2016-03-07 13:21:00

പ്രത്യാശയുടെ അക്ഷീണസാക്ഷികളാകുക : പാപ്പാ


     പീഢനങ്ങളേറ്റും, നിണസാക്ഷിത്വംവരിച്ചുപോലും, വിശ്വാസത്തിനു സാക്ഷ്യമേകുകയും പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള ഐക്യം അക്ഷതം കാത്തുസൂക്ഷിക്കുകയും ചെയ്ത ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയ്ക്കുമുന്നില്‍ പാപ്പാ കൃതജ്ഞതാപൂര്‍വ്വം ശിരസ്സു നമിക്കുന്നു.

     1946 മാര്‍ച്ചില്‍, സോവ്യറ്റ് അധികാരികള്‍ ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കസഭയുടെ നൈയമികാസ്തിത്വം ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അന്നാട്ടിലെ ല്‍വിവ് (LVIV) നഗരത്തില്‍ വ്യാജസിനഡ് വിളിച്ചുകൂട്ടിയ ഖേദകരമായ സംഭവത്തിന്‍റെ  സപ്തതിയോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ പ്രസ്തുത സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്വ്യത്തൊസ്ലാവ് ഷെവ്ചുക്കിനയച്ച സന്ദേശത്തിലാണ് ഈ കൃതജ്ഞതാ പ്രകടനമുള്ളത്.

     മാനുഷിക നീതിയെയല്ല, പ്രത്യുത, നമ്മുടെ സകല പ്രത്യാശയുമായ കര്‍ത്താവായ യേശുക്രിസ്തുവിനെ, വിശ്വാസത്താല്‍ ദീപ്തമായ നയനങ്ങളാല്‍ നോക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്ന പാപ്പാ, നാം സഹനങ്ങളുടെയും ബുദ്ധിമുട്ടുളുടെയുമായ എല്ലാ അവസ്ഥകള്‍ക്കു മദ്ധ്യേയും സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവെന്ന ഉറപ്പു നമുക്കുള്ളതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, യേശുവാണ് വര്‍ത്തമാന ഭാവികാലങ്ങളെക്കുറിച്ചുള്ള നമ്മുടെ ദൃഢവിശ്വാസത്തിന്‍റെ  സ്രോതസ്സ് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

      ഇപ്പോള്‍, യുദ്ധം വിതയ്ക്കുന്ന യാതനകളാല്‍ മുദ്രിതമായ ഒരുവേളയില്‍, ജനങ്ങളു‍ടെ സഹനങ്ങള്‍ ലഘൂകരിക്കാനും സമാധാനത്തിന്‍റെ സരണികള്‍ തേടാനും ശ്രമിക്കുന്ന ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ ഇടയന്മാരോടും ഈ സഭയിലെ വിശ്വാസികളോടുമുള്ള ഐക്യദാര്‍ഢ്യവും പാപ്പാ ഈ സന്ദേശത്തില്‍ അറിയിക്കുന്നു.

     നമ്മുടെയും നമുക്കുചുറ്റുമുള്ള നമ്മുടെ സഹോദരീസഹോദരങ്ങളുടെയും അസ്തിത്വത്തെ ഉപരി പ്രകാശമാനമാക്കുന്ന  പ്രത്യാശയുടെ അക്ഷീണസാക്ഷികളാകാന്‍ പാപ്പാ  ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭാംഗങ്ങള്‍ക്ക് പ്രചോദനം പകരുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.