2016-04-11 10:51:00

പാപ്പാ: വൈദികന്‍ ടോം ഉള്‍പ്പടെയുള്ള ബന്ദികളെ മോചിപ്പിക്കുക


സായുധസംഘര്‍ഷവേദികളില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായുള്ള തന്‍റെ അഭ്യര്‍ത്ഥന  പാപ്പാ നവീകരിക്കുന്നു

ഞായറാഴ്ച(10/04/16) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനാവേളയില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തിലുണ്ടായിരുന്നവരെ പ്രാര്‍ത്ഥനാനന്തരം സംബോധനചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചത്.

മാര്‍ച്ച് 4 ന് യെമനിലെ ആദെനില്‍ വച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളിയും സലേഷ്യന്‍ സമൂഹാംഗവുമായ വൈദികന്‍ ടോം ഉഴുന്നാലിലിനെ ഫ്രാന്‍സീസ് പാപ്പാ പ്രത്യേകം അുസ്മരിച്ചു.

സായുധസംഘര്‍ഷവേദികളില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന സകലരെയും  വിട്ടക്കാനുള്ള തന്‍റെ അഭ്യര്‍ത്ഥന, ഉത്ഥിതനായ ക്രിസ്തു നമുക്കേകയിരിക്കുന്ന പ്രത്യാശയില്‍, താന്‍ നവീകരിക്കുന്നുവെന്നു പാപ്പാ തദ്ദവസരത്തില്‍ പറഞ്ഞു.

മാര്‍ച്ച് നാലിനാണ് (04/03/16) യെമനിലെ ഏദനില്‍ ഐസ് ഭീകരര്‍ വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ സന്ന്യാസിനി സമൂഹമായ ഉപവിയടെ പ്രേഷിതകളുടെ (മിഷനറീസ് ഓഫ് ചാരിറ്റിയുടെ) മേല്‍നോട്ടത്തിലായിരുന്ന വൃദ്ധസദനം ആക്രമിക്കുകയും 4 കന്യാസ്ത്രികളടക്കം 16 പേരെ വധിക്കുകയും അവിടെ ആദ്ധ്യാത്മിക ശുശ്രൂഷയ്ക്കെത്തിയിരുന്ന വൈദികന്‍ ടോമിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്.

അന്നുമുതല്‍ നാളിതുവരെ വൈദികന്‍ ടോമിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും  ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും മോചനശ്രമം നടക്കുന്നുണ്ടെന്നു ഇന്ത്യയുടെ വിദേശമന്ത്രാലയം പറയുന്നു.








All the contents on this site are copyrighted ©.