2016-04-21 18:22:00

പാപ്പാ ഫ്രാന്‍സിസ് ഹെബ്രായസമൂഹത്തിന് പെസഹാശംസകള്‍ നേര്‍ന്നു


റോമിലുള്ള യഹൂദസമൂഹത്തിന്‍റെ പ്രധാനപുരോഹിതന്‍, റിക്കാര്‍ദോ സേഞ്ഞിക്ക്  ഏപ്രില്‍ 21-ാം തിയതി വ്യാഴാഴ്ച അയച്ച കത്തിലൂടെയാണ് യഹൂദസമൂഹത്തിന് പെസഹായുടെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ പാപ്പാ ഫ്രാന്‍സിസ് നേര്‍ന്നത്. ഈജിപ്തിലെ ബന്ധനത്തില്‍നിന്നും മോചിച്ച് വാഗ്ദത്തനാട്ടിലേയ്ക്ക് തന്‍റെ ജനത്തെ നയിച്ച സര്‍വ്വശക്താനായ ദൈവം ഇന്നും ജീവിതബന്ധനങ്ങളില്‍നിന്നു ഈ ജനത്തെ മോചിച്ച് നന്മയിലേയ്ക്കു നയിക്കാന്‍ പെസഹാമഹോത്സവം സഹായകമാകട്ടെയെന്ന് സന്ദേശത്തില്‍ പാപ്പാ ആശംസിച്ചു.

ഏപ്രില്‍ 22-മുതല്‍ 30-വരെ തിയതികളിലാണ് ലോകമെമ്പാടുമുള്ള യഹൂദസഹോദരങ്ങള്‍ പെസഹാത്തിരുനാള്‍ ആചരിക്കുന്നത്. ഈജിപ്തിലെ അടിമത്വത്തില്‍നിന്നും ദൈവം ഇസ്രായേല്യരെ  വിമോചിച്ചതിന്‍റെ ഓര്‍മ്മയും ആചരണവുമാണിത്.  യഹൂദ സമൂഹത്തില്‍ ദൈവം സമൃദ്ധമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ, നിങ്ങളെ സംരക്ഷിക്കട്ടെ, അവിടുത്തെ കാരുണ്യം കലവറയില്ലാതെ ചെരിയപ്പെടട്ടെയെന്നും പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, ഇരുസമൂഹങ്ങളും തമ്മിലുള്ള സൗഹൃദം ഇനിയും ഊട്ടിയുറപ്പിക്കപ്പെടാന്‍ ഇടയാവട്ടെയെന്നു പ്രസ്താവച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 2016 ജനുവരി 17-ാം തിയതി റോമിലെ തേംപിയോ മജോരെ യഹൂദപ്പള്ളിയിലേയ്ക്കും സമൂഹത്തിലേയ്ക്കും നടത്തിയ സാഹോദര്യ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മകള്‍ പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.








All the contents on this site are copyrighted ©.