2016-03-12 12:53:00

ഉപവിയും കാരുണ്യവും നീതി നിര്‍വ്വഹണപ്രക്രിയിയില്‍


    അസംതൃപ്ത വിവാഹജീവിതാനുഭവത്താല്‍ വേദനിക്കുന്ന കുടുംബങ്ങള്‍ക്ക്  നീതിയുടെയും ഉപവിയുടെയും സേവനം ലഭ്യമാക്കാന്‍ സഭാകോടതികള്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

     പരിശുദ്ധസിംഹാസനത്തിന്‍റെ കോടതിയായ റോത്ത റൊമാന വിവാഹത്തിന്‍റെ  സാധുത നിര്‍ണ്ണയന പ്രക്രിയയെ സംബന്ധിച്ച് സംഘടിപ്പിച്ച  പരിശീലന പരിപാടിയില്‍ പങ്കെടുത്ത 700 ഓളം പേരെ ശനിയാഴ്ച (12/03/16) രാവിലെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     വിവാഹം അസാധുവായി പ്രഖ്യാപിക്കുന്ന പ്രക്രിയ കൂടുതല്‍ ത്വരിതവും കാര്യക്ഷമവും ആക്കിത്തീര്‍ക്കണമെന്ന നിര്‍ദ്ദേശം മെത്രാന്മാരുടെ സിനഡ് കുടുംബത്തെ അധികരിച്ചു ചര്‍ച്ചചെയ്ത സമ്മേളനത്തില്‍ ഉയര്‍ന്നത് അനുസ്മരിച്ച പാപ്പാ നിരവധി വിശ്വാസികള്‍ വിവാഹജീവിത പരാജയത്താല്‍ വേദനിക്കുകയൊ തങ്ങളുടെ വിവാഹ ബന്ധം സാധുവാണോ അസാധുവാണോ എന്ന സന്ദേഹത്തിലാഴുകയൊ ചെയ്യുന്നുണ്ടെന്ന വസ്തുതയെക്കുറിച്ചു സൂചിപ്പിച്ചു.

     നീതിയെന്ന അവരുടെ ന്യായമായ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിന് സഭയെ പ്രേരിപ്പിക്കുന്നത് ഉപവിയും കാരുണ്യവുമാണെന്ന് പാപ്പാ വിശദീകരിച്ചു. തന്‍റെ   സ്നേഹത്തില്‍ വിശ്വസ്തനും കാരുണ്യവാനും, ശക്തിയും പ്രത്യാശയും വീണ്ടുമേകാന്‍ സദാ പ്രാപ്തനുമായ ദൈവത്തിന്‍റെ വദനം സകലര്‍ക്കും  കാട്ടിക്കൊടുക്കാനാണ് അമ്മയായ സഭ അഭിലഷിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 

     സ്വന്തം കുടുംബം തകരാതിരിക്കുന്നതിനും, ആരോഗ്യത്തിലും അനാരോഗ്യത്തിലും ബുദ്ധിമുട്ടുകളിലും സ്വച്ഛമായജീവിതത്തിലും പരസ്പരം വിശ്വസ്തത പുലര്‍ത്തുന്നതിനും  കനത്തഭാരംപേറുന്ന നിരവധിയായ സ്ത്രീപുരുഷന്മാരുണ്ടെന്ന വസ്തുതയും പാപ്പാ സന്തോഷപൂര്‍വ്വം അനുസ്മരിക്കുകയും അവരെ ശ്ലാഘിക്കുകയും ചെയ്തു.

     തങ്ങളുടെ ഉദ്യോഗം, ഒരു അധികാരമായിട്ടല്ല, മറിച്ച്, മുറിപ്പെട്ട മനസ്സുകള്‍ക്കുള്ള സേവനം എന്ന നിലയില്‍ ജീവിക്കാന്‍ പാപ്പാ സഭാ കോ‌ടതികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.