2016-03-09 19:55:00

പാപ്പാ വാര്‍ഷികധ്യാനത്തില്‍ സ്നേഹനിഷ്ഠമായ ധ്യാനചിന്തകള്‍


പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളുടെ (Roman Curia) തലവന്മാരും മാര്‍ച്ച് 6-ാം തിയതി ഞായറാഴ്ച വൈകുന്നേരമാണ് വാര്‍ഷികധ്യാനം ആരംഭിച്ചത്. റോമിനു പുറത്ത്, വത്തിക്കാനില്‍നിന്നും 30 കിലോമീറ്റര്‍ അകലെ, അരീച ഗ്രാമത്തിലേയ്ക്ക് ബസിലാണ് പാപ്പായും സംഘവും യാത്ര പുറപ്പെട്ടത്. ‘ദിവ്യനാഥന്‍റെ ഭവനം’ (The Divine Master’s House) എന്ന പേരിലുള്ള സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് ഈ വര്‍ഷവും പാപ്പായും സംഘവും ധ്യാനിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ധ്യാനം അഞ്ചു ദിവസം, വെള്ളിയാഴ്ചവരെ നീണ്ടുനലിക്കും. മാര്‍ച്ച്  11-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ധ്യാനം സമാപിപ്പിച്ച് അന്നുതന്നെ പാപ്പായും സംഘവും വത്തിക്കാനിലേയ്ക്കു മടങ്ങും.

മറിയത്തിന്‍റെ ദാസന്മാര്‍ (The Order of the Servants of mary) സന്ന്യാസ സഭയിലെ വൈദികനും ദൈവശാസ്ത്ര പണ്ഡിതനുമായ ഹെര്‍മെസ് റോങ്കി യാണ് (Ermes Ronchi) ധ്യാനഗുരു. ഇറ്റലിക്കാരനും 69 വയസ്സുകാരനുമായ ഫാദര്‍ റോങ്കി ബൈബിള്‍ പണ്ഡിതനും, വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ ആദ്ധ്യാത്മികതയുടെ നല്ല ഗ്രന്ഥകര്‍ത്താവുമാണ്.

  1. സുതാര്യത സഭാ ജീവിതത്തിന് അടിസ്ഥാനമാകണ്.

മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച രാവിലെ, ധ്യാനത്തിന്‍റെ മൂന്നാം ദിവസം വൈകുന്നേരം നല്കിയ ആറാമത്തെ പ്രഭാഷണ ചിന്തയാണിത്. യോഹന്നാന്‍റെ സുവിശേഷം 6-ാം അദ്ധ്യായത്തിലെ (1-15) ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തെ ആധാരമാക്കിയുള്ള ധ്യാനമായിരുന്നു. ധ്യാനഗുരു ഫാദര്‍ ഹെര്‍മിസ് റോങ്കിയാണ് ചിന്തകള്‍ പങ്കുവച്ചത്.

ലോലവും ലളിതവുമെങ്കിലും കഫര്‍ണാമിലെ ബാലന്‍ തന്‍റെ കൈവശം അവിടെ എന്തുണ്ടായിരുന്നവെന്ന് വെളിപ്പെടുത്തുകയും അതു പങ്കുവയ്ക്കുവാനുള്ള സന്നദ്ധപ്രകടമാക്കുകയും ചെയ്തതാണ് അവിടെ അത്ഭുതത്തിന് ആധാരം. ഇന്നു ലോകത്ത് ജനസഹസ്രങ്ങളാണ് വിശപ്പും ദാരിദ്ര്യവുംമൂലം സഹായഹസ്തം നീട്ടുന്നതെന്നും, സഭയും സഭാസ്ഥാപനങ്ങളും വന്‍സമ്പത്തുക്കളുടെ സംരക്ഷകരാകാതെ, സുതാര്യതയോടെ കൈവശമുള്ളത് വെളിപ്പെടുത്തുകയും പങ്കുവയ്ക്കുവാന്‍ സന്നദ്ധരാവുകയും ചെയ്താല്‍ നന്മയുടെ അത്ഭുതങ്ങള്‍ ചുറ്റും നടക്കുമെന്ന് ധ്യാനഗുരു ഉദ്ബോധിപ്പിച്ചു.

