2016-05-07 15:06:00

സ്വര്‍ഗ്ഗാരോഹണം : മനുഷ്യബന്ധങ്ങള്‍ ദൈവികതയെ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തം


വിശുദ്ധ ലൂക്കായുടെ സുവിശേഷം 24, 46-53

ഇന്നത്തെ സുവിശേഷത്തില്‍ ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നത് ഈശോയുടെ സ്വര്‍ഗ്ഗാരോഹണമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വചനം,  51-ാമത്തെ വചനം പറയുന്നത്, “അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവിടുന്ന് അവരില്‍നിന്ന് മറയുകയും സ്വര്‍ഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെടുകയും ചെയ്തു. അവര്‍ അവിടുത്തെ ആരാധിച്ചു. അത്യന്തം ആനന്ദത്തോടെ ജരൂസലേമിലേയ്ക്ക് മടങ്ങി.” ഇവടെ ശ്രദ്ധിക്കേണ്ടത്, ക്രിസ്തു ശിഷ്യന്മാരില്‍നിന്നും മറഞ്ഞുപോകുമ്പോള്‍ അവര്‍ അത്യധികം ആനന്ദത്തോടെ ജരൂസലേമിലേയ്ക്ക് പോവുകയാണ്. ഇതിലുള്ളൊരു വൈരുദ്ധ്യം മനസ്സിലാക്കണമെങ്കില്‍ ഇതിനു തൊട്ടുമുന്‍പ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയണം. അതായത്, 37-ാമത്തെ വചനത്തില്‍ ക്രിസ്തു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭമാണ്. 37-ഉം 38-ഉം വചനങ്ങളില്‍ നാം വായിക്കുന്നത്, “ഭൂതത്തെയാണ് കാണുന്നതെന്നു വിചാരിച്ച് അവര്‍ ഭയന്നു വിറച്ചു.” ശിഷ്യന്മാര്‍ ഈശോയെ കാണുമ്പോള്‍, ഉത്ഥിതന്‍ അവര്‍ക്ക് പ്രത്യക്ഷപ്പെടുമ്പോള്‍, ശരീരത്തോടെ അവിടുന്ന് അവരുടെ അടുത്തു വരുമ്പോള്‍ ശിഷ്യന്മാര്‍ ഭയന്നു വിറയ്ക്കുന്നു. അടുത്ത വചചനത്തില്‍ - ഈശോ അവരോടു ചേദിക്കുന്നു. “നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്?”

ഇവ തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഈശോയെ കാണുമ്പോള്‍, ശിഷ്യന്മാര്‍ക്ക് ഭയവും അസ്വസ്ഥതയുമാണ് ഉണ്ടാകുന്നത്. എന്നാല്‍ അല്പം കഴിഞ്ഞ് അവിടുന്ന് അവരില്‍നിന്നും മറഞ്ഞുപോകുമ്പോള്‍, സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്തു പോകുമ്പോള്‍ അവര്‍ക്ക് അത്യധികം ആനന്ദമാണ് ഉണ്ടാകുന്നത്. ശ്രദ്ധിക്കേണ്ടത് – നേരില്‍ കാണുമ്പോള്‍ അവര്‍ക്ക് ഭീതിയുണ്ടാകുന്നു. കാണാതാകുമ്പോള്‍ അവര്‍ക്ക് ആനന്ദമുണ്ടാകുന്നു. എന്താണിതിനു കാരണം? സാധാരണ ‘ലോജിക്ക്’, സാധാരണ യുക്തിയില്‍ ചിന്തിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാ സംഭവിക്കേണ്ടത്. മരണംവഴി കടന്നുപോയവനെ കാണുമ്പോഴാണ് സന്തോഷം ഉണ്ടാകേണ്ടത്. തിരികെ കിട്ടുമ്പോഴാണ് സന്തോഷം ഉണ്ടാകേണ്ടത്. എന്നാല്‍ ഇവിടെ കാണുന്നത് നേരെ വിപരീതം!

