2016-04-07 19:17:00

നന്മചെയ്യാന്‍ വിഭാഗീയത വിഘാതമാവരുത് : പാപ്പാ ഫ്രാന്‍സിസ്


നന്മചെയ്യുന്നതിന്  വിഭാഗീയതകള്‍ ഒരിക്കലും വിഖാതമാകരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ഏപ്രില്‍ 7-ാം തിയതി വ്യാഴാഴ്ച രാവിലെ മെത്തഡിസ്റ്റ് സഭയുടെ ആഗോള സമിതിയുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ലോകത്ത് ക്രൈസ്തവ സഭാകൂട്ടായ്മകള്‍ ധാരാളമുണ്ടെന്നും, അവ  തമ്മില്‍ പ്രബോധനപരവും പരമ്പരാഗതവുമായ വൈവിദ്ധ്യങ്ങളും വിഭാഗീതയകളും ഉണ്ടെങ്കിലും ലോകത്തുള്ള മനുഷ്യര്‍ക്ക് നന്മചെയ്യുന്നതിന് ഈ ചെറിയ വ്യത്യാസങ്ങള്‍ വിഘ്നമാകരുതെന്ന് പാപ്പാ  ഉദ്ബോഥിപ്പിച്ചു. എങ്ങനെ നമുക്ക് ഇണങ്ങാം എന്ന ചിന്തഗതിയാണ്, എങ്ങനെ പിണങ്ങാം എന്നതിനെക്കാള്‍ അഭികാമ്യവും പ്രസക്തവുമെന്ന വീക്ഷണം കൂടിക്കാഴ്ചയില്‍ പാപ്പാ  തുറന്നു പ്രസ്താവിച്ചു.  കാരണം ക്രിസ്തുവിലുള്ള അടിസ്ഥാന വിശ്വാസം സഭകളെ സഹോദരങ്ങളാക്കുന്നു,  സാഹോദര്യത്തില്‍ ഒന്നിപ്പിക്കുന്നു. ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും സാക്ഷികളാകേണ്ടവര്‍ ലോകത്തുള്ള മനുഷ്യര്‍ക്ക്  സഹോദരസ്നേഹത്തിന്‍റെയും നന്‍മയുടെയും  സാക്ഷികളായി  ജീവിക്കണമെന്ന്  പാപ്പാ ഉദ്ബോധിപ്പിച്ചു.

സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ ഐക്യപ്പെടുന്നതിന് മെത്തഡിസ്റ്റ് സഭ അ‌ടുത്തകാലത്ത് പ്രകടമാക്കിയിട്ടുള്ള ക്രിയാത്മകമായ ശ്രമങ്ങളെ പാപ്പാ ശ്ലാഘിച്ചു. യൂറോപ്പിലെ  മെത്തഡിസ്റ്റ് സഭയുടെ  ആസ്ഥാനം വളരെ  അടുത്തകാലത്ത് റോമില്‍ തുറന്നത്, സാഹോദര്യ കൂട്ടായ്മയിലെ അടുത്ത കണ്ണിയും പരിശ്രമവുമായി കാണുന്നുവെന്ന് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.  അതുപോലെ സഭൈക്യ പരിശ്രമങ്ങളുടെ ഭാഗമായി 50-വര്‍ഷങ്ങളായി  വത്തിക്കാന്‍-മെത്തഡിസ്റ്റ് സഭാ കൂട്ടായ്മകള്‍ നമ്മില്‍ നടക്കുന്നതും  വളര്‍ന്നുവരുന്നതുമായ  സംവാദത്തെയും അതിന്‍റെ  തുടര്‍പരിശ്രമങ്ങളെയും  പാപ്പാ ശ്ലാഘിച്ചു.

പൂര്‍വ്വോപരി തിന്മ തിങ്ങിനില്ക്കുന്ന ഇന്നത്തെ ലോകത്ത്  ഉത്ഥിതനായ ക്രിസ്തുവിന്‍റെ  സമാധാനപ്രഭ ക്രൈസ്തവര്‍ പരത്തേണ്ടതും,  ദൈവസ്നേഹത്തിന്‍റെ സാക്ഷികളായി ജീവിക്കേണ്ടതും അടിയന്തിരമായ ഇന്നിന്‍റെ ആവശ്യമാണെന്ന്  പാപ്പാ പ്രസ്താവിച്ചു.  എളിയതും ധീരവുമായ സ്നേഹത്തിന്‍റെ  സേവനം ലോകത്ത് പങ്കുവയ്ക്കുവാന്‍,  വിശിഷ്യ  ദൈവസ്നേഹത്തിന്‍റെ അനുഭവനം ഇനിയും അറിയാത്ത സഹോദരങ്ങളുടെ മദ്ധ്യേ  അത് പങ്കുവയ്ക്കുവാന്‍ ഈ കൂട്ടായ്മ കാരണമാകട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

നമ്മുടെ കര്‍ത്താവായ ക്രിസ്തുവഴി ദൈവത്തിന് വിജയംനല്കുന്ന ദൈവത്തിനു നന്ദി!

(1 കൊറി. 15, 57).








All the contents on this site are copyrighted ©.