2016-03-28 13:20:00

ഭീകരാക്രമണത്തിനിരകളായവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു


     ദു:ഖവെള്ളിയാഴ്ച(25/03/16) ഇറാക്കിലെ ഇസ്കന്തെരിയ സ്റ്റേഡിയത്തിലുണ്ടായ നിരര്‍ത്ഥകമായ ആക്രമണത്തോടുള്ള പ്രതികരണമായി അന്നാട്ടിലെ ജനങ്ങള്‍ വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും വഴികള്‍ തിരസ്ക്കരിക്കുന്നതിനുള്ള തീരുമാനത്തില്‍ ശക്തിപ്പെടുത്തപ്പെടുന്നതിനായി മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

     40 ലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറിലേറപ്പേര്‍ക്ക്  പരിക്കേല്ക്കുകയും ചെയ്ത ഈ ചാവേര്‍സ്ഫോടനത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ ദു:ഖം അറിയിച്ചുകൊണ്ട് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി   കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, ദേശീയഅധികാരികള്‍ക്ക് കൈമാറുന്നതിന് ഇറാക്കിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് അല്‍ബേര്‍ത്തൊ ഒര്‍ത്തേഗ മാര്‍ട്ടിനെ ചുമതലപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിനയച്ചുകൊടുത്ത സന്ദേശത്തിലാണ് ഈ പ്രാര്‍ത്ഥനയുള്ളത്.

     പര്സ്പരാദരവിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആയൊരു ഭാവിയ്ക്കുവേണ്ടി നിര്‍ഭയം സംഘാതമായി പരിശ്രമിക്കാനുള്ളൊരു തീരുമാനത്തിലും ആ ജനത ഉറച്ചുനില്ക്കുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

     ഭീകരാക്രമണത്തിനിരകളായവരെയും അവരുടെ കുടുംബങ്ങളെയും ഓര്‍ക്കുന്ന പാപ്പാ മരണമടഞ്ഞവര്‍ക്ക് ദൈവികകാരുണ്യവും ഈ ദുരന്തംമൂലം യാതനകളനുഭവിക്കുന്നവര്‍ക്ക് ദൈവികസാന്ത്വനവും ലഭിക്കുന്നതിനുവേണ്ടി സര്‍വ്വേശ്വരനോട് അപേക്ഷിക്കുന്നു.

     ഇറാക്കിന്‍റെ തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ നിന്ന് തെക്കുമാറി 50 കിലോമീറ്റര്‍ അകലെ, ഇസ്കന്തെരിയയിലുള്ള അല്‍സുഹാദാ സ്റ്റേഡിയത്തില്‍ അരങ്ങേറിയ പ്രാദേശിക കാല്‍പ്പന്തുകളി മത്സരാനന്തരം സമ്മാനദാനച്ചടങ്ങു നടക്കുന്ന വേളയിലായരുന്നു ചാവേര്‍ സ്ഫോടനം.

     ഈ രക്തച്ചൊരിച്ചിലിന്‍റെ ഉത്തരവാദിത്വം എഎസ് ഭീകരര്‍ ഏറ്റെടുത്തു. 








All the contents on this site are copyrighted ©.