2016-04-02 19:34:00

ലോകം തരുമ്പോലല്ല – ഉത്ഥിതന്‍ നല്കുന്ന സമാധാനം


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 20, 19-31

ഇവിടെ വിവരിക്കപ്പെടുന്നത് ഉത്ഥാനത്തിനുശേഷം ആദ്യം മഗ്ദലന മറിയത്തിന് ഈശോ പ്രത്യക്ഷപ്പെടുന്ന ഭാഗമാണ്. അതിനുശേഷം അവിടുന്ന് ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു. പിന്നീട് 12 പേരില്‍ ഒരുവനായ തോമാശ്ലീഹായ്ക്ക് പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നു. ഈ രണ്ടു പ്രത്യക്ഷീകരണങ്ങള്‍ - ശിഷ്യന്മാര്‍ക്കും, അതിനുശേഷം താമാസ്ലീഹായ്ക്കും പ്രത്യക്ഷപ്പെടുന്നതുമാണ്. ഈ സംഭവങ്ങളില്‍ അധികം ശ്രദ്ധിക്കപ്പാതെ പോകുന്നൊരു കാര്യത്തിലേയ്ക്ക്, വസ്തുതയിലേയ്ക്ക് നമുക്കൊന്നു ശ്രദ്ധ തിരിക്കാം. അതായത് ഈ രണ്ടു സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഈശോ ശിഷ്യന്മാരോടും തോമാ ശ്ലാഹായോടും ആവര്‍ത്തിച്ചാവര്‍ത്തിച്ച് മൂന്നു പ്രാവശ്യം, വിശുദ്ധ യോഹന്നാന്‍ സൂചിപ്പിക്കുന്നതുപോലെ 20,19.. 20, 21... 20, 26.. മൂന്നു പ്രാവശ്യവും, മൂന്നു വാക്യങ്ങളും പറയുന്നത്, ഈശോ പറയുന്നു : നിങ്ങള്‍ക്കു സമാധാനം !

                            

നമുക്കൊരു തെറ്റിദ്ധാരണയുണ്ടാകാന്‍ ഇടയുണ്ട്. അതായത്, ഉത്ഥിതനായ ഈസോ സമാധാനം ആശംസിക്കുന്നത് അദ്ദേഹത്തിന്‍റെതന്നെ ഒരു സവശേഷതയാണെന്നാണ്. അങ്ങനെയല്ല! ഒരിക്കലുമല്ല. ഈ ‘ശാലോം’ ആശംസ, അല്ലെങ്കില്‍ സമാധാനം പറയുന്നത് അന്നത്തെ യഹൂദരുടെ അഭിസംബോധന രീതിയായിരുന്നു. അഭിവാദന രീതയായിരുന്നു. ശാലോം, എന്നു പറഞ്ഞാല്‍ സമാധാനം. ‘ശാലോം മലേയ്ക്കും...!’ എന്നു പറഞ്ഞാല്‍ നിനക്ക്, നിങ്ങള്‍ സമാധാനം എന്നാണ്. ഈശോ ആശംസിക്കുന്നത് ഇതാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും സാധാരണ യഹൂദന്മാര്‍ കണ്ടു മുട്ടുമ്പോള്‍ പരസ്പരം പറയുന്ന ആശംസ വാക്യമാണിത്, Greeting ആണിത്. ഇന്ന് ഇംഗ്ലിഷില്‍ നാം Good  Morning, Good Evening എന്നെല്ലാം പറയുന്നതുപോലെ, സാധാരണ അനുദിന ജീവിതത്തില്‍ യഹൂദര്‍ ആശംസിക്കുന്ന സമാധാനമാണ്, ഈശോ പറയുന്നത്. ഉത്ഥാനാന്തരം തന്‍റെ ശിശ്യന്മാര്‍ക്കു നേരുന്ന ശാലോം! 

