈവസ്നേഹം മറ്റുള്ളവര്‍ക്കു നല്കുന്ന ജീവിതസാക്ഷ്യവുമായിരുന്നു. മറിയം വിശ്വാസത്തിന്‍റെ മാതൃകയും പ്രതിച്ഛായയുമാണ്. യേശുവിനെ ലോകത്തിനു നല്‍കുവാനും അവതരിപ്പിക്കുവാനും ഭാഗ്യം ലഭിച്ചത് ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചവള്‍ക്കാണ്. അതുപോലെ വിശ്വാസത്തിലും സ്നേഹത്തിലും ചെയ്യുന്ന സല്‍പ്രവൃത്തികളാണ് ക്രിസ്തു സ്നേഹത്തിന്‍റെ സാക്ഷ്യമായി മാറുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കാരുണ്യത്തിന്‍റെ ഈ വിശുദ്ധവത്സരം ഉപവി പ്രവൃത്തികളില്‍ വ്യാപൃതരാകുന്ന ഏവര്‍ക്കും വിശ്വാസജീവിതത്തെ നവീകരിക്കുന്ന അവസരമാവട്ടെ! പാപ്പാ ആശംസിച്ചു. ശാരീരികവും മാനസികവുമായ വ്യഥകള്‍ അനുഭവിക്കുന്നവരുടെ പക്കലേയ്ക്ക് ഉപവിപ്രവര്‍ത്തനങ്ങളിലൂടെ - ഭവനസന്ദര്‍ശനങ്ങളിലൂടെയും, തെരുവാസികളുടെ പരിചരണത്തിലൂടെയും, ആശുപത്രി സന്ദര്‍ശനങ്ങളിലൂടെയുമെല്ലാം കാരുണ്യത്തിന്‍റെ വഴികളാണ് നാം താണ്ടുന്നത്. അങ്ങനെ അനുദിനം നാം ചരിക്കുന്ന കാരുണ്യത്തിന്‍റെ വഴികളില്‍ കണ്ടെത്തുന്ന എളിയവരും പാവങ്ങളുമായവര്‍ക്ക് സാന്ത്വനത്തിന്‍റെയും ദൈവികകാരുണ്യത്തിന്‍റെയും അനുഭവം പങ്കുവയ്ക്കുവാനും, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനും സാധിക്കട്ടെയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സുവിശേഷത്തിലെ ഉപവിക്ക് സാക്ഷികളാകുവാനുള്ള സംഘടയുടെ നിരന്തരമായ പരിശ്രമത്തെ വാക്കുകളില്‍ പാപ്പാ ശ്ലാഘിച്ചു, അങ്ങനെ സമൂഹത്തില്‍ പാവങ്ങളും പരിത്യക്തരുമായവര്‍ക്ക്, വിശിഷ്യ സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക് ദൈവികകാരുണ്യം ലഭ്യമാക്കുവാനും, ദൈവസ്നേഹത്തിന്‍റെ അടയാളങ്ങളായി ജീവിക്കുവാനും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.  റോമിന്‍റെ മെത്രാനും ആഗോള സഭാദ്ധ്യക്ഷനുമായ പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധതയുടെ അടയാളമായിയിരിക്കട്ടെ സംഘടന ശേഖരിക്കുന്ന ‘പത്രോസിന്‍റെ ഓരോ ചില്ലിക്കാശെ’ന്നും (Peter’s Pence), അത് സകലരെയും സഭാമൂല്യങ്ങളിലും സാര്‍വ്വത്രിക സഭയോടുള്ള പ്രതിബദ്ധതയിലും കൂട്ടായ്മയിലും ഉറപ്പിച്ചു നിറുത്തട്ടെ!  പാപ്പാ ആശംസിച്ചു.

മറ്റുള്ളവരെ, വിശിഷ്യാ പട്ടണത്തിലുള്ള പാവങ്ങളും പരിത്യക്തരുമായവരെ പിന്‍തുണയ്ക്കുവാനുള്ള ആത്മീയബലം ക്രിസ്തുവിന്‍റെ ഹൃദയത്തില്‍നിന്നും സ്വീകരിക്കാന്‍ പ്രസ്ഥാനത്തിലെ എല്ലാവരുടെയും പ്രാര്‍ത്ഥനാജീവിതം തുണയാകട്ടെ! ഈ അപ്പസ്തോലിക സമര്‍പ്പണത്തില്‍ വ്യാപൃതരായിരിക്കുന്ന സകലരുടെയും കുടുംബങ്ങളെ റോമിന്‍റെ രക്ഷകിയായ പരിശുദ്ധ കന്യകാനാഥ (Salus Populi Romani) തുണയ്ക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.