2016-03-14 15:10:00

തിന്മകള്‍ നിയതങ്ങളല്ല, ക്ഷണികം മാത്രം


     ഇരുളിന്‍റെ താഴ്വരയിലൂടെ നടക്കേണ്ടി വരുമ്പോള്‍ ഭയപ്പെടേണ്ടതില്ല കാരണം കര്‍ത്താവ് നമ്മോടൊപ്പമുണ്ട് എന്ന് മാര്‍പ്പാപ്പാ.

     തിങ്കളാഴ്ച (14/03/16) പ്രഭാതദിവ്യബലിമദ്ധ്യേ നടത്തിയ വചനവിശകലനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ധൈര്യം പകര്‍ന്നത്.

     വത്തിക്കാനില്‍ താന്‍വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലുള്ള കപ്പേളയില്‍ ആയിരുന്നു, പതിവുപോലെ, പാപ്പാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത്.

     സുന്ദരിയും വിവാഹിതയുമായിരുന്ന സൂസന്നയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് അവള്‍ അനുവദിക്കാത്തതില്‍ കോപിഷ്ഠരായ ദുഷ്ടന്യായാധിപന്മാര്‍ അവളെ വകവരുത്തുന്നതിന് വ്യാജക്കുറ്റം ചമയ്ക്കുകയും മരണത്തിനു വിധിക്കുകയും എന്നാല്‍ കര്‍ത്താവിന്‍റെ ഇടപെടല്‍ മൂലം ദാനിയേല്‍ എന്ന ബാലന്‍ അവളുടെ രക്ഷയ്ക്കെത്തുകയും ചെയ്ത സംഭവം, ദാനിയേലിന്‍റെ പുസ്തകം പതിമൂന്നാം അദ്ധ്യായം 41 മുതല്‍ 62 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വചനസമീക്ഷയ്ക്ക് ആധാരം.

     നിഷ്ക്കളങ്കയായ സൂസന്നയ്ക്കും ഇരുളിന്‍റെ താഴ്വാരത്തിലൂടെ നടക്കേണ്ടി വന്നത് അനുസ്മരിച്ച പാപ്പാ ഇത്തരത്തിലുള്ള താഴ്വരകള്‍ ഇന്നും നിരവധിയാണെന്ന് വാഴ്ത്തപ്പെട്ട മദര്‍ തെരേസ സ്ഥാപിച്ച ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ നാലംഗങ്ങള്‍ ഈയിടെ യെമനില്‍ വധിക്കപ്പെട്ടതും, റോമാ നഗരത്തില്‍ പാര്‍പ്പിടരഹിതനായ ഒരാള്‍ തണുപ്പടിച്ച് തെരുവില്‍ മരിച്ചതും യുദ്ധങ്ങളും പട്ടിണിയും മൂലം അനേകര്‍ മരണമടയുന്നതും, അംഗവൈകല്യം സംഭവിച്ച നിരവധിയായ കുട്ടികളുമെല്ലാം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിക്കൊണ്ട് വിശദീകരിച്ചു.

     ഇടയനായ കര്‍ത്താവിന് സ്വയം അര്‍പ്പിക്കുന്നവന് യാതൊന്നിനും മുട്ടുണ്ടാകയില്ല എന്നാണ് യേശു പഠിപ്പിക്കുന്ന പാഠം എന്ന് പറഞ്ഞ പാപ്പാ, തിന്മ ക്ഷണികമാണ്, കര്‍ത്താവുള്ളതിനാല്‍ നിയതമായ തിന്മ ഉണ്ടാകില്ല എന്ന് അന്ധകാരത്തിന്‍റെ  താഴ്വരയിലൂടെ നടക്കുമ്പോഴും അവനറിയാമെന്ന് കൂട്ടിച്ചേര്‍ത്തു.

     കര്‍ത്താവേ, എനിക്ക് അങ്ങയെ മനസ്സിലാകുന്നില്ല, മനസ്സിലാകാതെ തന്നെ ഞാന്‍ എന്നെ അങ്ങയുടെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു.. ഇതാണ് മനോഹരമായ ഒരു പ്രാര്‍ത്ഥനയെന്നും പാപ്പാ തന്‍റെ വിചിന്തനത്തിന്‍റെ ഉപസംഹാരമായി പറഞ്ഞു.

 

 








All the contents on this site are copyrighted ©.