 

ശാലോമിന്‍റെ അല്ലെങ്കില്‍ ഈ അഭിവാദനത്തിന്‍റെ തീവ്രത നമുക്ക് മനസ്സിലാകുന്നത്, അടുത്തകാലത്ത് മദ്ധ്യപൂര്‍വ്വദേശത്തുനിന്നു വരുന്ന നമുക്കെല്ലാം ഏറെ അടുത്തറിയുന്ന മതം, ഇസ്ലാമില്‍നിന്നുമാണ്. അവര്‍ പറയുന്ന, ‘അസ്ലാമും അലൈയ്ക്കും!’ എന്നു പറഞ്ഞാല്‍, “ശാലോം അലൈയ്ക്കും” എന്ന ഹീബ്രൂ പ്രയോഗത്തിന്‍റെ അറബി ഭാഷാന്തരമാണ് “അസ്ലാമു അലയ്ക്കും!” മുസ്ലീങ്ങള്‍ കാണുമ്പോള്‍ പരസ്പരം ആശംസിച്ചിരുന്നത് ഇങ്ങനെയാണ്. അത് നമ്മുടെയൊക്കെ അനുഭവവുമാണ്. പരസ്പരം കാണുമ്പോഴുള്ള പ്രത്യേക തലത്തിന്‍റെ അഭിവാദനരീതിയാണ്... ദേ, “ശാലോം അലയ്ക്കും, അസ്ലാമും അലൈയ്ക്കും...!!”

 

ഇതിന്‍റെ വലിയൊരു രൂക്ഷത ഇന്നു നാം ലോകത്ത് അനുഭവിക്കുന്നുണ്ട്. ഈ “അസ്ലാമും അലൈയ്ക്കും” പറയുന്നവരുടെ എണ്ണം ഈ ലോകത്ത് എന്തുമാത്രമാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പക്ഷേ, കഴിഞ്ഞ മാസത്തെ മാത്രം ഒരു കണ്ക്കെടുപ്പ്, ഈ “അസ്ലാമു അലൈയ്ക്കും” എല്ലാ മുസ്സല്‍മാനും പറയുന്നുണ്ട്. ലോകത്തില്‍ മുഴുവന്‍ സമാധാനം, അസ്ലാമു അലൈയ്ക്കും പറയുന്ന മുസല്‍മാന്മാര്‍.... ശ്രദ്ധിക്കേണ്ട കാര്യം കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ മാര്‍ച്ച് 27-ാം തിയതി ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ അവിടത്തെ പ്രധാന പാര്‍ക്കില്‍ നടന്ന വലിയ ബോംബു സ്ഫോടനത്തില്‍ മരിച്ചത് 70 പേരാണ്. അതിന് രണ്ടു ദിവസം മുന്‍പ് ദുഃഖവെള്ളിയാഴ്ച മാര്‍ച്ച് 25-ാം തിയതി 32 പേര്‍ ഇറാക്കില്‍ കൊല്ലപ്പെട്ടു. പിന്നെയും മൂന്നും ദിവസം മുന്‍പ് യമനില്‍ 4 കന്യസ്ത്രികള്‍ ഉള്‍പ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. 20-ാം തിയതി ഇറാക്കിലെ ബാഗ്ദാദില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 22-നാം തിയതി ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ എയര്‍പോര്‍ട്ടിലും മെട്രോ സ്റ്റേഷനിലുമായി നടന്ന സ്ഫോടനങ്ങളില്‍ 35 പേരാണ് വധിക്കപ്പെട്ടത്. 20-ാം തിയതി ഇറാക്കില്‍ വീണ്ടും 20 പേര്‍ കൊല്ലപ്പെട്ടു. 13-ാം തിയതി ഐവറി കോസ്റ്റില്‍ 18 പേരും വധിക്കപ്പെട്ടു. 7-ാം തിയതി പാക്കിസ്ഥാനില്‍ 11 പേര്‍.

6-ാം തിയതി വീണ്ടും ഇറാക്കിലെ ബാഗ്ദാദിനു സമീപം 60 പേര്‍കൂടെ കൊല്ലപ്പെട്ടു.

അങ്ങനെ ഒരുമാസം തന്നെ ഈ സമാധാനം പറയുന്ന മത വിശ്വാസികള്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും, സമാധാനം പറയുന്നവര്‍ തന്നെയാണ് നിരപരാധികളെ വധിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു മാസത്തെ കണക്കാണ്. ഈ ഇസ്ലാമിക തീവ്രവാദികള്‍ ഒരു വര്‍ഷംതന്നെ  2858 ഇടങ്ങളിലാണ് ഇതുപോലെ കൊലപാതകങ്ങള്‍ നടത്തിയത്. 52 രാജ്യങ്ങളിലായി 26,000-ല്‍പ്പരം ആളുകളെ കൊന്നൊടുക്കി. സമാധാനം പറയുന്നവര്‍, “ഇസ്ലാം മാലിക്കും” പറയുന്നവര്‍, ശാലോം പറയുന്നവര്‍ കൊല്ലുന്നു. ഇതെന്താണ്!?