ശിഷ്യന്മാര്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരായിരുന്നില്ല. ജനങ്ങള്‍ അവരുടെ ഭക്ഷണം കണ്ടെത്തട്ടെ. ഇത്രയും വന്‍പുരുഷാരത്തിന് എന്തു നല്കാനാണ്! ഏങ്ങനെ പോറ്റാനാണ് എന്നുള്ള രക്ഷപ്പെടലും ഒഴിവുകഴിവുകളുമാണ് സുവിശേഷ സംഭവത്തില്‍ നാം ആദ്യം കാണുന്നത്. എന്നാല്‍ ക്രിസ്തു ആവശ്യപ്പെട്ടത് അവരുടെ സുതാര്യതയായിരുന്നു. നിങ്ങളുടെ പക്കല്‍ എന്തുണ്ട്? എന്നായിരുന്നു. പിന്നെ പുറത്തുനിന്നും ഒന്നും വാങ്ങുന്നില്ല. പങ്കുവയ്ക്കല്‍ വര്‍ദ്ധനവും അത്ഭുതവുമായി പരിണമിക്കുന്നു.

കെട്ടുപോകുന്ന പഴയ വന്‍സന്ന്യാസ സഭകളുടെ പ്രൗഢിയും, അവര്‍ അനുഭവിക്കുന്ന ദൈവവിളിയുടെ കുറവും മറച്ചുവയ്ക്കാന്‍ അവരുടെ വന്‍സമ്പത്തും കെട്ടിടങ്ങളും സംരക്ഷിക്കാന്‍ കാട്ടിക്കൂട്ടുന്ന വ്യഗ്രത വ്യര്‍ത്ഥമാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കേണ്ട ആവശ്യം ഇന്ന് ഭൂമിയില്‍ ഇല്ലെന്നതാണ് ശാസ്ത്രീയമായ നിരീക്ഷണം. മറിച്ച് ഉള്ളത് പങ്കുവച്ചാല്‍ ഇന്നിന്‍റെ ദാരിദ്ര്യം അകറ്റുവാന്‍ അത് മതിയാകും. സ്വാര്‍ത്ഥതയുടെ ഗോലിയാത്തിനെ വീഴ്ത്തിയെങ്കിലേ കൂട്ടായ്മയും പങ്കുവയ്ക്കലും യാഥാര്‍ത്ഥ്യമാകുമെന്നും പാപ്പാ ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള വത്തിക്കാന്‍ സംഘത്തെ ഫാദര്‍ റോങ്കി ഉദ്ബോധിപ്പിച്ചു. 

2. സുവിശേഷം ധര്‍മ്മനിഷ്ഠമല്ല, സ്നേഹനിഷ്ഠമാണ്.

ലൂക്കായുടെ സുവിശേഷം 7-ാം അദ്ധ്യായം വിവരിക്കുന്ന, ഫരിസേയനായ ശിമയോന്‍റെ വീട്ടില്‍വച്ച് പരിസ്യപാപിനിക്കു ക്രിസ്തു മാപ്പുനല്കിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്, അഞ്ചാമത്തെ പ്രഭാഷണത്തില്‍ ഫാദര്‍ റോങ്കി സുവിശേഷത്തിന്‍റെ അടിസ്ഥാന സ്വഭാവമായ സ്നേഹത്തെയും കാരുണ്യത്തെയുംകുറിച്ച് ഉദ്ബോധിപ്പിച്ചത്.

സുവിശേഷത്തെ ധര്‍മ്മനിഷ്ഠയും, അതിന്‍റെ കേന്ദ്രമായ ക്രിസ്തുവിനെ ധാര്‍മ്മികാചാര്യനുമാക്കി ചിത്രീകരിക്കുന്ന രീതി വളര്‍ന്നിട്ടുണ്ടെന്നും, എന്നാല്‍ സുവിശേഷത്തിന്‍റെ സത്ത സ്നേഹവും, സ്രോതസ്സായ ക്രിസ്തു ദൈവസ്നേഹത്തിന്‍റെ മൂര്‍ത്തരൂപമാകയാല്‍ ധര്‍മ്മനിഷ്ഠയുടെ സ്ഥാനത്ത് സ്നേഹനിഷ്ഠയും കാരുണ്യനിഷ്ഠയുമാണ് സഭ വളര്‍ത്തേണ്ടതും പ്രഘോഷിക്കേണ്ടത്. ധ്യാനത്തിന്‍റെ മൂന്നാം ദിവസം ചൊവ്വാഴ്ച വൈകുന്നേരം നല്കിയ അഞ്ചാമത്തെ പ്രഭാഷണ ചിന്തയായിരുന്നു ഇത്.

