2016-04-01 13:46:00

ക്രിസ്തുവിന്‍റെ കൃപയില്‍ ശരണപ്പെടുക


     വിശുദ്ധവാതിലിലൂടെ കടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ കൃപയില്‍ ശരണപ്പെടാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

     ഇപ്പോള്‍ ആചരിക്കപ്പെടുന്ന കരുണയുടെ ജൂബിലിവത്സരം പ്രമാണിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധവാതിലുകള്‍ തുറക്കപ്പെട്ടിരിക്കുകയും, സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് വിശുദ്ധ വാതിലിലൂടെ കടക്കുന്ന കത്തോലിക്കാവിശ്വാസിക്ക് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാന്‍ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (01/04/16) തന്‍റെ  ട്വിറ്റര്‍സന്ദേശ ശൃംഖലയില്‍ ചേര്‍ത്ത ഹ്രസ്വ സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്.

     വിശുദ്ധവാതില്‍ കടക്കുമ്പോള്‍ നമുക്ക്, നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന, ക്രിസ്തുവിന്‍റെ കൃപയില്‍ വിശ്വാസമര്‍പ്പിക്കാം എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ലഭ്യമാണ്.

പാപ്പാ വ്യാഴാഴ്ച (31/03/16) തന്‍റെ ട്വിറ്റര്‍ അനുയായികളുമായി പങ്കുവച്ചത് കുടിയേറ്റ പ്രതിഭാസത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:

കുടിയേറ്റ പ്രതിഭാസം, നാം പ്രത്യുത്തരിക്കേണ്ടതായ, ഗൗരവതരമായ സാംസ്ക്കാരിക ചോദ്യമുയര്‍ത്തുന്നു.








All the contents on this site are copyrighted ©.