 

ഇതു പറയുമ്പോള്‍, ക്രിസ്ത്യാനികളുടെ എല്ലാ മനസ്സിലും പോരാ, എല്ലാ നല്ല മനുഷ്യരുടെയും മനസ്സില്‍ തെളിയുന്നത് ടോം ഉഴുന്നാലില്‍ അച്ചനെയായിരിക്കും! യമനില്‍ അവര്‍ പിടിച്ചുകൊണ്ടുപോയിട്ട് യാതൊരു വിവരവും ഇന്നുവരെയ്ക്കും ഇല്ലാതിരിക്കുന്നു. വിശ്വാസികളുടെ മനസ്സുനിറയെ ടോം അച്ചനെക്കുറിച്ചുള്ള പ്രാര്‍ത്ഥനകളാണ്. എന്ത്യേ, നിഷ്ക്കളങ്കരും നല്ലമനുഷ്യരുമായവരെ ‘ശാലോം,’ അല്ലെങ്കില്‍ ‘അസ്ലാമാലിക്കും’ പറയുന്നവര്‍ കൊല്ലുന്നു. അപ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഈ സമാധാനം പറയുന്നത് അത് രണ്ട് രീതിയിലാകാം. ഒന്ന്, ഒരു വശത്ത് സമാധാനം പറഞ്ഞിട്ട് മറുവശത്ത് ബാക്കിയുള്ളവനെ കൊല്ലുന്നു, കൊലപാതകം നടത്തുന്നു. രണ്ട്, ഇന്നത്തെ സുവിശേഷത്തില്‍ സമാധാനം പറയുന്നത് ഉത്ഥിതനാണ്. ഉത്ഥിതനായ ക്രിസ്തുവാണ്. അതായത്, മരിച്ചവന്‍, ക്രൂശിക്കപ്പെട്ടവന‍, മറ്റുള്ളവര്‍ക്കു വേണ്ടീട്ട് കൊടുത്തു കൊടുത്തു തന്‍റെ ജീവന്‍പോലും കൊടുത്തിട്ട് ഉയിര്‍ത്തുവന്ന ക്രിസ്തു. ഉത്ഥിതനാണ് സമാധാനം പറയുന്നത്. സമാധാനം രണ്ടു രീതിയിലുമാകാം എന്നു ചുരുക്കം. ഒന്ന് മറ്റുള്ളവര്‍ക്ക് കൊടുത്തു കൊടുത്തു കൊടുത്തുകൊണ്ട് സമാധാനം പകരുന്ന രീതി. രണ്ടാമതായി, മറ്റുള്ളവരെ ഉപദ്രവിച്ചും പീഡിപ്പിച്ചും, മറ്റുള്ളവരെ വധിച്ചും സമാധാനം ബലമായി നേടാമെന്ന രീതി.

അങ്ങനെയെങ്കില്‍ ക്രൂശിതനായ ക്രിസ്തു പറയുന്ന സമാധാനമാണ് മാതൃകാപരമായ സമാധാനം. മറ്റുള്ളവര്‍ക്കുവേണ്ടി ഉള്ളതെല്ലാം പങ്കുവച്ച് കൊടുത്തിട്ട് പറയുന്നവന്‍റെ സമാധാനത്തിന്‍റെ ആര്‍ജ്ജവത്വമാണ്. അതാണ് ഈശോയുടെ സമാധാനത്തിന്‍റെ ആര്‍ജ്ജവത്വം! ക്രൂശിതനായ ഈശോയുടെ സമാധാനത്തിന്‍റെ ആര്‍ജ്ജവത്വമാണ്!! അതാണ് ഈശോയുടെ സമാധാനത്തിന്‍റെ ആര്‍ജ്ജവത്വം. അതാണ് ക്രിസ്തു ശിഷ്യരുടെയും അവിടുത്തെ സ്നേഹിക്കുന്നവരുടെയും ബഹുമാനിക്കുന്ന എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകേണ്ട സമാധാനം.

