2016-04-22 09:59:00

‘സ്നേഹത്തിന്‍റെ ആനന്ദം’ സഭയുടെ അജപാലനപ്രതിബദ്ധത


സഭയ്ക്ക് കുടുംബങ്ങളോടുള്ള കാലികമായ പ്രതിബദ്ധത പ്രകടമാക്കുന്ന പ്രമാണരേഖയാണ്  Amoris Laetitia സ്നേഹത്തിന്‍റെ ആനന്ദ’മെന്ന് കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവിച്ചു.

രണ്ടു സിന‍ഡുകളുടെ പഠനങ്ങള്‍ക്കുശേഷവും രണ്ടുപ്രാവശ്യം ലോകത്തെ പ്രദേശിക സഭകളുമായുള്ള ചര്‍ച്ചകള്‍ക്കും കഴിഞ്ഞ്, 30 പ്രാവശ്യം പാപ്പാ ഫ്രാന്‍സിസ് തുടര്‍ച്ചയായി കുടുംബങ്ങളെക്കുറിച്ചു നടത്തിയ പ്രബോധന പരമ്പരകളിലൂടെയുമെല്ലാം ഉരുത്തിരിഞ്ഞതാണ് ‘സ്നേഹത്തിന്‍റെ ആനന്ദ’മെന്ന് (The Post-synodal Document : Amoris Laetitia) ആര്‍ച്ചുബിഷപ്പ് പാലിയ സമ്മേളനത്തെ ഉദ്ബോധപ്പിച്ചു.  മെത്രാന്മാരുടെ രണ്ടു സിനഡുകളിലെ ചര്‍ച്ചകളിലൂടെ കുടുംബങ്ങളുടെ സന്തോഷവും സ്വാതന്ത്ര്യവും, സംഘട്ടനങ്ങളും വേദനകളും, വിശിഷ്യാ മുറിപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയുമെല്ലാം പഠിക്കുകയും വിലയിരുത്തുകയുംചെയ്തു. അതില്‍നിന്നും വളര്‍ന്ന കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും വീക്ഷണത്തില്‍ രൂപംകൊണ്ടിട്ടുള്ള സഭയുടെ കാലികമായ അജപാലന പ്രബോധനമാണ് ‘സ്നേഹത്തിന്‍റെ ആനന്ദ’മെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ സ്ഥാപിച്ചു.

കുടുംബങ്ങളുടെ ആശകളോടും പ്രത്യാശകളോടും, ദുഃഖങ്ങളോടും ആശങ്കകളോടും സഭ എന്നും കാണിച്ചിട്ടുള്ള പതറാത്ത പ്രതിബദ്ധത കാരുണ്യത്തിന്‍റെ നവമായ കാഴ്ചപ്പാടില്‍ പാപ്പാ ഫ്രാന്‍സിസ് ഈ പ്രബോധനത്തിലൂടെ ലോകത്തിന് നല്കുകയാണ്. ക്രിസ്തുവിന്‍റെ അനന്തമായ കാരുണ്യത്തിന്‍റെയും അതില്‍ ഊന്നിക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കേണ്ട ആഴമായ അജപാലന സമര്‍പ്പണത്തിന്‍റെയും അടിസ്ഥാനം ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രത്യേകതയാണ്. ആര്‍ച്ചുബിഷപ്പ് പാലിയ പ്രബന്ധത്തില്‍ വ്യക്തമാക്കി.  

സഭയുടെ പുതിയ പ്രബോധനത്തെക്കുറിച്ച് ഇറ്റലിയിലെ സര്‍ക്കാരേതര സംഘടനകള്‍ക്കായി (NGOs) ഏപ്രില്‍ 21-ാം തിയതി വ്യാഴാഴ്ച റോമില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് പാലിയ ഇങ്ങനെ വിവരിച്ചത് .








All the contents on this site are copyrighted ©.