2016-04-18 08:19:00

ഗ്രീസിലെ സംയുക്തപ്രസ്താവന : അഭയാര്‍ത്ഥികള്‍ക്കായി മാനവകുലത്തോടുള്ള അഭ്യര്‍ത്ഥന


ഏപ്രില്‍ 16-ാം തിയതി ശനിയാഴ്ച ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കവെയാണ് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍, ഗ്രീസിന്‍റെ ആകമാനം ഓര്‍ത്തഡോക്സ് സഭാതലവന്‍ ആര്‍ച്ചുബിഷപ്പ് ഇറേനിമോസ് എന്നിവരോടു ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചത്  (Joint Declaration An Appeal to humanity for the refugees in crisis). പ്രസ്താവനയുടെ സംക്ഷിപ്തരൂപം ചുവടെ ചേര്‍ക്കുന്നു:

അഭയാര്‍ത്ഥികളുടെ ദാരുണാവസ്ഥയില്‍ സഹാനുഭാവവുമായിട്ടാണ് ക്രൈസ്തവ കൂട്ടായ്മയുടെയും വിശ്വസാഹോദര്യത്തിന്‍റെയും പ്രതീകമായി ഞങ്ങള്‍ വേദനിക്കുന്ന അഭയാര്‍ത്ഥികളുടെ പക്കല്‍ എത്തിയത്. പീഡനവും യുദ്ധവും കലാപങ്ങളും ഭയന്നുള്ള മാനവികതയുടെ ഭീമമായ പ്രതിസന്ധിയാണിത്. പ്രസ്താവനയുടെ ആമുഖത്തില്‍ പിതാക്കന്മാര്‍ ചൂണ്ടിക്കാട്ടി. ലെസ്ബോസിലെ കുടിയേറ്റക്കാരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കുമ്പോള്‍, രാജ്യാന്തരവും രാഷ്ട്രീയവുമായ ഇടപെടലും പിന്‍തുണയും സഹായവും അവര്‍ അടിയന്തിരമായി അര്‍ഹിക്കുന്നുണ്ട്.

തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്നു സഭകള്‍ ആവതുചെയ്യുന്നുണ്ട്. ഇനിയുമത് തുടരുമെന്ന് പ്രസ്താവന വ്യക്തമാക്കി. ഒപ്പം ദാരുണമായ ഈ മനുഷ്യക്കുരുതിക്കും കെടുതിക്കും കാരണമാക്കിയ യുദ്ധത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും അതിക്രമങ്ങളെയും പ്രസ്താവന അപലപിച്ചു. ലോകമഹായുദ്ധങ്ങള്‍ക്കുശേഷം ‘യൂറോപ്പ് അനുഭവിക്കുന്ന വന്‍മാനവിക ദുരന്ത’മാണിതെന്ന് പ്രസ്താവന വിശേഷിപ്പിച്ചു.

സാഹോദര്യ മനഃസ്ഥിതിയോടെ അടിയന്തിര അവസ്ഥയിലായവരെ തുണയ്ക്കണമെന്ന്, സുവിശേഷം ഉദ്ദരിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ നാമത്തില്‍ ലോകത്തോട് പിതാക്കന്മാര്‍ അഭ്യര്‍ത്ഥിച്ചു. “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം... എനിക്കുതന്നെയാണ് ചെയ്തത്”.  ക്രിസ്തുവിന്‍റെ വാക്കുകള്‍ ഉദ്ധരിക്കപ്പെട്ടു (മത്തായി 25, 36). ക്രിസ്തുവിനോട് വിധേയത്വമുള്ളവരെന്ന നിലയില്‍ ഈ മാനവിക വെല്ലുവിളിയെ ക്രൈസ്തവകൂട്ടായ്മയും സഭകളും ആവുന്നത്ര നേരിടും. ആവശ്യത്തിലായിരിക്കുന്ന അഭയാര്‍ത്ഥികളെ തുണയ്ക്കും. അതുപോലെ അഭയാര്‍ത്ഥികളുടെ അടിസ്ഥാന അവകാശങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങളും മാനിക്കുന്നത് ക്രൈസ്തവ സഭകള്‍ ഒന്നുചേര്‍ന്ന് ശുശ്രൂഷയായി സ്വീകരിക്കുമെന്നും സംയുക്തപ്രസ്താവന വ്യക്തമാക്കി.

അവസാനമായി അഭയാര്‍ത്ഥികള്‍ക്കും അവരെ തുണയ്ക്കുന്ന സകലര്‍ക്കും ഈ സന്ദര്‍ശനം ധൈര്യവും പ്രത്യാശയും പകരട്ടെ! വേദനിക്കുന്ന ഈ ജനതയുടെ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഗണക്കിണമെന്ന അന്താരാഷ്ട്ര സമൂഹത്തോടുള്ള അഭ്യര്‍ത്ഥനയോടും പ്രാര്‍ത്ഥനയോടും കൂടിയാണ് സംയുക്ത പ്രസ്താവന ഉപസംഹരിക്കപ്പെട്ടത്.

അഭയാര്‍ത്ഥികളുടെയും ഗ്രീസിന്‍റെ പ്രസിഡന്‍റ് അലക്സിസ് സിപ്രാസിന്‍റെയും സാന്നിദ്ധ്യത്തില്‍ മൂന്നു സഭാ നേതാക്കന്മാരും സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചു. ഗ്രീസിലെ അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ ഇംഗ്ലിഷ് ഭാഷയില്‍ വായിച്ചു പ്രസിദ്ധപ്പെടുത്തിയ ശേഷമാണ് സംയുക്ത പ്രസ്താവനയില്‍ സഭാനേതാക്കള്‍ മൂന്നുപേരും ഒപ്പുവച്ചത്.

 








All the contents on this site are copyrighted ©.