2016-04-23 16:05:00

ജീവിതനൊമ്പരങ്ങളിലെ അദൃശ്യമായ ദൈവികസാന്നിദ്ധ്യം


പെസഹാക്കാലം 5-ാം വാരം ഞായറാഴ്ചത്തെ  സുവിശേഷ വിചിന്തനം

വിശുദ്ധ യോഹന്നാന്‍ 13, 31-35

ഇന്നത്തെ സുവിശേഷഭാഗത്ത് ശ്രദ്ധിക്കേണ്ട വചനം ആദ്യത്തെ വചനം തന്നെയാണ്. “അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു” (യോഹ. 13, 31). ‘അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍...’ എന്ന് ഈശോ പറയുന്നത് യൂദാസിനെക്കുറിച്ചാണ്. യൂദാസ് ഭക്ഷണസമയത്ത് യേശുവില്‍നിന്ന് അപ്പം സ്വീകരിച്ച് പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്നതാണ് തൊട്ടുമുന്‍പ് സുവിശേഷം വിവരിക്കുന്നത്. യൂദാസ് പുറത്തേയ്ക്കു ഇറങ്ങിപ്പോകുന്നത് നമുക്കറിയാം യേശുവിനെ ഒറ്റിക്കൊടുക്കാനാണ്. അത് ഈശോയ്ക്കും അറിയാം. അത് ഈശോ സൂചിപ്പിക്കുന്നുണ്ട്.

ഇത്രയും പറഞ്ഞിട്ട് യൂദാസ് ഇറങ്ങിപ്പോകുമ്പോള്‍... സ്വന്തം ശിഷ്യന്‍ ഈശോയെ ഒറ്റിക്കൊടുക്കാന്‍ പോകുമ്പോള്‍, ഈശോയെ കൊലപ്പെടുത്താന്‍ പോകുമ്പോള്‍, അവിടുത്തെ ചതിയില്‍ വീഴ്ത്താന്‍ അരുമശിഷ്യന്‍ ഇറങ്ങിപ്പോകുമ്പോള്‍ ഈശോ പറയുന്ന വചനമാണ്... “ഇതാ, മഹത്വപ്പെടാനുള്ള സമയം ആഗതമായിരിക്കുന്നു”വെന്ന്. ഇത് വളരെ വിചിത്രമാണ്! തനിക്ക് ഇഷ്ടപ്പെട്ട 12 പേരില്‍ ഒരുവന്‍, ഇത്രയുംകാലം ഒരുമിച്ചു കൊണ്ടുനടന്ന ശിഷ്യസമൂഹത്തില്‍ ഒരുവന്‍..., അതായത് തന്‍റെ പ്രിയപ്പെട്ടവരില്‍, തന്‍റെ കൂടെക്കൊണ്ടു നടന്നവരില്‍ ഒരാള്‍... തന്നെ ചതിക്കുകയും, ശത്രുവിന്‍റെ കരങ്ങളില്‍ ഏല്പിച്ചുകൊടുക്കുകയും - അതും വധിക്കപ്പെടാന്‍വേണ്ടി ഏല്പിച്ചുകൊടുക്കുകയും ചെയ്യുവാന്‍പോകുന്ന സമയമാണ്. അപ്പോഴാണ് പറയുന്നത്... “മഹത്വപ്പെടാന്‍ പോകുന്നു.”

ജീവിതത്തില്‍ ഏറ്റവും വലിയ വിനാശം സംഭവിക്കാന്‍ പോകുന്ന സമയത്ത് ഈശോ പറയുന്നു, “ഇതാ! ഞാന്‍ മഹത്വപ്പെടാന്‍ പോകുന്നു!!” ഇങ്ങനെ ഒരു കാഴ്ചപ്പാടിന്, കാര്യങ്ങള്‍ വീക്ഷിക്കുന്നതിന് കാര്യമെന്താണ്? കാരണം വളരെ വ്യക്തമാണ്. യൂദാസ് തന്നെ ഒറ്റിക്കൊടുക്കും. ഈശോ തന്‍റെ പീഡാനുഭവവും, അതിനുശേഷമുള്ള മരണവുമൊക്കെ കാണുന്നു. അവയാണ് ഈശോ കാണുന്നത്, മറിച്ച് യൂദാസിനെയോ, പീലാത്തോസിനെയോ, തന്‍റെ ഒറ്റുകൊടുക്കലിനെയോ, ശത്രുപക്ഷത്തെയോ അല്ല! ഇതിന്‍റെയൊക്കെ പിന്നില്‍ ഒളിച്ചിരിക്കുന്ന ദൈവത്തിന്‍റെ കരം, ഇതൊക്കെ നടപ്പിലാക്കുന്ന ദൈവത്തിന്‍റെ പദ്ധതി, ഇതാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ് അവിടുന്നു പറയുന്നത്, “മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയം ആഗതമായിരിക്കുന്നു” (യോഹ. 12, 23).

