2016-03-26 13:21:00

കുരിശിലെ കാരുണ്യദര്‍ശനം കന്തലമേസയുടെ ദുഃഖവെള്ളി ചിന്തകള്‍


മാര്‍ച്ച് 25-ാം തിയതി ദുഃവെള്ളിയാഴ്ചയുടെ പരിപാടികള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പീഡാനുഭവ പാരായണത്തിലൂടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

അപ്പസ്തോലിക അരമനയിലെ ആദ്ധ്യാത്മിക പ്രബോധകന്‍, ഫാദര്‍ റൈനെരോ കന്തലമേസയാണ് വചനചിന്തകള്‍ പങ്കുവച്ചത്. കാലികമായി ജീവിക്കേണ്ടതും അനുദിനജീവിതത്തില്‍ പകര്‍ത്തേണ്ടതുമാണ് ദൈവം നമ്മോടു കാണിക്കുന്ന കരുണയെന്ന് കപ്പൂച്ചിന്‍ വൈദികന്‍,  ഫാദര്‍ കന്തലമേസ ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് സാര്‍വത്രിക സഭയുടെ പ്രത്യേക നിയോഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയായിരുന്നു. കുരിശാരാധനയും കുരിശുചുംബനവും ഇന്നത്തെ കര്‍മ്മങ്ങളുടെ കേന്ദ്രഭാഗത്തു നില്ക്കുന്നു. കുരിശുരൂപം പ്രധാന അള്‍ത്താരയില്‍ സ്ഥാപിതമായി. തുടര്‍ന്ന് കര്‍ത്തൃപ്രാര്‍ത്ഥനയോടെ ദിവ്യകാരുണ്യസ്വീകരണ ശുശ്രൂഷയിലേയ്ക്കു കടന്നു.

ക്രിസ്തുവിന്‍റെ കുരിശില്‍ പ്രത്യാശ അര്‍പ്പിച്ചു ജീവിക്കുന്ന ഞങ്ങള്‍ക്ക്, ദൈവമേ... പീഡാനുഭവ രഹസ്യങ്ങളുടെ അനുഷ്ഠാനഫലമായി അവിടുത്തെ ഉത്ഥാനത്തിന്‍റെ മഹത്വവും ആനന്ദവും നല്‍കേണമേ.... എന്നു പാപ്പാ ഫ്രാന്‍സിസ് ചൊല്ലിയ പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചു.

ഫാദര്‍ കന്തലമേസയുടെ ധ്യാനചന്തകള്‍ ക്രോഡീകരിച്ച് 5 അംശങ്ങളായി ചേര്‍ത്തിരിക്കുന്നു :