യഹൂദപ്രമാണികളുടെയും ഫരിസേയരുടെയും ചിന്താഗതിയിലെ ധര്‍മ്മനിഷ്ഠയെയും അമിതമായ നിയമനിഷ്ഠയെയും നിഷേധിക്കുവാനും തിരുത്തുവാനും ക്രിസ്തു ശ്രമിക്കുന്നതാണ് സുവിശേഷ സംഭവത്തിന്‍റെ ഉള്ളടക്കമെന്നും അദ്ദേഹം വിവരിച്ചു (ലൂക്ക 7, 36-50).  ഫരിസേയനായ ശിമയോന്‍റെ വീട്ടില്‍ ക്രിസ്തു പങ്കെടുത്ത വിരുന്ന് പാപിയുടെയും വിശുദ്ധരുടെയും, ശക്തരുടെയും ദുര്‍ബലരുടെയും, നിയമത്തിന്‍റെയും ഔദാര്യത്തിന്‍റെയും, സ്നേഹത്തിനെതിരെ ധാര്‍ഷ്ട്യത്തിന്‍റെയും സംഘര്‍ഷ വേദിയായിരുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള വത്തിക്കാന്‍ സംഘത്തെ ധ്യാനഗുരു റോങ്കി ചൂണ്ടിക്കാട്ടി.

ക്രിസ്തു തന്‍റെ സാമൂഹ്യപരിസരത്ത് പ്രബോധിപ്പിച്ചതും പ്രകടമാക്കിയതും ധര്‍മ്മനിഷ്ഠയല്ല, കാരുണ്യനിഷ്ഠയാണ്. പാപിനിക്കു നല്കിയ പരസ്യമായ പാപമോചനം അവിടുന്ന് ഉദ്ബോധിപ്പിക്കുന്ന ദൈവിക സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പാഠമാണ് തെളിയിക്കുന്നത്.

സഭാശുശ്രൂഷകരും സഭയുടെ പണ്ഡിതന്മാരും സുവിശേഷത്തെയും സഭാപ്രബോധനങ്ങളെയും ലോകത്തിന്‍റെ ധര്‍മ്മനിഷ്ഠയാക്കി മാറ്റുന്ന അപകരമായ പ്രവണത ഇന്നും നിലനില്ക്കുന്നുണ്ടെന്നും, എന്നാല്‍ പാപികളുടെയും പാവങ്ങളുടെയും, ബലഹീനരുടെയും ദൈവത്തില്‍ ആശ്രയിക്കുന്നവരുടെയും ലോലമായ മാനുഷിക വികാരങ്ങളുടെ കണ്ണുനീരിന്‍റെയും കഥപറയുന്ന രക്ഷയ്ക്കായുള്ള പ്രത്യാശയുടെ പ്രകടനമാണ് സുവിശേഷരംഗങ്ങളില്‍ ഉടനീളമെന്ന് ഫാദര്‍ റോങ്കി വ്യക്തമാക്കി.

വിരുന്നിന്‍റെ വേദിയില്‍ തിളങ്ങിനിന്ന ഫരിസേയപ്രമാണിയുടെ സ്ഥാനത്ത്, പിന്നെ ക്രിസ്തു സ്വതന്ത്രയാക്കിയ പാപിനിയായ സ്ത്രീയും അവളുടെ അനുതാപവുമാണ് ശ്രദ്ധേയമാകുന്നത്. അവള്‍ ചരിത്രത്തില്‍ അനുതാപിനിയുടെ മാതൃകയായിത്തീരുന്നു.

 








All the contents on this site are copyrighted ©.