ഇവിടെ പ്രധാനപ്പെട്ട ചേദ്യം, നൊമ്പരപ്പെടുന്നവന്‍ ജീവിതത്തില്‍ ഏതാണ്, എന്താണ് കാണുന്നത് എന്നുള്ളതാണ്. യൂദാസിനെയും, യൂദാസിന്‍റെ ചുംബനവും, യൂദാസിന്‍റെ ഒറ്റിക്കൊടുക്കലും കാണുകയാണെങ്കില്‍ ക്രിസ്തുവിന്‍റെ ജീവിതവും ഹൃദയവും മനസ്സും തകരും. എന്നാല്‍ അതു സംഭവിക്കുമ്പോള്‍ അതിന്‍റെ പിന്നിലുള്ള ദൈവത്തിന്‍റെ പദ്ധതിയും ദൈവത്തിന്‍റെ കരവും ദൈവത്തിന്‍റെ ഇഷ്ടവും കാണുകയാണെങ്കിലോ..!?  അപ്പോള്‍ അതിലൂടെ സംഭവിക്കുന്ന മഹത്വപ്പെടല്‍ കാണുവാനുള്ള കാഴ്ചപ്പാടു ലഭിക്കുന്നു. വേദനകള്‍ അംഗീകരിക്കുവാനുള്ള ഹൃദയവും ലഭിക്കുന്നു. നൊമ്പരങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുവാന്‍ കരുത്തുലഭിക്കുന്നു. ദൈവികപദ്ധതി മനസ്സിലാക്കുവാനും അത് അംഗീകരിക്കുവാനുമുള്ള തുറവ് യേശുവിന്‍റെ ജീവിതത്തില്‍ എപ്പോഴും ഉള്ളതാണ്! ഈശോ ഒറ്റുകൊടുക്കപ്പെടുന്നതിനെക്കുറിച്ചു സമാന്തര സുവിശേഷങ്ങള്‍ പറയുന്നത് “മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടാനുള്ള സമയമായിരിക്കുന്നു ” (യോഹ. 5, 22). മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടാന്‍ പോകുന്നു. കര്‍മ്മണിപ്രയോഗമാണ് പറയുന്നത്. Passive voice-ലാണ് ഇവിടെ പറയുന്നത്. യഹൂദ പശ്ചാത്തലത്തില്‍ കര്‍മ്മണിപ്രയോഗത്തില്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ കര്‍ത്താവ് ദൈവമാണ്. ഏല്പിക്കപ്പെടാന്‍ പോകുന്നു എന്നു പറയുമ്പോള്‍ മനുഷ്യപുത്രനെ ആര് ഏല്പിക്കുന്നു എന്നാണ്? ദൈവം കൈയ്യേല്പിക്കുന്നു! അപ്പോള്‍ യൂദാസെന്ന ഒറ്റുകാരന്‍ ഒറ്റുകൊടുക്കുമ്പോള്‍ അവിടുത്തെ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കുന്നത് തമ്പുരാന്‍ തന്നെയാണ്. പിതാവിന്‍റെ പദ്ധതിയാണ് നിവര്‍ത്തിതമാകുന്നത്. ദൈവം തന്നെയാണ് അതില്‍ ഇടപെടുന്നത്. ഈ ദൈവത്തിന്‍റെ കരം... പിതാവിന്‍റെ കരം കാണുവാനുള്ള ഈശോയുടെ വലിയ കാഴ്ചപ്പാടായിരുന്നു അവിടുത്തെ ജീവിതവിജയം. അതുകൊണ്ടാണ് ഒറ്റിക്കൊടുക്കപ്പെടുമ്പോഴും പീഡയനുഭവിക്കമ്പോഴും മരിക്കുമ്പോഴും, മനുഷ്യപുത്രന്‍ മഹത്വപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് നിങ്ങളുടെയും എന്‍റെയും ജീവിതത്തിന്‍റെ അനുഭവമാണ്. അതായത് നമ്മുടെയൊക്കെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ്  ജീവിതത്തില്‍ പലതും വന്നു ഭവിക്കുന്നത്. നമ്മെ വിശ്വസിച്ചവര്‍ നമ്മെ ചതിക്കുന്നു. നാം ഇഷ്ടപ്പെടുന്നവര്‍ ആ സ്നേഹമോ നന്ദിയോ കാണിക്കാതിരിക്കുന്നു. അങ്ങനെ ജീവിതത്തില്‍ അപ്രതീക്ഷിതമായതു സംഭവിക്കുമ്പോള്‍ എങ്ങനെയാണ് നാം പ്രതികരിക്കുന്നത്? എങ്ങനെയാണ് പ്രതികരിക്കേണ്ടത്, ഈശോ അതുതുന്നെയാണ് നമുക്ക് പറഞ്ഞുതരുന്നത്.