എന്നാല്‍ ഇവിടെയാണ് ഉത്ഥാനത്തിന്‍റെയും സ്വര്‍ഗ്ഗാരോഹണത്തിന്‍റെയുമെല്ലാം അര്‍ത്ഥം ഒളിഞ്ഞുകിടക്കുന്നത്. ക്രിസ്തു ഉത്ഥാനംചെയ്തു, അവിടുന്നു സ്വര്‍ഗ്ഗത്തിലേയ്ക്കു പോയി, എന്നു പറയുന്നതിന്‍റെതന്നെ പൊരുള്‍, അര്‍ത്ഥം ഇതിലാണു ഒളിഞ്ഞുകിടക്കുന്നത്. കാരണം എന്താണെന്നു ചോദിച്ചാല്‍, the physical intimacy  ശാരീരികമായ സാന്നിദ്ധ്യം, ശാരീരികമായ അടുപ്പവും എന്നു പറയുന്നത്, അതൊരു വഴിയാണ്, അതൊരു മാര്‍ഗ്ഗമാണ്, അതൊരു ആദ്യത്തെ പടിയാണ്. എന്തിന്?

അടുത്തൊരു പടിയിലേയ്ക്കു കടക്കാന്‍...! അതെന്താണെന്നു ചോദിച്ചാല്‍...? അതൊരു ‘സ്പിരിച്വല്‍ ഇന്‍റിമസി’യാണ്  (Spiritual Intimacy). ആത്മീയമായ അടുപ്പം, ആത്മീയമായ സാന്നിദ്ധ്യം. ഫിസിക്കല്‍ പ്രസന്‍സ് Physical Presence  വളര്‍ന്നു വളര്‍ന്ന് അത് ഒരു ഘട്ടം കഴിയുമ്പോള്‍ ആത്മീയ സാന്നിദ്ധ്യത്തിലേയ്ക്കും spiritual presence ആത്മീയ സൗഹൃദത്തിലേയ്ക്കും അല്ലെങ്കില്‍ കൂട്ടായ്മയിലേയ്ക്കും (spiritual intimacy) കടക്കണം.

 

ഈശോ സ്വര്‍ഗ്ഗാരോഹിതനായി, ഉത്ഥിതനായി എന്നു പറഞ്ഞാല്‍... അവരുടെ കണ്‍വെട്ടത്തുനിന്നും മറഞ്ഞുപോയി എന്നു പറഞ്ഞാല്‍, അവരുടെ ഉള്ളിലേയ്ക്ക്, അവരുടെ ആന്തരിക നയനങ്ങള്‍ക്ക് സന്നിഹിതനാകത്തക്ക രീതിയില്‍ അവിടുന്ന് സന്നിഹിതനായി മാറി. എന്നു പറഞ്ഞാല്‍, Physical Presence ശാരീരിക സാന്നിദ്ധ്യം വളര്‍ന്ന് കുറെക്കാലം കഴിയുമ്പോള്‍ അത് Spiritual Intimacy ആന്തരിക ആത്മീയ കൂട്ടായ്മയായി വളരണം.

 

