2016-03-23 18:28:00

‘ഭവനരഹിതനായ ക്രിസ്തു’ വത്തിക്കാനില്‍ ഇടം തേടി


കനേഡിയക്കാരനായ വിശ്വത്തരി ശില്പി തിമോതി ഷമാത്സിന്‍റെ ‘ഭവനരഹിതനായ ക്രിസ്തു’ the homeless Christ എന്ന പൂര്‍ണ്ണകായ വെങ്കല ശില്പമാണ് വത്തിക്കാനില്‍ അടുത്തകാലത്ത് ഇടം കണ്ടെത്തിയത്. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ കാര്യാലയത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് കൊണ്‍റാഡ് ക്രജേസ്ക്കിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭവനരാഹിത്യത്തിന്‍റെ വിഷയം പച്ചയായും ക്രൈസ്തവവീക്ഷണത്തിലും ചിത്രീകരിച്ചിരിക്കുന്ന ഷമാത്സിന്‍റെ അത്യപൂര്‍വ്വവും അതിമനോഹരവുമായ സൃഷ്ടി സ്ഥാപിച്ചിരിക്കുന്നത് പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഓഫിസിനു മുന്നിലാണ്.

ദേഹമാകെ മൂടിപ്പുതച്ച് ബഞ്ചില്‍ കിടന്നുറങ്ങുന്ന മനുഷ്യരൂപത്തിന്‍റെ പൂര്‍ണ്ണകായ വെങ്കല സൃഷ്ടിയാണ് ശില്പി, തിമോതി ഷമാത്സി പാപ്പാ ഫ്രാന്‍സിസിന് സമ്മാനിച്ചത്. പുതപ്പിനു പുറത്തു കാണുന്ന ആണിപ്പാടുള്ള നഗ്നപാദങ്ങളില്‍നിന്നു മാത്രമാണ് ശില്പം ക്രിസ്തുവിന്‍റേതെന്ന് ഓടിത്തിരിയുന്നത്. തന്‍റെ ഭാവനയിലെ ഭവനരഹിതനായ ക്രിസ്തുവിന്‍റെ ചെറിയ മാതൃകാശില്പം miniature 2013-ലെ ഒരു പൊതുകൂടിക്കാഴ്ചയ്ക്കിടയില്‍ പാപ്പാ ഫ്രാന്‍സിസിന് ഷമാത്സി സമ്മാനിച്ചിരുന്നു.

ആഗോള തലത്തിലുള്ള മനുഷ്യയാതനകളോട് പാപ്പാ ഫ്രാന്‍സിസ് കാണിക്കുന്ന പ്രതിബദ്ധതയാണ്, വിശിഷ്യ പരിത്യക്തരോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും കാണിക്കുന്ന പരിഗണനയാണ് സുവിശേഷാധിഷ്ഠിതമായ ഈ കലാസൃഷ്ടി പാപ്പായ്ക്ക് സമ്മാനിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കലാകാരന്‍ ഷമാത്സി പ്രസ്താവിച്ചു. കാനഡക്കാരനായ ഒരു അഭ്യൂദയകാംക്ഷിയാണ് പാപ്പായ്ക്കു ശില്പം ഒരുക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതെന്നും ശില്പി വെളിപ്പെടുത്തി.  “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം നിങ്ങള്‍ എനിക്കു തന്നെയാണ് ചെയ്തത്” (മത്തായി 25, 40) എന്ന വചനവും, തണുത്തുവിറച്ച് വഴിയോരത്തു ഒരു ക്രിസ്തുമസ്നാളില്‍ കണ്ട പാവപ്പെട്ട മനുഷ്യനുമാണ് ഇങ്ങിനെയൊരു ശില്പത്തിന് പ്രചോദനമേകിയതെന്നും കലാകരാന്‍ വ്യക്തമാക്കി.

ജീവില്‍ബന്ധിയും മനുഷ്യായാതനകളുടെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന മറ്റു അത്യപൂര്‍വ്വവുമായ സൃഷ്ടികളും 58 വയസ്സുകാരന്‍ തിമോത്തി ഷമാത്സി കലാലോകത്തിനു സമ്മാനിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.