ഇനി, ഒരു വീട്ടിലെ രണ്ടു സഹോദരങ്ങളുടെ കഥ പറയാം. രണ്ടുപേരും തമ്മില്‍ ഒരു വയസ്സിന്‍റെ അന്തരമേയുള്ളൂ. മൂത്തവള്‍ മേരി, ഇളയവന്‍ ടോമി. രണ്ടുപേരും ഒരുമിച്ചു വളര്‍ന്നു വരികയാണ്. ഇവര്‍ക്ക് ഒന്നാം ക്ലാസ്സില്‍ ചേരേണ്ട സമയമായി. അപ്പോള്‍ ഇതാ, അങ്ങളയ്ക്ക്, അനുജന് ചേച്ചിയുടെകൂടെ സ്ക്കൂളില്‍ പോകണമെന്ന് നിര്‍ബന്ധം! പക്ഷെ കൊണ്ടുപോകാന്‍ പറ്റുകില്ലല്ലോ. ചേച്ചി, മേരി അനുജനെ പറഞ്ഞ് ഒന്ന് ആശ്വിസിപ്പിക്കാന്‍ നോക്കുന്നു. “മോന്‍.. ഇവിടെ നില്ക്ക്! ഞാന്‍ സ്കൂളില്‍പ്പോയി പഠിച്ചു കഴിഞ്ഞ് മടങ്ങിവന്നിട്ട്, പഠിച്ചതെവ്വാം എല്ലാദിവസവും നിന്നെയും പഠിപ്പിച്ചു തരാം.” അങ്ങനെ രണ്ടുപേരും തമ്മില്‍ ധാരണയായി. സ്ക്കൂളില്‍പ്പോക്കും തുടങ്ങി. ചേച്ചി രാവിലെ സ്ക്കൂളില്‍ പോകും, വൈകുന്നേരം തിരിച്ചുവരും. എന്നിട്ട് അന്ന് അവള്‍ പഠിച്ചതൊക്കെ ഇരുന്ന് ഇവനെയും പഠിപ്പിക്കും. അങ്ങനെ ഒരുമിച്ചു പഠിച്ചു പഠിച്ചു വരികയാണ്. സ്ക്കൂളില്‍ അക്ഷരമാല പഠിപ്പിച്ചു, അതും വീട്ടില്‍വന്ന് കുഞ്ഞാങ്ങളയെ പഠിപ്പിച്ചു. അവന്‍ അതെല്ലാം പഠിച്ചെടുത്തു.

പിന്നെ ഒരുദിവസം അവള്‍ സ്ക്കൂളില്‍നിന്നും തിരിച്ചുവരുമ്പോള്‍ ആങ്ങള ടോമി, വീടിന്‍റെ പടിയിറങ്ങിവന്നു വീട്ടുമുറ്റത്തു നില്ക്കുകയാണ്. ചേച്ചിയെ സ്വീകരിക്കാന്‍ നില്ക്കുകയാണ് അവന്‍. കാരണമെന്താ? അവനെ ചേച്ചി പഠിപ്പിച്ച അക്ഷരങ്ങളെല്ലാം അവന്‍ എഴുതി. എഴുതിയത് ചേച്ചിയെ കാണിക്കാനുള്ള ആവേശത്തിലാണ് ടോമി. ചേച്ചി വന്നതും ടോമി, അവളെ കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയി. ദാ, വീടിന്‍റെ ഭിത്തിയേല്‍ വലിയ അക്ഷരത്തില്‍ കരികൊണ്ട് വെള്ളപൂശിയ ഭിത്തിയില്‍ എഴുതിവച്ചിരിക്കുന്നു. ചേച്ചിയുടെ പേരാണ് എഴുതിവച്ചിരിക്കുന്നത്. മേരിയെ വീട്ടിലും നാട്ടുകാരുമൊക്കെ വിളിക്കുന്നത് മേരിക്കുട്ടീന്നാ. ഇതാ, ആങ്ങള എഴുതിവച്ചിരിക്കുന്നു... ‘മൂരിക്കുട്ടി.....!’ മേരിക്കുട്ടീന്ന് എഴുതിയത് മാറിപ്പോയതാ! ഇതു വായിച്ചിട്ട് അവളുടെ കണ്ണുനിറയുകയാണ്. അതായത്, തന്‍റെ കുഞ്ഞാങ്ങളുടെ ഗുരുദക്ഷിണയാണിത്! തന്‍റെ പേര് ആദ്യം എഴുതിക്കാണിക്കാനുള്ള സ്നേഹമാണ് അവള്‍ അതിന്‍റെ പിന്നില്‍ കണ്ടത്. ഇല്ല, നാളെമുതല്‍ ഇതുകണ്ട് നാട്ടുകാര്‍ തന്നെ ‘മൂരിക്കുട്ടീ’ന്നു വിളിക്കും... എന്നുള്ള സങ്കടവും വരാം...!  