ഉത്ഥിതന്‍റെ സാന്നിദ്ധ്യം എന്നു പറഞ്ഞാല്‍ പഞ്ചേന്ത്രീയങ്ങള്‍ക്ക് വിഷയീഭൂതനല്ലാത്ത ഈശോയുടെ സാന്നിദ്ധ്യം ശിഷ്ന്മാരുടെ കൂടെയുണ്ടായി എന്നാണര്‍ത്ഥം. സ്വര്‍ഗ്ഗാരോഹിതനായി എന്നു പറഞ്ഞാല്‍ അര്‍ത്ഥം, പണ്ടുണ്ടായതിനേക്കാള്‍ കൂടിതല്‍ ശക്തിയോടെ അവിടുന്നു ആത്മീയമായി സന്നിഹിതനായി എന്നാണ്. ഈശോയുടെ സാന്നിദ്ധ്യം പണ്ടുണ്ടായതിനെക്കാള്‍, എന്നു പറഞ്ഞാല്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ശക്തമായി അവര്‍ക്ക് ശരീരികമായിട്ട് അനുഭവവേദ്യമായി എന്നാണ്. അതുകൊണ്ടാണ് അത്യധികം ആനന്ദത്തോടെ അവര്‍ ജരൂസലേമിലേയ്ക്കു പോയത്. പണ്ട് ശരീരത്തോടുകൂടെ ഉണ്ടായിരുന്നതിനെക്കാള്‍ അധികമായൊരാനന്ദം അവര്‍ക്കിപ്പോള്‍ അനുഭവവേദ്യമാകുന്നു. കാരണം അതിലും കൂടിയൊരു അടുപ്പവും, അതിലും കൂടിയൊരു സാന്നിദ്ധ്യവുമാണ് അവര്‍ക്കു ലഭിക്കുന്നത്.

 

ഈശോ ഉത്ഥിതനായി സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണംചെയ്തു എന്നു പറയുന്നതിന്‍റെ അര്‍ത്ഥം, അവിടുന്ന് എന്‍റെ കൂടെയുണ്ട്. അദൃശ്യാനായവന്‍ എന്‍റെ കൂടെയുണ്ട്. ഉത്ഥിതനായവന്‍, മുന്‍പ് എന്നതിനേക്കാള്‍ കൂടുതലായി എന്‍റെ പക്കലുണ്ട്. കണ്ണുകള്‍ക്ക് അദൃശ്യനായവന്‍, കണ്ണുകള്‍ക്ക് അദൃശ്യനായവന്‍ എന്‍റെ കൂടെയുണ്ട്, എന്നുള്ള ബോധ്യമാണത്. ഇതാണ് ഇന്ന് ക്രിസ്തു ശിഷ്യനും ശിഷ്യയ്ക്കും ഉണ്ടാകേണ്ടത്. ഉത്ഥിതനില്‍ ആര്‍ക്കും ഉണ്ടാകേണ്ട ബോധ്യമാണിത്, അദൃശ്യനായവനിലുള്ള ആഴപ്പെട്ട സാന്നിദ്ധ്യം അനുഭവിക്കാന്‍ പറ്റണം. ഈ ഒരു യാഥാര്‍ത്ഥ്യം, അതായത് ശാരീരികമായ അടുപ്പം അല്ലെങ്കില്‍ സാന്നിദ്ധ്യം, ശാരീരികമായ അടുപ്പം വളര്‍ന്ന് വളര്‍ന്ന് ആത്മീയമായ സാന്നിദ്ധ്യത്തിലേയ്ക്ക് അടുക്കുമ്പോഴാണ് അത് പൂര്‍ണ്ണതയിലെത്തുന്നത് എന്ന തത്വം.

അത് ശിഷ്യസമൂഹത്തിന് അവിടുത്തെ ഉത്ഥാനത്തിലും സ്വര്‍ഗ്ഗാരോഹണത്തിലുമാണ് അനുഭവപ്പെട്ടത്. ഇന്നും ക്രിസ്തു ശിഷ്യര്‍ക്ക് അനുഭവപ്പെടുന്ന ഈ യാഥാര്‍ത്ഥ്യം, ഇത് ഏതൊരു ശിഷ്യന്‍റെ ജീവിതത്തിലും ഏതൊരു ശിഷ്യന്‍റെ ബന്ധത്തിലും വന്നു ഭവിക്കേണ്ടതാണ്. പരസ്പര ബന്ധത്തിന്‍റെ ആത്മാവ് എന്നു പറയുന്നത് ഒരു ഫിസിക്കല്‍ പ്രെസന്‍സും  / Physical Presence, ഫിസിക്കല്‍ ഇന്‍റിമസിയും  / Physical Intimacy വളര്‍ന്നു വളര്‍ന്നു വന്ന്, സ്പിരിച്വല്‍ ഇന്‍റിമസിയിലേയ്ക്ക് /spritual intimacy കടക്കുമ്പോഴാണ് മാനുഷികമായ ബന്ധങ്ങള്‍ അതിന്‍റെ പൂര്‍ണ്ണതയിലേയ്ക്ക് എത്തുന്നതും അത് ദൈവികതയുടെ, ആത്മീയതയുടെ അംശങ്ങളെ തൊടുന്നതും.

