2016-03-24 19:22:00

ജയിലിലെ ജൂബിലികവാടം അനുതാപത്തിന്‍റെ ഹൃദയകവാടം


യൂദാസിനെപ്പോലെ നാം പാപികളാണെങ്കിലും,  ക്രിസ്തുവിനെപ്പോലെ കരുണയുള്ളവരാകാമെന്ന് ഫിലിപ്പീന്‍സിലെ മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലേ പ്രസ്താവിച്ചു.

ദൈവിക കാരുണ്യത്തിലുള്ള പ്രത്യാശ നഷ്ടപ്പെടാതെ, ധൈര്യത്തോടെ ആത്മനവീകരണത്തിനും നല്ലജീവിതത്തിനുമായി പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ തന്‍റെ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 23-ാം തിയതി ബുധനാഴ്ച മനിലയിലെ സിറ്റി ജയിലിലെ തടവുകാരോടൊപ്പം പെസഹാ ബലിയര്‍പ്പിച്ചുകൊണ്ടു നടത്തിയ വചനചിന്തയിലാണ് കര്‍ദ്ദിനാള്‍ താഗ്ലേ ഇങ്ങനെ പ്രസ്താവിച്ചത്.  ക്രിസ്തുവില്‍ നാം അടുത്തറിയുന്നത് ദൈവത്തിന്‍റെ കരുണയാണെന്നും,  അതിനാല്‍ ജീവിതത്തില്‍ നാം മുറിപ്പെട്ടവരാണെങ്കിലും ദൈവിക കാരുണ്യം തേടുന്നവരെ അതിന്‍റെ സമൃദ്ധിയാണ് ജൂബിലി വര്‍ഷത്തില്‍ ലഭ്യമാകുന്നതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ ഉദ്ബോധിപ്പിച്ചു.

ദിവ്യബലിക്ക് തൊട്ടുമുന്‍പായി ജയില്‍വാസികള്‍ക്കുവേണ്ടി അവിടെ കാരുണ്യത്തിന്‍റെ ജൂബിലകവാടം കര്‍ദ്ദിനാള്‍ തേഗ്ലേ തുറന്നു. ജയിലില്‍ തുറന്നിരിക്കുന്ന കാരുണ്യത്തിന്‍റെ കവാടം അന്തേവാസികളുടെ ഓരോരുത്തരുടെയും ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായി തുറക്കാന്‍ സാഹിയിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ താഗ്ളെ ആശംസിച്ചു.

ജയില്‍ വാസികള്‍ ഒത്തൊരുമിച്ച് ദൈവമേ,  ഞങ്ങളെ അങ്ങേ സമാധാനത്തിന്‍റെ ദൂതരാക്കണമേ, (Make me a channel of  your Peace…!) എന്ന അസ്സീസിയിലെ സിദ്ധന്‍റെ സമാധാനഗീതം ആലപിച്ചുകൊണ്ട് ജൂബിലകവാടത്തിലൂടെ ദിവ്യബലിക്ക് അണിനിരന്നത് കരളലയിക്കുന്ന കാഴ്ചയായിരുന്നെന്ന്,  കര്‍ദ്ദിനാള്‍ താഗ്ലേ സാക്ഷ്യപ്പെടുത്തി.








All the contents on this site are copyrighted ©.