2016-04-09 12:59:00

മനുഷ്യക്കടത്ത് തടയാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക


     മനുഷ്യക്കടത്ത് തടയുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്‍റെ  അനിവാര്യത മാര്‍പ്പാപ്പാ എടുത്തുകാട്ടുന്നു.

     മനുഷ്യക്കടത്തും അടിമത്തത്തിന്‍റെ ആധുനികരൂപങ്ങളും ഇല്ലാതാക്കുന്നതിന്, പൗരസമൂഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ സംഘം, അഥവാ, സാന്ത മാര്‍ത്ത ഗ്രൂപ്പ് (SANTA MARTA GROUP) സംഘടിപ്പിച്ച ഒരു സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ച ഒരു സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ സഹകരണത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

     ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം നിരീക്ഷകസംഘത്തിന്‍റെ രക്ഷാധികാരത്തിന്‍ കീഴില്‍ ഈ സംഘം, വ്യാഴാഴ്ച (07/04/16) അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്താണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.

     വെറും കച്ചവടച്ചരക്കുകള്‍ എന്ന പോലെ വില്ക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്യുന്ന നിരവധിയായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും സഹനങ്ങള്‍ക്കറുതിവരുത്തുന്നതിന് സഹകരണത്തിന്‍റെയും വിനിമയത്തിന്‍റെയുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതിന് താന്‍ പ്രചോദനമേകുന്നുവെന്നും പാപ്പാ ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സയ്ക്ക് അയച്ചുകൊടുത്ത സന്ദേശത്തില്‍ പറയുന്നു.

     അങ്ങനെ സമൂഹത്തിന്‍റെ എല്ലാതട്ടുകളിലും ഈ തിന്മകള്‍ക്കെതിരായ പരിഹാരമാര്‍ഗ്ഗങ്ങളും പ്രതിരോധന‌ടപടികളും പരിപോഷിപ്പിക്കാനാകുമെന്നും മനുഷ്യക്കടത്തിനും ആധുനിക അടിമത്തത്തിനും എതിരായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന “സാന്ത മാര്‍ത്ത” സഖ്യാംഗങ്ങള്‍ അവരുടെ ഈ സംരംഭങ്ങളില്‍ മനുഷ്യവ്യക്തിയുടെ ഔന്നത്യത്തിന് മുന്‍തൂക്കം നല്കുകയും  സമൂഹത്തിലെ പാര്‍ശ്വവത്കൃതര്‍ക്കും  നിര്‍ദ്ധനര്‍ക്കുമുള്ള യഥാര്‍ത്ഥസേവനം അവയില്‍ കാണുകയും ചെയ്യുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.

     മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തിനെതിരായ പോരാട്ടത്തിനും, ഈ കുറ്റക‍ത്യത്തിനിരകളായവര്‍ക്ക് സഹായമേകുന്നതിനും കത്തോലിക്കാസഭയുടെ പ്രതിജ്ഞാബദ്ധത പാപ്പാ ഉറപ്പുനല്കുകയും ചെയ്തു.

     2014 ല്‍ വത്തിക്കാനില്‍ രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര പോലീസ് മേധാവികളും അന്തര്‍ദ്ദേശീയ കുറ്റാന്വേഷണസംഘങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഒരു സമ്മേളനാനന്തരം, ഫ്രാന്‍സീസ് പാപ്പായുടെ ഹിതാനുസാരം രൂപകൊടുക്കപ്പെട്ട “സാന്ത മാര്‍ത്ത ഗ്രൂപ്പ്” കത്തോലിക്കാമെത്രാന്മാരും അന്താരാഷ്ട്ര പോലീസ് മേധാവികളും ഉള്‍ക്കൊള്ളുന്ന ഒരു സഖ്യമാണ്. വത്തിക്കാനില്‍ പാപ്പാ വസിക്കുന്ന ദോമൂസ് സാംക്തെ മാര്‍ത്തെ ഭവനത്തിന്‍റെ നാമം തന്നെയാണ് ഈ സംഘം സ്വീകരിച്ചിരിക്കുന്നത്.

 

“സാന്ത മാര്‍ത്ത സംഘ” ത്തിന്‍റെ നേതൃത്വസ്ഥാനം അലങ്കരിക്കുന്നത് ലണ്ടന്‍ മെട്രോപൊലിറ്റന്‍ പോലീസ് കമ്മീഷണര്‍ പദവിയുള്ള സര്‍ ബെര്‍ണ്ണാഡ് ഹോഗന്‍ ഹൗവും, വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സന്‍റ്  നിക്കൊള്‍സുമാണ് 

      








All the contents on this site are copyrighted ©.