2016-05-04 19:11:00

വൈദികരുടെ ജൂബിലിയാചരണം വത്തിക്കാനില്‍ : ജൂണ്‍ രണ്ട് മൂന്ന് തിയതികളില്‍


വൈദികരുടെ ജൂബിലയാചരണം വത്തിക്കാനില്‍ ജൂണ്‍ 2, 3 തിയതികളില്‍ നടത്തപ്പെടും.  ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി വൈദികരുടെ പ്രതിനിധികള്‍ ‘കാരുണ്യകവാടം’ കടക്കാന്‍ വത്തിക്കാനിലെത്തും.

വൈദികരുടെ സംഗമത്തിന്‍റെ ആദ്യദിനമായ ജൂണ്‍ രണ്ടാം തിയതി, വ്യാഴാഴ്ച റോമിലെ മൂന്നു മെയ്ജര്‍ ബസിലിക്കകളില്‍ - വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സിലും, റോമന്‍ ചുവരിനു പുറത്തുള്ള സെ‍ന്‍റ് പോള്‍സിലും, റോമിന്‍റെ ഹൃദയഭാഗത്തുള്ള സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലും സംഗമിക്കുന്ന വൈദികരുടെ കൂട്ടായ്മകളെ പാപ്പാ ഫ്രാന്‍സിസ് ഡിജീറ്റല്‍ ശ്രൃംഖലയിലൂടെ തത്സമയം അഭിസംബോധനചെയ്ത്, അവരെ ധ്യാനചിന്തകളിലൂടെ നയിക്കും. അന്ന് മുഴുവാനായും വൈദികര്‍ ധ്യാനത്തിലും പ്രാര്‍ത്ഥനയിലും വിചിന്തനത്തിലും ചെലവഴിക്കും.

രണ്ടാം ദിനം, ജൂണ്‍ 3-ാം തിയതി വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ (The Solemnity of Sacred Heart of Jesus) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ സംഗമിക്കുന്ന വൈദികരുടെ കൂട്ടായ്മയില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിച്ച് വചനചിന്തകള്‍ പങ്കുവയ്ക്കും. തുടര്‍ന്ന് വൈദികര്‍ക്കിടയിലേയ്ക്ക് പാപ്പാ ഇറങ്ങിച്ചെന്ന് അവരെ അഭിവാദ്യംചെയ്യും.

ജൂബിലി പരിപാടികളുടെ ഉത്തരവാദിത്തം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for New Evangelization) പ്രസി‍ഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ മെയ് 4-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.








All the contents on this site are copyrighted ©.