2016-04-17 17:28:00

മുന്‍പാപ്പാ ബനഡിക്ട് പതിനാറാമന് ജന്മദിനാശംസകള്‍


മുന്‍പാപ്പാ ബനഡിക്ട് പതിനാറാമന് പാപ്പാ ഫ്രാന്‍സിസ് പിറന്നാള്‍ ആശംസിച്ചു. ഏപ്രില്‍ 16-ാം തിയതിയായിരുന്നു പാപ്പായുടെ ജന്മനാള്‍.

മുന്‍ഗാമിയുടെ സഭാസേവനങ്ങളെ നന്ദിയോടെ ജന്മനാളില്‍ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു.  പാപ്പാ ബനഡിക്ടിന്‍റെ സാന്നിദ്ധ്യം നിശ്ശബ്ദമെങ്കിലും വിലപ്പെട്ടതാണെന്നും, അത് പ്രാര്‍ത്ഥനയുടെ സാന്നിദ്ധ്യമാണെന്നും വിശേഷിപ്പിച്ചു. സഭയ്ക്ക് അനുഗ്രഹമാകുന്ന ആ സാന്നിദ്ധ്യത്തിന്  പാപ്പാ ഫ്രാന്‍സിസ് ദീര്‍ഘായുസ്സു നേര്‍ന്നു.

ഗ്രീസിലെ ലെസ്ബോസ് അഭയാര്‍ത്ഥി ദ്വീപിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍നിന്നാണ് തന്‍റെ മുന്‍ഗാമിക്ക് 89-ാം പിറന്നാള്‍ ആശംസള്‍  പാപ്പാ ഫ്രാന്‍സിസ് അയച്ചത്.   വിമാനത്തിലുണ്ടായിരുന്ന 50-ല്‍പ്പരം അന്തര്‍ദേശീയ പത്രപ്രവര്‍ത്തകരുമായി ഗ്രീസിലെ അഭയാര്‍ത്ഥികളുടെ മദ്ധ്യത്തിലേയ്ക്കുള്ള യാത്രയെക്കുറിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ അന്ത്യത്തില്‍ തന്‍റെ മുന്‍ഗാമിയുടെ പിറന്നാളിനെക്കുറിച്ച് എല്ലാവരെയും പാപ്പാ ഫ്രാന്‍സിസ് അറിയിച്ചത്.

വത്തിക്കാന്‍ തോട്ടത്തിലുള്ള ‘മാത്തര്‍ എക്ലേസിയ’ ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏകാന്തജീവിതം നയിക്കുകയാണ് ചിന്തകനും ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍.








All the contents on this site are copyrighted ©.