2016-04-05 09:43:00

ഉക്രയിനുവേണ്ടി പാപ്പായുടെ സഹായഭ്യര്‍ത്ഥന


കലാപവേദിയായി മാറിയ ഉക്രയിനില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി പാപ്പായുടെ സഹായഭ്യര്‍ത്ഥന.

ഞായറാഴ്ച, വത്തിക്കാനില്‍ ദൈവിക കരുണയുടെ തിരുന്നാള്‍ തിരുക്കര്‍മ്മവേളയില്‍, മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കുമുമ്പു നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ലോകത്തില്‍ സംഘര്‍ഷത്തിന്‍റെ തിക്തഫലങ്ങനുഭവിക്കുന്ന ജനങ്ങളെ വിശിഷ്യ, യൂറോപ്യന്‍ നാടായ ഉക്രയിനിലെ ജനതയെ അനുസ്മരിക്കുകയായിരുന്നു.

ഉക്രയിനിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഈ മാസം 24 ന് (24/04/16) യുറോപ്പിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പ്രത്യേക ധനസമാഹരണം നടത്താനുള്ള തന്‍റെ തീരുമാനം പാപ്പാ വെളിപ്പെടുത്തുകയും ഉദാരമായി സംഭാവനചെയ്തുകൊണ്ട് ഈ സംരംഭത്തോടു സഹകരിക്കാന്‍ സകലവിശ്വാസികളെയും ക്ഷണിക്കുകയും ചെയ്തു. ഈ ഉപവിപ്രവര്‍ത്തനം ഭൗതികമായ സഹനങ്ങള്‍ ലഘൂകരിക്കുന്നതിനു പുറമെ തന്‍റെയും ഒപ്പം സാര്‍വ്വത്രികസഭ മുഴുവന്‍റെയും സാമീപ്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന് പാപ്പാ വ്യക്തമാക്കി.

ഉക്രയിനില്‍, ഇനിയും കാലവിളംബമന്യേ, സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനും അവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനുമുള്ള പരിശ്രമങ്ങള്‍ക്ക് ഈ ജീവകാരുണ്യ പ്രവര്‍ത്തനം പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

ലോകത്തില്‍ അനുരഞ്ജനത്തിനും സമാധാനത്തിനുമായി ദാഹിക്കുന്നവരായ യാതനകളനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ച പാപ്പാ യൂറോപ്യന്‍ നാടായ ഉക്രയിനില്‍ കലാപത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെയും ആയിരക്കണക്കിനാളുകളുടെ മരണത്തിനു ഹേതുവായ ശത്രുത അന്നാട്ടില്‍ തുടരുന്നിടങ്ങളില്‍ ഇപ്പോഴും കഴിയുന്നവരെയും അവസാനമില്ലാതെ നീളുന്ന ഇത്തരം ഗുരുതരമായ അവസ്ഥകളില്‍ നിന്ന് പലായനം ചെയ്യുന്നവരെയും പ്രത്യേകം ഓര്‍ത്തു. ദശലക്ഷത്തോളം ആളുകള്‍ ഇങ്ങനെ പലായനം ചെയ്തിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. ഈ ദുരന്തങ്ങള്‍ക്ക് ഇരകളാകുന്നത് കൂടുതലും വൃദ്ധജനവും കുട്ടികളുമാണെന്ന വസ്തുതയും പാപ്പാ എടുത്തു പറഞ്ഞു.

ഉക്രയിനില്‍ 5 ലക്ഷത്തോളം പേര്‍ക്ക് അടിയന്തര ഭക്ഷ്യസഹായം ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഗത്തിന്‍റെ അതിര്‍ത്തി പ്രദേശത്ത് 8 ലക്ഷവും സര്‍ക്കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട ഭാഗത്ത്  7 ലക്ഷത്തോളവും പേര്‍ക്ക്   സഹായം ആവശ്യമുണ്ടെന്നും ശുദ്ധജലം, ഔഷധങ്ങള്‍ എന്നിവയുടെ അഭാവം ശക്തമാണെന്നും വാര്‍ത്താ മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

ഉക്രൈന്‍റെ സൈന്യവും റഷ്യന്‍ അനുഭാവികളായ സര്‍ക്കാര്‍ വിമതരും തമ്മില്‍ 2014 ഏപ്രിലില്‍ ആരംഭിച്ച പോരാട്ടം 6000 ത്തോളം പേരുടെ ജീവനെടുക്കുകയും 14000 ത്തോളം പേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്തിട്ടുണ്ട്.  








All the contents on this site are copyrighted ©.