  1. രക്ഷയുടെ സ്വീകാര്യമായ സമയം ചരിത്രപരമല്ല, കൗദാശീകവുമല്ല (neither historic nor sacramental, but existential), എന്നാല്‍ അത് അസ്തിത്വപരമാണ്. അതായത് ഈ രക്ഷ, ഇന്ന്, ഇവിടെ ഈ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ടതാണ്. അനുദിനജീവിതത്തില്‍ അനുഭവേദ്യമാക്കേണ്ട വ്യക്തിപരമായ അനുരഞ്ജനമാണത്. സഭാ മക്കള്‍ക്ക് ഈ ജൂബിലിവത്സരം ‘കര്‍ത്താവിന്‍റെ സ്വീകാര്യമായ സമയ’മാണ്, രക്ഷയുടെ സമയമാണ്. ദൈവികകാരുണ്യത്തിന്‍റെ സമയമാണ്.
  1. ക്രൈസ്തവര്‍ക്ക് ലഭിച്ചിട്ടുള്ള സുവര്‍ണ്ണനിയമമാണ്, ദൈവം  സ്നേഹമാണ് (1യോഹ. 4, 8, 16). ദൈവം കരുണയുള്ളവന്‍ മാത്രമല്ല, കരുണതന്നെയാണ്. സ്നേഹമാകുന്നവന്‍ കരുണയുമാണ്. പരിശുദ്ധ ത്രിത്വത്തില്‍ നാം സ്നേഹത്തിന്‍റെ പൂര്‍ണ്ണിമ കണ്ടെത്തുന്നു. സൃഷ്ടിയില്‍ ദൈവികസ്വഭാവം കൃപയായി ദര്‍ശിക്കുന്നു. അങ്ങനെ ദൈവം (hesed = Loving kindness) കരുണാര്‍ദ്രമായ സ്നേഹമായി ലോകത്ത് പ്രത്യക്ഷമാകുന്നു – ക്രിസ്തു!
  1. ലോകത്തിന്‍റെ തിന്മയെ കീഴടക്കാന്‍ മനുഷ്യന്‍ അശക്തനാകയാല്‍ ദൈവംതന്നെ അതിനെ നേരിടുന്നു. മാനിവകതയുടെ ഭാഗധേയം മാറ്റിമറിച്ച കുരിശിന്‍റെ മൗലിക രഹസ്യമാണിത്. ഇത് ദൈവത്തിന്‍റെ അനന്ത നന്മയാണ് (Ratzinger, Jesus of Nazareth II, pg. 133).  മനുഷ്യരുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കുക മാത്രമല്ല, അവിടുന്ന് പാപിയായ മനുഷ്യരൂപം സ്വീകരിച്ചു, നമ്മോടു സാരൂപ്യപ്പെട്ടു. കുരിശില്‍ സ്വയം ശൂന്യവത്ക്കരിക്കുമാറ് ദൈവിഹിതം ഉള്‍ക്കൊള്ളുന്ന സ്നേഹാര്‍ദ്ര ഹൃദയമാണ് ലോകത്തിനു ദൃശ്യമായ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം – തിരുഹൃദയം! അതിനാല്‍ അവിടുത്തെ കുരിശുയാഗം മരണമല്ല, മറിച്ച് മനുഷ്യനെ രക്ഷിക്കുന്ന അവിടുത്തെ സ്നേഹമാണ് (വിശുദ്ധ ബര്‍ണാര്‍ഡ്).
  1. കാരുണ്യത്തിന്‍റെ മറുപുറം നീതിയല്ല, പ്രതികാരമാണ്. ‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്!’ ഇതു പ്രതികാരത്തിന്‍റെ നിയമമായിരുന്നു (പുറ. 21, 24). ദൈവം, അതിനാല്‍ നമ്മോടു കരുണ കാണിക്കുമ്പോള്‍, നീതി നിഷേധിക്കുകയല്ല, പ്രതികാരം ഇല്ലാതാക്കുകയാണ്. പഴയത് അവിടുന്ന് തിരുത്തി എഴുതുകയാണ്. മറ്റുവാക്കില്‍ ദൈവം നമ്മോട് അനുരഞ്ജനപ്പെടുകയാണ്.
  1. കുരിശില്‍ ക്രിസ്തു നേടിയത് പ്രതികാരമല്ല, ക്ഷമയാണ്. “പിതാവേ, ഇവരോടു ക്ഷമിക്കണമേ,” എന്നായിരുന്നു അവിടുന്നു പ്രാര്‍ത്ഥിച്ചത് (ലൂക്ക 23, 24). മനുഷ്യരുടെ പ്രതികാരവും വിദ്വേഷവും എത്ര വലുതായാലും, ദൈവിക കാരുണ്യം അതിനെ വെല്ലുന്നതാണെന്ന് ഓര്‍ക്കുക!
  1. മനുഷ്യര്‍ പരസ്പരം കാണിക്കേണ്ട കരുണയും, ദൈവം മനുഷ്യരോടു കാണിക്കുന്ന കരുണയുമാണ് ലോകത്തിന്‍റെ രക്ഷ. കുടുംബമെന്ന മനുഷ്യകുലത്തിന്‍റെ ലോലമായ സമ്പത്ത് പരിരക്ഷിക്കപ്പെടണമെങ്കില്‍ കുടുംബത്തിന്‍റെയും വൈവാഹിക ജീവിതത്തിന്‍റെയും സാമൂഹ്യ പശ്ചാത്തലത്തില്‍ കാരുണ്യം നിലനില്‍ക്കണം, അനുദിനം പ്രകടമാക്കപ്പെടണം.

സ്നേഹത്തില്‍ ആരംഭിക്കുന്ന കുടുംബ ബന്ധങ്ങളെ നിലനിര്‍ത്താന്‍ സ്നേഹത്തിനു കഴിയാത്തപ്പോള്‍, കാരുണ്യത്തിനു കഴിയും. കുട്ടികളുടെ ഉത്തരവാദിത്ത്വങ്ങളും സാമ്പത്തിക ബാദ്ധ്യതകളുമെല്ലാം അനുദിന ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണര്‍ത്തുമ്പോള്‍ കരുണയാണ് കരണീയം! അതുകൊണ്ട് അപ്പസ്തോലന്‍ പറയുന്നു, “ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങള്‍ ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍” ( കൊളോ. 3, 12). സങ്കീര്‍ത്തകന്‍ പാടുന്നു, “ദൈവം തന്‍റെ ജനത്തോടു കരുണ കാണിക്കും…” (102, 13). അതിനാല്‍ അന്യോന്യം വിധിക്കാതെ, കുടുംബത്തിലും സമൂഹത്തിലും ജീവിത പരിസരങ്ങളിലും കരുണയുള്ളവരായിരിക്കാം!








All the contents on this site are copyrighted ©.