2016-03-30 19:18:00

മരിച്ചവരില്‍ അധികവും കുട്ടികളെന്ന് ലാഹോറിലെ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ


ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ പാര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരില്‍ അധികവും കുട്ടികളെന്ന്, സംഭവസ്ഥലം ഉടനെ സന്ദര്‍ശിച്ച ലാഹോറിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ അറിയിച്ചു.

മാര്‍ച്ചു 29-ാം തിയതി ചൊവ്വാഴ്ച ലാഹോറിലെ ആശുപത്രി സന്ദര്‍ശിച്ചകൊണ്ട് മുറിപ്പെട്ടവരെ സാന്ത്വനപ്പെടുത്തിയ അദ്ദേഹം ‘ആവശ്യത്തിലായിരിക്കുന്ന സഭയെ തുണയ്ക്കുന്ന പ്രസ്ഥാന’ത്തിനു (The Church in Need Foundation)  അവിടെവച്ച് നല്കിയ അഭിമുഖത്തിലാണ് ഭീകരതയുടെ ക്രൂരതയ്ക്ക് ബലിയായ കുട്ടികളുടെ കാര്യം എടുത്തുപറഞ്ഞു.

ലാഹോറിലെ പബ്ലിക്ക് പാര്‍ക്കില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണം ക്രൈസ്തവരെ കേന്ദ്രീകരിച്ചായിരുന്നു. മരിച്ചവരില്‍ മുസ്ലിങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ മരണമടഞ്ഞ 75-പേരില്‍ 30 പേരും കുട്ടികളായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ഷാ വ്യക്തമാക്കി. 300-​ല്‍ അധികം പേരാണ് മുറപ്പെട്ടത്.

ദൈവദൂഷണക്കുറ്റ നിയമത്തെ നിശിതമായി വിമര്‍ശിച്ച പഞ്ചാബ് ഗവര്‍ണര്‍, സല്‍മാന്‍ തസീറിന്‍റെ ഘാതകനെ പാക്കിസ്ഥാനിലെ കോടതി കൊലക്കുറ്റം ചുമത്തുകയും, അടുത്തകാലത്ത് തൂക്കിലേറ്റുകയും ചെയ്തതിന്‍റെ പ്രതികാരവും പ്രതിഷേധവുമാണ് ഈസ്റ്റര്‍ ഞായറാഴ്ച മാര്‍ച്ച്  27-ന് ലാഹോറിലെ പാര്‍ക്കില്‍ നടന്ന ഭീകരക്രമണമെന്ന് ബിഷപ്പ് ഷാ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷമായ ക്രൈസ്തവരോടുള്ള വിദ്വേഷം മാത്രമല്ല, സര്‍ക്കാരിന്‍റെ ജനാധിപത്യപരവും നീതിനിഷ്ഠവും സമഗ്രവുമായ നയങ്ങളോടുള്ള വിയോജിപ്പാണ് മതമൗലികവാദവും ഭീകരതയുമായി നാട്ടില്‍ തലപൊക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഷാ ഖേദപൂര്‍വ്വം പ്രസ്താവിച്ചു.

ക്രൈസ്തവര്‍ക്ക് പാക്കിസ്ഥാനി സര്‍ക്കാര്‍ ആവശ്യത്തിന് സുരക്ഷയും സംരക്ഷണവും നല്‍കുന്നുണ്ട്. പ്രത്യാശ കൈവെടിയാതെ നല്ല പൗരന്മാരായി തങ്ങളുടെ ദേശത്ത്  ജീവിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഷാ അഭിമുഖത്തില്‍ വിശ്വാസികളോട് ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.