2016-04-28 17:41:00

പ്രയോജകനും പ്രയോക്താവും പരിശുദ്ധാത്മാവുതന്നെ : പാപ്പാ ഫ്രാന്‍സിസ്


അപ്പസ്തോല നടപടി പുസ്തകം വിവരിക്കുന്ന (നടപടി 15, 7-29) ജരൂസലത്തെ ആദ്യ സൂനഹദോസിന്‍റെ പശ്ചാത്തലത്തിലാണ് സഭയുടെ ആദികാരണകനും പ്രയോക്താവുമായ പരിശുദ്ധാത്മാവിനെക്കുറിച്ച് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത്. ഏപ്രില്‍ 28-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 

സഭയുടെ ആരംഭം മുതല്‍ അപ്പസ്തോലന്മാര്‍ക്ക് സുവിശേഷം പ്രഘോഷിക്കുവാനുള്ള ശക്തി നല്കിയതും, പ്രതിസന്ധികളുണ്ടായപ്പോള്‍ അവരെ മുന്നോട്ടു നയിച്ചതും, പീഡനങ്ങള്‍ മുറുകിയപ്പോള്‍ ധീരതയോടെ അവ നേരിടാനുള്ള കെല്പുനല്കിയതും പരിശുദ്ധാത്മാവാണെന്ന് ആമുഖമായി തന്‍റെ വചനചിന്തയില്‍ പാപ്പാ ചൂണ്ടിക്കാട്ടി. 

തിരഞ്ഞെടുക്കപ്പെട്ട ജനത്തെ നയിക്കാനാണ് ക്രിസ്തു വന്നത്. അതിനാല്‍ മോശയുടെ കല്പനകള്‍ പാലിക്കപ്പെടണം, വിജാതിയരുടെ ജ്ഞാനസ്നാനത്തില്‍ പരിച്ഛേദനകര്‍മ്മം വേണം എന്നിങ്ങനെ സഭയിലെ ചിലര്‍ വാദിക്കുവാനും തര്‍ക്കിക്കുവാനും തുടങ്ങി. അതോടെ സഭയില്‍ വലിയ ആശയക്കുഴപ്പവും ചേരിതിരിവും ഉണ്ടായി. പ്രശ്നം അപ്പസ്തോലന്മാരുടെ മുന്നിലെത്തിയപ്പോള്‍, കര്‍ത്താവിന്‍റെ അരൂപി അവരെ നവമായൊരു കാഴ്ചപ്പാടിലേയ്ക്കും തീരുമാനത്തിലേയ്ക്കും നയിക്കാന്‍ ഇടയായി.  പഴയരീതികളിലും പഴയനിയമത്തിലും അല്ലെങ്കില്‍ കടിച്ചുതൂങ്ങി കിടക്കുമായിരുന്നവരെ പരിശുദ്ധാത്മാവ് നവമായ വഴികളിലൂടെ മുന്നോട്ടുനയിച്ചു. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തതും, കേട്ടുകേള്‍വിപോലും ഇല്ലാത്തതുമായ കാര്യങ്ങളിലേയ്ക്കാണ് അരൂപി അവരെ നയിച്ചത്.

വിജാതിയര്‍ക്കും പരിശുദ്ധാത്മാവിനെ സ്വീകരിക്കാം. കാരണം ദൈവമാണ് അവരുടെ ഹൃദയങ്ങളെ വിശ്വാസംകൊണ്ടു നിറച്ചത് (നടപടി 15, 8). ആരെയും ആശ്ചര്യപ്പെടുത്തുന്ന വിധത്തില്‍ പത്രോശ്ലീഹയാണ് എതിര്‍പ്പുകള്‍ക്കിടയിലും ഈ മറുപടി പറഞ്ഞത്. അരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുറവുള്ളവരായിരിക്കണം. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാം കാതോര്‍ക്കണം. പാപ്പാ ഇങ്ങനം ഉദ്ബോധിപ്പിച്ചു.

പരിഹരിക്കാനാവാത്ത വിധം ചൂടുപിടിച്ച പ്രശ്നങ്ങള്‍ ഉണ്ടായിട്ടും, പൗലോസിനെയും ബര്‍ണബാസിനെയും കേള്‍ക്കുവാനുള്ള സന്മനസ്സു അപ്പസ്തോലന്മാര്‍ കാണിച്ചു. അതായിരുന്നു ജരൂസലേമിലെ ആദ്യ സൂനഹദോസിന്‍റെ വിജയം! ദൈവം വിജാതിയരുടെ ഇടയില്‍ പ്രവര്‍ത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ അപ്പസ്തോലന്മാരുമായി പങ്കുവച്ചു. അതു  കേള്‍ക്കുവാന്‍ അവര്‍ സന്നദ്ധരായി. അതിനുള്ള തുറവ് അവര്‍ക്കുണ്ടായി. എളിമയോടെ കേള്‍ക്കാന്‍ സന്നദ്ധനല്ലാത്തവന്‍റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഉണ്ടാവില്ല. അവരില്‍ അരൂപി പ്രവര്‍ത്തിക്കില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. പരിശുദ്ധാത്മാവിനോട് തുറവുള്ളിടങ്ങളില്‍ നവമായവ സംഭവിക്കുന്നു, നവീകരണം യാഥാര്‍ത്ഥ്യാമാകുന്നു. അരൂപി നമ്മെ ആശ്ചര്യപ്പെടുത്തുന്നു! ചിലപ്പോള്‍ അമ്പരപ്പിക്കുന്നു!!

ആദിമ സഭയിലെന്നപോലെ ആധുനികയുഗത്തിലും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നവീകരണ പദ്ധതികള്‍ക്കുണ്ടായ എതിര്‍പ്പുകള്‍ സുവിശേഷ പ്രഭാഷണത്തില്‍ പാപ്പാ അനുസ്മരിപ്പിച്ചു. എന്നാല്‍ തുറവോടെ കേള്‍ക്കുവാനും പങ്കുവയ്ക്കുവാനും ചര്‍ച്ചചെയ്യുവാനും, സാവധാനം തീരുമാനങ്ങള്‍ എടുക്കുവാനും സന്നദ്ധരായാല്‍ കര്‍ത്താവിന്‍റെ അരുപി നമ്മെ നവമായ തീരുമാനങ്ങളിലേയ്ക്കും, പുതിയ വഴികളിലേയ്ക്കും, നവകീരണത്തിലേയ്ക്കും നയിക്കുമെന്ന് പാപ്പാ സ്ഥാപിച്ചു.

അരൂപിയോടു വിധേയത്വവും തുറവുമുള്ളവരായി ജീവിക്കുവാനും, അവിടുത്തെ നവീകരണത്തിന്‍റെ അത്ഭുതങ്ങള്‍ ഉള്‍ക്കൊള്ളുവാനുമുള്ള കരുത്തുനല്കണമേ! സഭയ്ക്കു പൊതുവെയും, ‍സഭാമക്കള്‍ക്ക് ഓരോരുത്തര്‍ക്കും നന്മയായിട്ടുള്ളതു ചെയ്യുവാനുള്ള കൃപനല്കണമേ!! ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വചനചിന്തകള്‍ പാപ്പാ ഉപസംഹരിച്ചത്.  

 








All the contents on this site are copyrighted ©.