ജീവിതത്തില്‍ അപ്രതീക്ഷതമായത്. നമ്മെ മുറിപ്പെടുത്തുന്നതും, വേദനിപ്പിക്കുന്നതുമായ സംഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. അതു ചിലപ്പോല്‍ ഒന്നല്ല, നിരവധി വന്നു ഭവിക്കാം. അവ വന്നു കൂടുമ്പോള്‍, അതിന്‍റെ പുറകിലുള്ള കാര്യങ്ങള്‍ നമുക്ക് കാണാന്‍ പറ്റണം. പുറമെയുള്ള നമ്മുടെ നൊമ്പരവും വേദനയും... ശരി!   അവ ധാരാളം കാണും, നാം അവ അനുഭവിക്കേണ്ടി വരും. എന്നാല്‍ അതിന്‍റെ പിറകില്‍... ദൈവികപദ്ധതി കാണാനാകുമോ!?  നാം ഈശോയുടെ ജീവിതത്തിലേയ്ക്കു നോക്കിയാല്‍ അതിന്‍റെ പുറകിലുള്ള ദൈവത്തിന്‍റെ പദ്ധതിയാണ്! ദൈവത്തിന്‍റെ കരമാണ്!! ഇതെല്ലാം അനുവദിക്കുന്ന ദൈവത്തിന്‍റെ പദ്ധതി കാണാന്‍ അവിടുത്തേയ്ക്കു സാധിച്ചു. അപ്പോഴാണ് മഹത്വീകരണം, മനുഷ്യപുത്രന്‍ മഹത്വപ്പെടുന്നത്. നമ്മുടെ ജീവിതത്തിന്‍റെ മഹത്വത്തിനുവേണ്ടി ദൈവം ഒരുക്കുന്നതാണെന്നുള്ള തിരിച്ചറിവ് അനുദിനജീവിതത്തില്‍ അനിവാര്യമാണ്!

