2016-04-27 20:00:00

വിശുദ്ധിയുടെ പടവുകളിലെ വാഴ്ത്തപ്പെട്ടവരും രക്തസാക്ഷികളും ദൈവദാസരും


വാഴ്ത്തപ്പെട്ട അല്‍ഫോന്‍സ് ഫുസ്ക്കോയുടെയും ധന്യനായ ജോണ്‍ സളിവന്‍റെയും മാദ്ധ്യസ്ഥ്യത്തില്‍ ലഭിച്ച അത്ഭുത   രോഗശാന്തികളുടെയും, 44 രക്തസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്‍റെയും, മറ്റ് എട്ട് ദൈവദാസരുടെ വീരോചിതപുണ്യങ്ങളുടെയും വിശദാംശങ്ങളുള്ള ഡിക്രി വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചിരുന്നു.  ഏപ്രില്‍ 26-ാം തിയതി ചൊവ്വാഴ്ച പാപ്പാ അംഗീകരിച്ച ഡിക്രിയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

  1. വാഴ്ത്തപ്പെട്ട അല്‍ഫോന്‍സ് മരിയ ഫുസ്കോയുടെ മദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. ഇനി അദ്ദേഹം വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. വൈദികജീവിതത്തിലെ തീക്ഷ്ണതയും പാവങ്ങള്‍ക്കായുള്ള സമര്‍പ്പണവുമാണ് ഇറ്റലിക്കാരനായ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സോ മരിയ ഫുസ്കോയെ (1839-1910) വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തിയത്. സമൂഹത്തിലെ നിര്‍ധനര്‍ക്കായി തുടങ്ങിയ പദ്ധതിയെ പിന്‍തുണയ്ക്കാന്‍ മാഗ്ദലീന്‍ കപ്പൂത്തോ എന്ന വനിതയുടെ സഹായത്തോടെ ഫുസ്കോ സ്ഥാപിച്ച സന്ന്യാസസഭയാണ് സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള സഹോദരിമാരുടെ സമൂഹമായി മാറിയത്.
  1. ധന്യനായ ജോണ്സളിവന്‍റെ (1861-1933) മദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗ ശാന്തിയും ഡിക്രിയിലൂടെ പാപ്പാ അംഗീകരിച്ചതുവഴി അയര്‍ലണ്ടുകാരനും ഈശോസഭാംഗവുമായ മിഷണറി വൈദികന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

         രക്തസാക്ഷിപദം ചൂടുന്നുവരുടെയും മറ്റു ദൈവദാസരുടെയും പേരുവിവരങ്ങള്‍:

  1. കപൂച്ചിന്‍ സഭാംഗവും മെത്രാനുമായിരുന്ന അല്‍ബേനിയന്‍ രക്തസാക്ഷി,  ദൈവദാസന്‍ വിന്‍സെന്‍റ് പ്രനൂഷിയും അദ്ദേഹത്തിന്‍റെ 37 അനുചരന്മാരും (1945-1974).
  1. ബനഡിക്ടൈന്‍ സന്ന്യാസവൈദികനും രക്തസാക്ഷിയുമായ ദൈവദാസന്‍, ജോസഫ് ആന്‍റണ്‍ മസൂമും അദ്ദേഹത്തിന്‍റെ മൂന്നു സഹകാരികളും 1936-ല്‍ രക്തസാക്ഷിത്വം വരിച്ചു.
  1. രൂപതാവൈദികനായിരുന്ന ദൈവദാസന്‍ തോമസ് ചോ യാങ്-യോപ് (1821-1861)
  1. ഇറ്റലിക്കാരനും ക്രിസ്തുരാജന്‍റെ ദാസികളുടെ സന്ന്യാസ സഭാ സ്ഥാപകനുമായ  കപ്പൂചിന്‍ വൈദികന്‍ ദൈവദാസന്‍, സോസിയോ പ്രേത്തെ (1885-1952).
  1. കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികനും ദൈവദാസനുമായ വെനാന്‍സിയോ കത്താര്‍സിനേക് (1889-1921).
  1. വ്യാകുലമാതാവിന്‍റെ സഹോദരിമാരുടെ സഭാസ്ഥപകയും ദൈവദാസിയുമായ മരിയ എമിലിയ പാസ്ക്വലീന (1845-1900).
  1. ദൈവമാതാവിന്‍റെ നാമത്തിലുള്ള ഫ്രാന്‍സിസ്ക്കന്‍ സഹോദരികളുടെ സഭാസ്ഥാപക ദൈവദാസി, ക്യാതറീന്‍ കരാസ്ക്കോ തെനോറിയോ (1840-1917).
  1. ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ കുടുംബത്തിന്‍റെ നാമത്തിലുള്ള സഭാസ്ഥാപകയും ദൈവദാസിയുമായ മരിയ ലൗറാ ബറാജിയ (1851-1923).
  1. ദിവ്യകാരുണ്യത്തിന്‍റെ കുഞ്ഞുമിഷണറിമാരുടെ സഭാസ്ഥാപകയായ  ദൈവദാസി ഈലിയ കൊര്‍സാറോ (1897-1977).
  1. വിശുദ്ധ കുരിശിന്‍റെ സംഖ്യത്തിലെയും ‘ഓപൂസ് ദേയി’ (Opus Dei) പ്രസ്ഥാനത്തിലെയും അംഗം, ദൈവദാസി മരിയ മോണ്‍സെറാത് ഗ്രാസെസ് ഗാര്‍ഷിയ (1941-1959).

 








All the contents on this site are copyrighted ©.