2016-04-28 20:19:00

ഭൂപടത്തിന്‍റെ ചിത്രമണ്ഡപം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു


വത്തിക്കാന്‍ മ്യൂസിയത്തിലെ ഭൂപടത്തിന്‍റെ ചിത്രമണ്ഡപം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു. വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയും വത്തിക്കാന്‍ മ്യൂസിയവും തമ്മില്‍ കൂട്ടിയിണക്കുന്ന  360 അടി, അല്ലെങ്കില്‍ 120 മീറ്റര്‍ നീളമുള്ള ഇടനാഴിയാണ് ഭൂപടങ്ങളുടെ ചിത്രമണ്ഡപമെന്ന്  (Gallery of Maps) അറിയപ്പെടുന്നത്. വിസ്തൃതവും ദൈര്‍ഘ്യവുമുള്ള ഇടനാഴിയുടെ പാര്‍ശ്വങ്ങളിലെ വന്‍ഭിത്തികളിലാണ് ഭൂപടചിത്രീകണം നടത്തിയിരിക്കുന്നത്.

ഇടനഴിയുടെ ബൃഹത്തായ ഭിത്തിയുടെ 40 പ്രതലങ്ങളില്‍ ഇററലിയുടെയും, അതിന്‍റെ വലുതും ചെറുതുമായ ദ്വീപുകളുടെയും, കുന്നുകള്‍ താഴ്വാരങ്ങള്‍ പുഴകള്‍ നദികള്‍ പാലങ്ങള്‍ എന്നിവയുടെയും, ദേവാലയങ്ങള്‍ വന്‍മന്ദിരങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെയുമെല്ലാം വിശദമായ വര്‍ണ്ണ ച്ചുവര്‍ ചിത്രീകരണം സംവിധാനംചെയ്യപ്പെട്ടത് 500 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗ്രിഗരി ഏട്ടാമന്‍ പാപ്പായുടെ കാലത്താണ്. തങ്ങളുടെ ഇടവകപ്പള്ളിയും വീടും തോടും കുന്നും താഴ്വാരവുമെല്ലാം തൊട്ടുകാണിക്കാവുന്നതുപോലെ വിസ്തൃതവും കൃത്യതയുമുള്ള ഭൂപടങ്ങള്‍ ഇറ്റലിക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമാണ്.

1581-ല്‍ പണിതീര്‍ന്ന, സിസ്റ്റൈന്‍ കപ്പേളയുടെ മഹാമണ്ഡപവും വത്തിക്കാന്‍ മ്യൂസയത്തിന്‍റെ അര്‍ദ്ധമണ്ഡപവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ഭൂപടങ്ങളുടെ ചിത്രമണ്ഡപം രൂപകല്പനചെയ്തു തീര്‍പ്പിച്ചത് ഇറ്റലിയിലെ ബൊളോഞ്ഞ യൂണിവേഴ്സിറ്റിയിലെ ഭൂമിശാസ്ത്രജ്ഞനും പ്രാപഞ്ചികഘടന  ശാസ്ത്രജ്ഞനുമായിരുന്ന (Geographer and Cosmographer)  ഇഗ്നാസിയോ ദാന്തിയാണ്.

നാലുവര്‍ഷത്തോളം നീണ്ട ഭൂപട ചിത്രമണ്ഡപത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടത്തിയത് അമേരിക്കക്കാരായ കലാകാരന്മാരും പുനരുദ്ധാരണ വിദഗ്ദ്ധരുമായിരുന്നു. കൂടാതെ അമേരിക്കയിലെ‍ കത്തോലിക്കര്‍ക്കിടയിലെ പുരാവസ്തു സംരക്ഷണ സംഘടനയാണ് പുനരുദ്ധാരണത്തിനാവശ്യമായ എല്ലാ ചെലവുകളും വഹിച്ചത്.   കാലം കണ്ട അത്യപൂര്‍വ്വ കലാസൃഷ്ടിയുടെ ചിത്രമണ്ഡപം സംരക്ഷിക്കുവാനും നിലനിറുത്തുവാനുമായി കോടികളാണ് മുടക്കിയിട്ടുള്ളത് (ശരാശരി 2 Million Euros).

 








All the contents on this site are copyrighted ©.