 

ഒരു ഉദാഹരണം പറയാം, ഏതു മാനുഷിക ബന്ധത്തിലും ഇതു ശരിയാണെന്നു പറയാന്‍ വേണ്ടിയിട്ടാണ്. പ്രത്യേകിച്ച്, ഏറ്റവും അടുത്ത ബന്ധമെന്നൊക്കെ പറയുന്നത് പ്രണയവും ദാമ്പത്യവുമാണല്ലോ. ഉദാഹണം ‘പ്രാഞ്ചിയേട്ടന്‍’ എന്ന സിനിമയാണ്. ആ സിനിമയില്‍ ആദ്യം മുതല്‍ പ്രാഞ്ചിയേട്ടന്‍റെ കൂട്ടുകാരനായിട്ട് ക്ലാസ്സില്‍ മുതല്‍ കൂടെയുള്ള ഒരു ജോസുണ്ട്, സിദ്ദിക് അവതരിപ്പിക്കുന്ന കഥാപാത്രം! അതോടൊപ്പം ഇവരുടെ രണ്ടുപേരുടെയും ക്ലാസ്സില്‍ പഠിക്കുന്ന ഓമന എന്ന കൂട്ടുകാരി, കുശ്ബു അവതരിപ്പിക്കുന്ന കഥാപാത്രം. ചെറുപ്പം മുതലേ പ്രാഞ്ചിക്ക് ഓമനയോട് താല്പര്യമാണ്. പക്ഷെ, ഒരു വിധത്തില്‍ അവന്‍റെ കുരുട്ടു ബുദ്ധികൊണ്ട് ഓമനയെ ജോസ് അടിച്ചുമാറ്റുകയാണ്.

 

പിന്നെ കഥ മുന്നോട്ടു പോകുമ്പോള്‍.... കാലം കടന്ന് കഥ അതിന്‍റെ പൂര്‍ണ്ണമയിലെത്തുമ്പോള്‍... രണ്ടു പേരും ഡോക്ടര്‍മാരായിത്തീരുന്നു. അവര്‍ തൃശൂര്‍ നഗരത്തില്‍ പ്രാക്ടിസ് ചെയ്യുകയാണ് – ജോസും ഓമനയും!  കഥ അതിന്‍റെ സമാപ്തിയിലേയ്ക്കെത്തുമ്പോള്‍ പുണ്യാളന്‍ ഫ്രാന്‍സിസ്... പ്രാഞ്ചേട്ടന് കാണിച്ചുകൊടുക്കുന്ന ദൃശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്... അത് ചെറുപ്പംമുതലേ പ്രാഞ്ചേട്ടന്‍ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്ത ഓമന, അവളെ അടിച്ചുമാറ്റിയ കൂട്ടുകാരന്‍ ജോസ് എന്നിവരുടെ ദാമ്പത്യബന്ധത്തെക്കുറിച്ചുള്ള വിശദീകരണമാണ്, അവസ്ഥയാണ്. കാണിച്ചു കൊടുക്കുന്ന ദൃശ്യം ഇതാണ് - വൈകുന്നേരം രണ്ടുപേരും വരുമ്പോള്‍ എന്താണ്. ഒരേ വീട്ടില്‍ താമസിക്കുന്നു, ഓരേ കട്ടിലില്‍ കിടക്കുന്നു, ഓരേ സ്ഥലത്ത് അന്തിയുറങ്ങുന്നു, പിന്നെ ഒരുമിച്ചു ഭക്ഷിക്കുന്ന ദമ്പതികളുടെ അവസ്ഥ    എന്താണ്?! കേറിവരുന്ന ജോസ്, അവന് വേറൊരു കാമുകിയുണ്ട് അവളുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഓമനയാകട്ടെ, അവള്‍ക്കും വേറൊരു കാമുകനുണ്ട്, അവള്‍ അയാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനര്‍ത്ഥം, ശാരീരികമായിട്ട് ഇവര്‍ ഒരുമിച്ചാണോ അല്ലയോ എന്നതല്ല. അതിനുപരിയായിട്ടുള്ള അടുപ്പമുണ്ട്. അത് ജീവിതത്തില്‍ ഹൃദയത്തിന്‍റെ അടുപ്പമാണ്. അതാണ് പ്രധാനപ്പെട്ടത്. ഇതാണ് സ്പരിച്വല്‍ ഇന്‍റിമസി / Spiritual Intimacy എന്നു പറയുന്നത്.