 

ഒരു സംഭവം പറയാം. ഇംഗ്ലണ്ടില്‍ ഈയിടെ കണ്ടുമുട്ടിയ ദമ്പതികളെക്കുറിച്ചാണ്. അവര്‍ മൂന്നു മക്കളുമായി സന്തോഷത്തോടെ താമസിക്കുന്നു. രണ്ടുപേരും ഡോക്ടര്‍മാരാണ്. ഇവരുടെ പ്രത്യേകതയെന്നു പറഞ്ഞാല്‍ അവരുടെ ജീവിതകഥയും പശ്ചാത്തലവും മനസ്സിലാക്കുമ്പോഴാണ് തെളിഞ്ഞുവരുന്നത്. ഭാര്യ. തൃശ്ശൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ് കോട്ടയത്തുകാരനും, പാലാ കോട്ടയം! ഭൂപ്രദേശംവച്ചു നോക്കിയാല്‍ രണ്ടുപേരും ഏതാണ്ട് ശത്രുക്കളുടെ ഇടങ്ങളില്‍നിന്നാണ് വരുന്നത്. ഇത് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. പഴയ പാരമ്പര്യപ്രകാരം കോട്ടയത്തുകാരെ പാലാക്കാരെന്നാണ് വിളിച്ചിരുന്നത്. പാലായും തൃശ്ശൂരും തമ്മിലുള്ള ശത്രുത കേള്‍വിപ്പെട്ടതാണ്! ഭാര്യ അന്നത്തെ ജീസസ്സ് യൂത്ത് പ്രസ്ഥാനത്തിന്‍റെ വലിയ നേതാക്കളില്‍ ഒരാളായിരുന്നു. ഭര്‍ത്താവാകട്ടെ, അന്നത്തെ എസ്.എഫ്.ഐ-യുടെ സ്ഥലത്തെ കൊടിയനേതാവും! അതിനുവേണ്ടി സ്ക്കൂളിലും കോളെജിലും ഒക്കെ സമരം നടത്തിയിട്ടുള്ളയാള്‍. രണ്ടുപേരും, രണ്ടു കൊമ്പത്തുള്ളവരാണ്. രണ്ടറ്റത്തു ജീവിക്കുന്നവര്‍, വ്യത്യാസ്ത താല്പര്യങ്ങള്‍ ഉള്ളവര്‍. ഒന്ന് അങ്ങേയറ്റം ഭക്തിയുടെയും, മറ്റൊന്ന് കൊടിയ നിരീശ്വരത്വത്തന്‍റെയും രാഷ്ട്രീയത്തിന്‍റെയും!

ഇവര്‍ രണ്ടുപേരുംകൂടെ, പ്രേമിച്ചൊന്നുമല്ല, ആലോചിച്ചുറപ്പിച്ചു കല്യാണമായിരുന്നു കഴിച്ചത്. കല്യാണത്തിനുശേഷം, 18 വര്‍ഷങ്ങള്‍ക്ക് അപ്പുറമാണ് അവരെ വീണ്ടും കണ്ടുമുട്ടിയത്. അപ്പോഴാണ് അതിന്‍റെ രസം മനസ്സിലാകുന്നത്. അവര്‍ രണ്ടുപേരും ഇംഗ്ലണ്ടിലെത്തി. അവര്‍ ഡോക്ടേഴ്സായി. മൂന്നു മക്കളുമായി... ഒരുമിച്ച് ജീവിക്കുന്നു. അവരുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, മൂന്നു മക്കളോടു ചേര്‍ന്ന് മാതൃകാപരമായ ദമ്പതികളും, മാതൃകാപരമായ കുടുംബജീവിതം – മാതൃകാപരമായ മാതാപിതാക്കളായിട്ടു ജീവിക്കുന്നു എന്നതാണ്. എന്തിയേ, രണ്ട് extremes-ല്‍നിന്നും ഇവര്‍ക്ക് ഇത് സാധിച്ചു? രണ്ട് extremes എന്നു പറയുന്നത് യുദ്ധംചെയ്യാനുള്ള സകല സാദ്ധ്യതകളുമുള്ള extremes ആയിരുന്നു. അത്രത്തോളം വ്യത്യസ്ഥ സ്വഭാവക്കാരായിരുന്നു അവര്‍. അതായത് SFI കമ്യൂണിസ്റ്റുകാരനും, അതിഭക്തയായ കത്തോലിക്കാ വിശ്വാസക്കാരിയും തമ്മിലാണ് ജീവിതം...!. പോരാ, തൃശൂര്‍ക്കാരിയും പാലാക്കാരനും തമ്മില്‍ ചേര്‍ച്ചക്കുറവിന്‍റെയും, സാമൂഹിക സാംസ്ക്കാരി പൊരുത്തക്കേടുകളുടെയും സംഘട്ടനസാദ്ധ്യതയാണ് അവിടെ കൂടുതല്‍!

