2016-05-05 20:08:00

വെനസ്വേലയുടെ രാഷ്ട്രീയ ചുറ്റുപാടില്‍ പാപ്പാ ഫ്രാന്‍സിസ് ആശങ്ക രേഖപ്പെടുത്തി


തെക്കെ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളില്‍ പാപ്പാ ഫ്രാന്‍സിസ് പ്രതിബദ്ധത പ്രകടമാക്കിയെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.  വെനസ്വേലന്‍ പ്രസി‍ഡന്‍റ്, നിക്കോളാസ് മദൂരോയ്ക്ക് വ്യക്തിപരമായി എഴുതിയ കത്തിലൂടെ അവിടുത്തെ സാമൂഹ്യരാഷ്ട്രീയ പ്രതിസന്ധികളില്‍, വിശിഷ്യ ജനങ്ങളുടെ യാതനകളി‍ല്‍ പാപ്പാ ഫ്രാന്‍സിസ് ആശങ്ക പ്രകടപ്പിച്ചുവെന്ന വാര്‍ത്ത, മെയ് 5-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ ഫാദര്‍ ലൊമ്പാര്‍ഡി സ്ഥിരീകരിച്ചു.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവിശ്വസ്തതയും രാജ്യത്തെ അഴിമതിയുംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ ഏറെയാണ്. ഭക്ഷ്യവസ്തുക്കള്‍, ജലം, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യവും, തുച്ഛമായി ലഭ്യമായ നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റവും രാജ്യത്തെവിടെയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. മാനുഷിക യാതനയുടെ പച്ചയായ ഈ സാഹചര്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്  പ്രസിഡന്‍റ് മദൂരോയ്ക്ക് കത്തെഴുതിയതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

സംവാദത്തിലൂടെയും സഹകരണത്തിലൂടെയും വെനസ്വേലയുടെ സാമൂഹ്യ രാഷ്ട്രീയ സുസ്ഥിതിക്കായി പരിശ്രമിക്കണമെന്ന പൊതുഅഭ്യര്‍ത്ഥനയാണ് പാപ്പാ കത്തിലൂടെ നടത്തിയിരിക്കുന്നതെന്നു മാത്രം കത്തിന്‍റെ ഉള്ളടത്തെക്കുറിച്ച് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.  വെനസ്വേലന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ പാപ്പാ തന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ (Urbi et Orbi Message) നീതിക്കായും രാഷ്ട്രീയ സമഗ്രതായ്ക്കായും പരസ്യമായി നടത്തിയ അഭ്യര്‍ത്ഥന ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കാരിത്താസ്, പ്രാദേശിക സഭകളുടെ സംഘടനകള്‍ എന്നിങ്ങനെ വെനിസ്വേലയില്‍ നിലവിലുള്ള സഭയുടെ ഉപവിപ്രവര്‍ത്തന സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ അടിയന്തിരാവസ്ഥയില്‍ പിന്‍തുണയ്ക്കണമെന്ന്, അവിടത്തെ ദേശീയ സഭാ നേതൃത്വത്തോടും സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ആള്‍ദോ ജോര്‍ദാനോയോടും സന്ദേശത്തിലൂടെ പാപ്പാ പ്രത്യേകം ആവശ്യപ്പെട്ടിട്ടുള്ളതായി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.