2016-04-09 12:50:00

ധര്‍മ്മം നല്കല്‍ ദൈവദത്തമായ ഒരു കടമ, അതിന് കൃത്യബോധം ആവശ്യം


     വെറും പണം നല്കലല്ല ധര്മ്മം കൊടുക്കലെന്ന് പാപ്പാ.

     കരുണയുടെ അസധാരണ ജൂബിലിയാചരണ വര്‍ഷത്തില്‍ എല്ലാ മാസവും ഒരു ശനിയാഴ്ച വത്തിക്കാനില്‍ പ്രത്യേക പൊതുകൂടിക്കാഴ്ച അനുവദിക്കുന്ന ഫ്രാന്‍സീസ് പാപ്പാ ഈ ശനിയാഴ്ചത്തെ (9/04/16) പൊതുദര്‍ശനവേളയില്‍ നടത്തിയ വിചിന്തനത്തില്‍ കാരുണ്യത്തിന്‍റെ  കാതലായ ഒരു മാനമായ ധര്‍മ്മകര്‍മ്മം വിശകലനം ചെയ്യുകയായിരുന്നു.

     വ്യക്തിയെ നോക്കി അവന്‍റെ യഥാര്‍ത്ഥ  ആവശ്യം എന്തെന്ന് അവനോടു ചോദിച്ചു മനസ്സിലാക്കാന്‍ നില്ക്കാതെ പണം ഇട്ടുകൊടുത്തു ത്സടിതിയില്‍ കടന്നു പോകലല്ല ദാനമേകല്‍ മറിച്ച് അത് നാം കണ്ടുമുട്ടുന്നവരോടുള്ള സ്നേഹത്തിന്‍റെ, നമ്മുടെ സഹായം ആവശ്യപ്പെടുന്ന വ്യക്തിയോടുള്ള ആത്മാര്‍ത്ഥമായ കരുതലിന്‍റെ, ഒരു പ്രവൃത്തിയാണെന്ന് പാപ്പാ വിശദീകരിച്ചു.

     ഭിക്ഷാടനത്തിന്‍റെ നിരവധി രൂപങ്ങളുള്ളതിനാല്‍ യഥാര്‍ത്ഥ ദരിദ്രനെ തിരിച്ചറിയാന്‍ നാം ശ്രമിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

     കാരുണ്യത്തിന് പലവഴികളുള്ളതുപോലെതന്നെ, ആവശ്യത്തിലിരിക്കുന്നവര്‍ക്ക്  സമാശ്വാസമേകുന്നതിന് ധര്‍മ്മം കൊടുക്കലിനും നിരവധിയായ രൂപങ്ങളുണ്ടെന്ന് പാപ്പാ പറഞ്ഞു.

     കാരുണ്യത്തിന്‍റെ സമ്പന്നത മുഴുവന്‍ സംവഹിക്കുന്നതായരിക്കണം ധര്‍മ്മമേകലെന്നും  പാപ്പാ ഉദ്ബോധിപ്പിച്ചു.

     ധര്‍മ്മം കൊടുക്കുന്നവന്‍റെ ഹൃദയം ദു:ഖിതമാകരുതെന്നും, ഉദാരതയോടെ നല്കണമെന്നുമുള്ള പഴയനിയമ പ്രബോധനം അനുസ്മരിച്ച പാപ്പാ ഉപവിപ്രവര്‍ത്തനം സര്‍വ്വോപരി, ആന്തരികാനന്ദഭാവം വ്യവസ്ഥചെയ്യുന്നുവെന്നും ധര്മ്മം നല്കല്‍ ദൈവദത്തമായ ഒരു കടമയാണെന്നും, ഉത്തരവാദിത്വബോധം ആവശ്യമാണെന്നും വിശദീകരിച്ചു.

     മനുഷ്യരുടെ പ്രശംസയും ആദരവും പിടിച്ചുപറ്റാനായിരിക്കരുത് നമ്മള്‍ ധര്‍മ്മം കൊടുക്കേണ്ടതെന്നും പാപ്പാ വിശുദ്ധഗ്രന്ഥത്തിന്‍റെ പ്രബോധനങ്ങളെ അവലംബമാക്കി ഓര്‍മ്മപ്പെടുത്തി.

       








All the contents on this site are copyrighted ©.