 

അങ്ങനെ ദാമ്പത്യത്തില്‍ ശാരീരികമായിട്ടുള്ള ബന്ധം ഇന്‍റിമസി പടിപടിയായി വളര്‍ന്ന്, വളര്‍ന്ന് അത് ആത്മീയ ബന്ധമായി സ്പിരിച്വല്‍ ഇന്‍റിമസിയായി പരിണമിക്കണം. മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും അടുപ്പം പോരാ, ആത്മാവിന്‍റെ ഐക്യത്തിലേയ്ക്കും അടുപ്പത്തിലേയ്ക്കും വരുമ്പോഴാണ് ഈ മാനുഷികമായ ബന്ധം ദൈവികതയായി പരിണമിക്കുന്നത്. അതായത് എത്ര അകലെയായിരുന്നാലും കൂടെയുണ്ടെന്നുള്ള ബോധം. കാണുന്നില്ലെങ്കിലും എന്നെ സ്നേഹിക്കുന്നവന്‍ കൂടെയുണ്ടെന്നുള്ള വിശ്വാസം. അകലെയാണെങ്കിലും എന്നെ സ്നേഹിക്കുന്നവള്‍ എന്‍റെ അടുത്തുണ്ട്, എന്നെ ഓര്‍ക്കുന്നുണ്ട് എന്ന ബോധ്യമാണത്. ഇതാണ് സ്പിരിച്വല്‍ ഇന്‍റിമസി / Spiritual Intimacy എന്നു പറയുന്നത്. യഥാര്‍ത്ഥത്തില്‍ പ്രണയത്തിലും ദാമ്പത്യ ബന്ധത്തിലും സംഭവിക്കേണ്ടത് ഈ ഒരു വളര്‍ച്ചയാണ്.

 

അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗാരോഹണം, ഇന്നത്തെ വചനത്തിലൂടെ പറഞ്ഞു തരുന്നത്, ഇന്ന് കുടുംബ ജീവിതത്തിലുള്ള എല്ലാവരോടും പറഞ്ഞു തരുന്നത്, സൗഹൃദങ്ങള്‍ പുലര്‍ത്തുന്ന എല്ലാവരോടും പറഞ്ഞുതരുന്ന സന്ദേശമിതാണ് - ശാരീരികമായിട്ടുള്ള സാന്നിദ്ധ്യവും അടുപ്പവും ആത്മീയമായ അടുപ്പത്തിലേയ്ക്കും, അദൃശ്യമായിട്ട് ഇരിക്കുമ്പോഴും കൂടെയുണ്ടെന്ന അനുഭവത്തിലേയ്ക്കും ബോധ്യത്തിലേയ്ക്കും കടക്കുമ്പോഴാണ് മനുഷ്യബന്ധങ്ങളൊക്കെ ദൈവികതയെ സ്പര്‍ശിക്കുന്നത്. അതാണ് പുനരുത്ഥാനവും സ്വര്‍ഗ്ഗാരോഹണവും ഈശോയുടെ ശിഷ്യന്മാര്‍ക്ക്...! ഇന്നും ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്കു പറഞ്ഞുകൊടുക്കുന്ന സന്ദേശമിതാണ് - ഈശോ നമ്മുടെ കൂടെയുണ്ട്!! നാം കാണുന്നില്ലെങ്കിലും അവിടുന്നു നമ്മുടെ കൂടെയുണ്ട്. അദൃശ്യമാണെങ്കിലും അവിടുന്നു നമ്മുടെ കൂടെയുണ്ട്... ആഴപ്പെട്ട സാന്നിദ്ധ്യമായിട്ട്! എന്നെ സ്നേഹക്കുന്നവന്‍റെ, എന്നെ സ്നേഹിക്കുന്നവളുടെകൂടെ ഞാനുണ്ട്. പോരാ, എന്നെ സ്നേഹിക്കുന്നവന്‍, എന്നെ സ്നേഹിക്കുന്നവള്‍... ശാരീരികമായിട്ട് എന്‍റെ കൂടെയില്ലെങ്കിലും എന്‍റെ കൂടെയുണ്ട്. എന്‍റെ ഹൃദയത്തിലുണ്ട്. എന്‍റെ നന്മ ആഗ്രഹിച്ചുകൊണ്ട് എന്‍റെ ചുറ്റിനുമുണ്ട്.

 

ഈ ആത്മീയ ബന്ധത്തിലേയ്ക്ക് വളര്‍ന്നുവരുന്നതിനായി പ്രാര്‍ത്ഥിക്കാം. ഈശോയേ, അങ്ങു കാണിച്ചു തരുന്ന ബന്ധത്തിന്‍റെ വളര്‍ച്ചയിലേയ്ക്ക് ഞങ്ങളെ അങ്ങു കൈപിടിച്ചുയര്‍ത്തേണമേ. നാഥാ, ഞങ്ങള്‍ അങ്ങയെ ശാരീരികമായി കണ്ണുകള്‍കൊണ്ട് കാണുന്നില്ല, ഞങ്ങള്‍ അങ്ങയെ ചെവികള്‍കൊണ്ട് ഇന്നു കേള്‍ക്കുന്നില്ല. ഞങ്ങളുടെ. അങ്ങയെ ഞങ്ങള്‍ക്ക് ശാരീരികമായി സ്പര്‍ശിക്കാനാവുന്നില്ല, എങ്കിലും അങ്ങ് ഉത്ഥിതനായവന്‍, സ്വര്‍ഗ്ഗാരോഹിതനായവന്‍ കൂടെയുണ്ടെന്ന വിശ്വാസം ഞങ്ങള്‍ക്കു അങ്ങ് നല്‍കുന്നുണ്ട്. ഈശോയേ, അങ്ങ് ഈ വിശ്വാസത്തെ ആഴപ്പെടുത്തേണമേ!  അങ്ങു ഞങ്ങളുടെ കൂടെയുണ്ടെന്നുള്ള അനുഭവം ഞങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആഴപ്പെടുത്തേണമേ! അതൊടൊപ്പം തന്‍റെ ഞങ്ങള്‍ക്കേറ്റം പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവള്‍, ഞങ്ങടെ പ്രിയപ്പെട്ടവര്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട് എന്ന ആത്മീയ അനുഭവത്തിലേയ്ക്കും അങ്ങു ഞങ്ങളെ കൈപിടിച്ചു നടത്തണമേ. അതിനുള്ള അനുഗ്രഹം ഞങ്ങളുടെ ബന്ധങ്ങളിലെല്ലാം അങ്ങ് ഉരുവാക്കണമേ, ആമ്മേന്‍!








All the contents on this site are copyrighted ©.