2016-05-05 07:56:00

സംവാദം സമാധാന പാതയിലെ നിര്‍മ്മിതിയാണെന്ന് പാപ്പാ ഫ്രാന്‍സിസ്


യോര്‍ദ്ദാന്‍റെ തലസ്ഥാനമായ അമാനില്‍നിന്നുമെത്തിയ മതാന്തസംവാദ സംഗമത്തെ മെയ് 4-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ പരാമര്‍ശിച്ചത്. യോര്‍ദ്ദാന്‍റെ രാജാവ് അബ്ദുള്ളയുടെ നാമത്തില്‍ തലസ്ഥാനനഗരമായ  അമമാനില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര മത സൗഹാര്‍ദ്ദത്തിനും സംവാദത്തിനുമുള്ള സ്ഥാപമാണ് ( King Abdullah Bin Abdulaziz International Center for Interreligious and Intercultural Dialogue – KAICIID Dialogue Center)  മതങ്ങളുടെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

മദ്ധ്യപൂര്‍വ്വദേശത്തും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും അരങ്ങേറുന്ന യുദ്ധവും അഭ്യന്തരകാലപങ്ങളും, വിശിഷ്യാ മതങ്ങളുടെ പേരില്‍ നടമാടുന്ന കലാപങ്ങള്‍ക്കുംമദ്ധ്യേ നടത്തപ്പെടുന്ന മതാന്തര  സംവാദസംഗമം സമാധാനത്തിന്‍റെ പാതിയിലെ നിര്‍മ്മിതിയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. മാനവികതയെ കൂട്ടായ്മയില്‍ കരുപ്പിടിപ്പിക്കുന്ന സാഹോദര്യത്തിന്‍റയും സമാധാനത്തിന്‍റെയും സംഗമാണിതെന്ന് 50-ല്‍പ്പരം വരുന്ന രാജ്യാന്തര പ്രതിനിധിസംഘത്തെ പാപ്പാ പ്രസ്താവിച്ചു.

2014-മെയ് മാസത്തിലെ തന്‍റെ ജോര്‍ദ്ദാന്‍ ചരിത്ര സന്ദര്‍ശനം ചാരിതാര്‍ത്ഥ്യത്തോടെ കൂടിക്കാഴ്ചയില്‍ പാപ്പാ അനുസ്മരിച്ചു. സംവാദത്തിന്‍റെ ഉദ്യമങ്ങള്‍ നിര്‍മ്മിതികളാണ്.  അവ സമാധാനത്തിന്‍റെ പാതയിലെ നാഴികക്കല്ലുകളാണെന്നും, സമാധാനത്തിന്‍റെ സമൂഹം കെട്ടിപ്പടുക്കുവാന്‍ അവ നിമിത്തമാകുമെന്നും പാപ്പാ വിശേഷിപ്പിച്ചു.

സ്വാര്‍ത്ഥതയില്‍നിന്നും പുറത്തുകടന്ന് അപരനെ ശ്രവിക്കുന്ന പ്രക്രിയയാണ് സംവാദം. രണ്ടു വാക്കുകള്‍ ചേര്‍ന്ന് ഒരു ചിന്തയുണ്ടാകുന്നു. ചിന്തകള്‍ പങ്കുയ്ക്കപ്പെടുമ്പോള്‍ സമാധാനപാതിയിലെ‍ ആദ്യപടിയായി അത് പരിണമിക്കും. തുടര്‍ന്നും പരിശ്രമിക്കുന്നത് ‘സമാധാന നിര്‍മ്മിതി’യാണ്. വാക്കുകളിലൂടെ ഹൃദയങ്ങള്‍ സംഗമിക്കുന്നതാണ് സുഹൃദ്ബന്ധത്തില്‍ വളരുന്ന സംവാദം. വാക്കുകളുടെയും ഹൃദയങ്ങളുടെയും കരങ്ങളുടെയും സംഗമവും സമാഗമവും ആര്‍ക്കും, ഒരു കുഞ്ഞിനുപോലും ചെയ്യാവുന്നതാണെങ്കിലും – പക്വമാര്‍ന്നവര്‍ അതു ചെയ്യുന്നില്ല. അതുകൊണ്ടാണ് സമൂഹത്തിലെയും രാഷ്ട്രങ്ങളിലെയും സമാധാനനിര്‍മ്മിതി വിദൂരസ്വപ്നമായി നിലകൊള്ളുന്നത്. നമുക്ക് ഒരു പിതാവാണുള്ളത്. ഒരു ദൈവമേയൂള്ളൂ! അതിനാല്‍ നാം സഹോദരങ്ങളാണ്!

വിസ്തൃതമായ ചിന്തയുടെ ഈ പാതിയില്‍ നമുക്കു ചരിക്കാം. ഈ പാത നല്ലതാണെന്ന് മനസ്സിലാക്കുന്നവരും, അതു അംഗീകരിക്കുന്നവരുമാണു നിങ്ങള്‍, അതുകൊണ്ടുതന്നെയാണ് നിങ്ങള്‍ വത്തിക്കാനില്‍ വന്നതെന്ന് തനിക്ക് അറിയാമെന്നും പാപ്പാ പ്രസ്താവിച്ചു. സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പാതിയിലെ സംവാദത്തിന്‍റെ പരിശ്രമങ്ങള്‍ വിജയിക്കട്ടെ!   ഈ ആശംസയോടെയാണ് പാപ്പാ ഹ്രസ്വമായ പ്രഭാഷണം ഉപസംഹരിച്ചത്.

ഓരോരുത്തര്‍ക്കുവേണ്ടിയും, സമാധാനത്തിന്‍റെ ഈ ഉദ്യമത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ ഉറപ്പുനല്കി. അവസാനമായി, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകതെന്നും സംഗമത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.