2016-03-21 11:18:00

റഷ്യയിലുണ്ടായ വിമാനദുരന്തത്തില്‍ പാപ്പാ ദു:ഖിക്കുന്നു


      റഷ്യയില്‍ മലയാളി ദമ്പതികളുള്‍പ്പടെ 60 ലേറെപ്പേരുടെ ജീവന്‍ പൊലിഞ്ഞ വിമാനദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

     ശനിയാഴ്ച പുലര്‍ച്ചെ  റഷ്യയിലെ റസ്തോവ് ഓണ്‍ ഡോണ്‍ (ROSTOV ON DON) വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ ആത്മാവിനെ, ഫ്രാന്‍സീസ് പാപ്പാ, സര്‍വ്വശക്തനായ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും അവരുടെ വേര്‍പാടില്‍ കേഴുന്നവര്‍ക്ക് ദൈവിക ദാനങ്ങളായ സാന്ത്വനവും ശക്തിയും പ്രത്യാശയും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും, ഈ ദുരന്തത്തിനിരകളായവരുടെ ബന്ധുമിത്രാദികളോട് അകമഴിഞ്ഞ ദു:ഖം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, പാപ്പായുടെ നാമത്തില്‍, റഷ്യന്‍ ഫെഡറേഷന്‍റെ  അധികാരികള്‍ക്ക് അയച്ച അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.

     കനത്ത മൂടല്‍മഞ്ഞ് കാഴ്ചമറച്ചിരുന്ന റസ്തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ തര്‍ന്നുവീണ ഫ്ലൈ ദുബായിയുടെ ബോയിംഗ് വിമാനത്തില്‍ ഉണ്ടായിരുന്ന 55 യാത്രക്കാരും 7 വിമാന ജീവനക്കാരും   ഉള്‍പ്പടെ 62 പേരാണ് മരണമടഞ്ഞത്.

     പെരുമ്പാവൂര്‍ ബഥനി സ്വദേശി ശ്യാംമോഹനനും ഭാര്യ അഞ്ജുവുമാണ് ഈ അപകടത്തില്‍ മരണമടഞ്ഞ മലയാളി ദമ്പതികള്‍.

     ഈ ദുരന്തം ജീവനെടുത്ത മറ്റുയാത്രികരില്‍ 44 പേര്‍ റഷ്യക്കാരും 8 പേര്‍ ഉക്രയിന്‍ സ്വദേശികളും ഒരാള്‍ ഉസ്ബെക്കിസ്ഥാന്‍ കാരനുമാണ്.

 








All the contents on this site are copyrighted ©.