 

അങ്ങനെ ശത്രുതയ്ക്കുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നിട്ടും സമാധാനത്തോടെ ജീവിക്കുവാനും മൂന്നു മക്കള്‍ക്ക് സമാധാനത്തോടെ സ്നേഹത്തോടുംകൂടെയും ജന്മംകൊടുക്കുവാനും അവര്‍ക്കു കഴിഞ്ഞുവെന്നത് ശ്രദ്ധേയം! മൂന്നുപേരെയും നല്ലരീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുവാനും അവര്‍ക്കു സാധിച്ചു എന്നുള്ളതും എടുത്തു പറയേണ്ടതല്ലേ? എന്തുകൊണ്ടാണ് ഇവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിച്ചത്? ചോദിച്ചപ്പോള്‍ ഭാര്യ പറഞ്ഞ കാര്യം... അച്ചോ, എന്‍റെ പക്ഷത്ത്, അനുദിനജീവിതത്തില്‍ ഭക്തിതീക്ഷ്ണത ഒന്നു കുറച്ച് അഡജസ്റ്റ്ചെയ്യും. അതുപോലെ ഭര്‍ത്താവും പറഞ്ഞു, അയാളുടെ ഭാഗത്തെ രാഷ്ട്രിയം മയപ്പെടുത്തി കത്തോലിക്കനായി, അതും സാമാന്യം നല്ല practising catholic-ആയി ജീവിക്കുവാന്‍ പഠിച്ചു, എന്നാണ്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കുറെ വിട്ടുകൊടുത്തപ്പോള്‍ ഉണ്ടായതാണ്, വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലുമുള്ള വലിയ സമാധാനം!

 

ഈ ‘ശാലോമി’ന് അല്ലെങ്കില്‍ ശാന്തിക്ക് അസ്സീസിയിലെ ഫ്രാന്‍സിസ് പുണ്യാളന്‍ കൊടുത്ത പേരാണ്, വിവര്‍ത്തനമാണ് ഇറ്റാലിയന്‍ ഭാഷയില്‍ – Pace e bene ! സമാധാനവും സുസ്ഥിതിയും! ഇത് ഈശോ പറയുന്ന ഹീബ്രു ‘ശാലോമി’ന്‍റെ ഉള്‍ക്കാമ്പുതന്നെയാണ്. സമാധാനവും സുസ്ഥിതിയും ഉണ്ടാകണമെങ്കില്‍ എന്തുചെയ്യണമെന്ന് ക്രൂശിതനായ ക്രിസ്തു പറഞ്ഞുതരുന്നുണ്ട്, കാട്ടിത്തരുന്നുണ്ട്. കൊടുക്കുക, നിന്‍റെ സമയം നിന്‍റെ കഴിവ്, അറിവ്, ആരോഗ്യം.... കൂടെയുള്ളവനും ഉള്ളവളുമായിട്ട് പങ്കുവച്ചു ജീവിക്കുമ്പോള്‍ സംഭവിക്കുന്നത് അവന്‍റെ സുസ്ഥിതിയും സമാധാനവുമാണ്. അതാണ് ശാലോം!

 

നമുക്ക് പ്രാര്‍ത്ഥിക്കാം!

അങ്ങേ ജീവിതത്തിലൂടെയും മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ഞങ്ങള്‍ക്കു കാണിച്ചുതന്ന ‘ശാലോമി’നെ, സമാധാനത്തിനെ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കാന്‍ അങ്ങ് കൃപതരണമേ! കൊടുക്കുവാനുള്ള ഞങ്ങളുടെ മനസ്സിനെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങളെ അനുവദിക്കണമേ! അങ്ങനെ ഞങ്ങള്‍ അങ്ങയെ അനുകരിച്ച് ക്രൂശിതന്‍റെ പാത പിന്‍ചെല്ലുന്നവരായി മാറട്ടെ! ആമേന്‍.








All the contents on this site are copyrighted ©.