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ 15-ാം അദ്ധ്യായത്തില്‍ ഈശോ തന്നെ ഇത് വേറൊരു രീതിയില്‍ പറയുന്നുണ്ട്. “ഞാന്‍ മുന്തിരിച്ചെയും നിങ്ങള്‍ ശാഖകളുമാണ്. പിന്നെ ദൈവം കൃഷിക്കാരന്‍...”  (യോഹ. 15, 5). ഈശോ ഒരു കാര്യം പറയുന്നത്. “ശാഖകള്‍ വെട്ടപ്പെടും...” അങ്ങനെ വെട്ടപ്പെടുമ്പോള്‍, മുറിപ്പെടുന്ന അനുഭവം ഉണ്ടാകുമ്പോള്‍ രണ്ടുതരം ശാഖകളാണ് ഉണ്ടാകുന്നത്. ഒന്ന് ഫലം പുറപ്പെടുവിക്കുന്നതും, മറ്റേത് കരിഞ്ഞുപോകുന്നതും (യോഹ. 15, 6). ഇതു പറയുന്നത്... ജീവിതത്തില്‍ നൊമ്പരങ്ങളും കഷ്ടതങ്ങളും വേദനകളും വന്നുഭവിക്കുമ്പോള്‍ രണ്ടു രീതിയില്‍ ശാഖകള്‍ പ്രതികരിക്കാം. ഒരു തരത്തിലുള്ള ശാഖകള്‍ തായ്ത്തടിയോടു ചേര്‍ന്നു നില്ക്കും. വെട്ടി നിറുത്തപ്പെടുമ്പോള്‍ ആ ശാഖകള്‍ ചെയ്യുന്നത് തായ്ച്ചെടിയോടു ചേര്‍ന്നുനില്ക്കുന്നു. അങ്ങനെ കൂടുതല്‍ ഫലഫണിയുവാനുള്ള ആവേശത്തോടെ മുറിപ്പെടലിന്‍റെ വേദനയും എല്ലാ ജീവിതനൊമ്പരവും അംഗീകരിക്കുന്നു, സ്വീകരിക്കുന്നു. അതില്‍നിന്നും അവസാനം വലിയ ഫലമാണ് ഉണ്ടാകുന്നത്, വലിയഫലം.! നൊമ്പരങ്ങള്‍ വന്നു ഭവിക്കുമ്പോള്‍ അതിന്‍റെ പിന്നിലുള്ള ദൈവത്തിന്‍റെ പദ്ധതിയും പ്ലാനും ദൈവത്തിന്‍റെ കരങ്ങളും കാണുവാന്‍ സാധിച്ചാല്‍ അത് ദൈവസാന്നിദ്ധ്യത്തോടു കൂടുതല്‍ ചേര്‍ന്നുനില്ക്കുവാനുള്ള വലിയ അവസരമായി മാറുമത്. ദൈവികപദ്ധതിയോടു കൂടുതല്‍ ചേര്‍ന്നുനില്ക്കുമ്പോള്‍ അതുവഴി മനുഷ്യപുത്രന്‍ മഹത്വപ്പെടുന്ന അനുഭവം ഉണ്ടാകുന്നു. ദൈവഹിതം ജീവിതത്തില്‍ സ്വീകരിക്കപ്പെടുന്നു. അതുവഴി കൂടുതല്‍ ഫലം പുറപ്പെടുവിക്കാനും അവര്‍ക്കു സാധിക്കുന്നു.  

മറ്റൊരു തരം ശാഖകളോ വെട്ടപ്പെടുമ്പോള്‍ അവ തായ്ത്തടിയില്‍നിന്നു അകന്നുനില്ക്കുന്നു. അങ്ങനെ കരിഞ്ഞുപോകുന്നു. ഈശോ നമ്മോട് ആവശ്യപ്പെടുന്നതും സ്വന്തം ജീവിതത്തിലൂടെ കാണിക്കുന്നതും ഇതാണ്. ചേര്‍ന്നു നില്ക്കുക, ചേര്‍ന്നു നില്ക്കുക! നൊമ്പരങ്ങള്‍ ഉണ്ടാകുമ്പോള്‍, നൊമ്പരങ്ങളുടെ അടിയിലും മുകളിലുമുള്ള ദൈവഹിതം കാണുവാന്‍ ദൈവത്തോടു ചേര്‍ന്നു നല്ക്കുന്നു. അങ്ങനെ ദൈവത്തിന്‍റെ ഹിതം, ദൈവത്തിന്‍റെ പദ്ധതി കാണാന്‍ പറ്റുമ്പോള്‍, കൂടുതല്‍ ദൈവഹിതത്തോടും ദൈവമനസ്സോടും ചേര്‍ന്നുനില്ക്കുവാന്‍ സാധിക്കും.

നമുക്ക് പ്രാര്‍ത്ഥിക്കാം.

ഈശോയേ, ക്രൂശിതനായവനേ, നിന്‍റെ ജീവിതത്തില്‍ പീഡകളും കുരിശുമരണവും അങ്ങ് അനുഭവിച്ചപ്പോള്‍ അങ്ങു കണ്ടത്, അതിന്‍റെ പിന്നിലെ ദൈവത്തിന്‍റെ പദ്ധതിയും, ദൈവിക കരങ്ങളുമാണ്. ഈശോയേ, ഞങ്ങളുടെ ജീവിതത്തിലും നൊമ്പരങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍, വിശിഷ്യ ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ ഞങ്ങളെ ഉപേക്ഷിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന വേദനയില്‍..  അതിന്‍റെ പിന്നിലെ ദൈവഹിതം കാണുവാനും, അത് അന്വേഷിക്കുവാനുമുള്ള ദൈവകൃപ അങ്ങു ഞങ്ങള്‍ക്കു തരണമേ, ആമേന്‍!     








All the contents on this site are copyrighted ©.