2016-03-05 14:24:00

നന്മയിലേയ്ക്കുള്ള തിരിച്ചുവരവും പിതൃസന്നിധിയിലെ ആനന്ദജീവിതവും തപസ്സുകാലം നാലാംവരാം ഞായര്‍


കാരുണികന്‍ പ്രസിദ്ധീകരിണത്തിന്‍റെ പത്രാധിപര്‍ ഫാദര്‍ ജേക്കബ് നാലുപറ പങ്കുവയ്ക്കുന്ന സുവിശേഷചിന്തകള്‍

ഇന്നത്തെ സുവിശേഷഭാഗത്ത് ചുങ്കക്കാരും പാപികളും യേശുവിന്‍റെ അടുത്തുവരുന്നു. അതു കാണുമ്പോള്‍ അന്നത്തെ സമൂഹത്തിലെ മേലാളന്മാര്‍ Upper Class  എന്നു പറയാവുന്ന യഹൂദ  സമൂഹത്തിലെ ഫരീസേയരും നിയമജ്ഞരും അതിനെതിരെ പിറുപിറുക്കുന്നു. അധകൃതര്‍ അടുത്തു വരുന്നത് മേലാളന്മാര്‍ക്ക്, ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അന്നത്തെ ഈ സമൂഹ്യ പശ്ചാത്തലത്തില്‍ ക്രിസ്തു പറയുന്ന മൂന്നു കഥകളില്‍ ഒന്നാണ് ഇന്നത്തേത്. ഈശോ പറഞ്ഞിട്ടുള്ള കഥകളില്‍ ശ്രദ്ധേയമായ ഒന്നാണിത്. ധൂര്‍ത്തപുത്രന്‍റെ കഥ!

ഈ കഥയില്‍ ശ്രദ്ധേയമാകുന്ന കഥാപാത്രങ്ങള്‍ – പിതാവിന്‍റെ രണ്ടു പുത്രന്മാരാണ്. അവര്‍ തമ്മിലുള്ള വ്യത്യാസമാണ്. യഥാര്‍ത്ഥത്തില്‍ ഇളയവനും മൂത്തവനും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുമ്പോള്‍, ഇളയവന് അവന്‍റെ പുത്രത്വം നന്നായി അറിയാമായിരുന്നു. അവന്‍ ആരാണെന്ന് സ്വയം നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്, ഒരുദിവസം ഇളയവന്‍ പിതാവിനോട് അവന്‍റെ ഓഹരി ചോദിച്ചുമേടിക്കുന്നു.

അവന്‍ പറഞ്ഞു,  “എന്‍റെ ഓഹരി എനിക്കു തരിക!” അവന്‍ പിതാവില്‍നിന്നും ഓഹരി വാങ്ങി പോകുന്നു. അവന്‍റെ പുത്രത്വവും അവകാശങ്ങളും അവന് വളരെ കൃത്യമായി അറിയാം. എന്നിട്ടോ, അവന്‍ എല്ലാം ഉഴപ്പിക്കളഞ്ഞു. പിന്നെയാണ് സുബോധം ഉണ്ടാകുന്നത്. ഉഴപ്പിക്കളഞ്ഞിട്ടും അവന്‍റെ അവകാശത്തെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെടുന്നില്ല. അവന്‍ ചിന്തിക്കുന്നു. ഞാന്‍ എന്‍റെ പിതാവിന്‍റെ പക്കലേയ്ക്കു ചെല്ലും. എന്നിട്ട് പറയും.. “പിതാവേ, അങ്ങേ പുത്രനെന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല!” അങ്ങനെ, മകന്‍റെ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്ന പുത്രത്വമാണ് ഇളയമകന്‍റെ, ധൂര്‍ത്തനായിപ്പോയവന്‍റെ വാക്കുകളില്‍ ശ്രദ്ധേയമാകുന്നത്. ഇളയവന്‍ തന്‍റെ പുത്രസ്ഥാനത്തെയും കുടുംബത്തിലെ അവകാശങ്ങളെയും കുറിച്ച് നല്ല ബോധ്യമായിരുന്നെന്നു നമുക്കു മനസ്സിലാക്കാം.

ഇനി മൂത്തവനാകട്ടെ! ഇളയവനുമായി തുലനംചെയ്യുമ്പോള്‍ നേരെ വിരുദ്ധമായ അവസ്ഥയാണ് അവന്‍റേത്. “എത്രവര്‍ഷമായി ഞാന്‍ അങ്ങേയ്ക്കു ദാസ്യവേല ചെയ്യുന്നു,” എന്നാണ് അവന്‍ പിതാവിനോട് പറഞ്ഞത്. “ഞാന്‍ ഇത്രയുമെല്ലാം ചെയ്തിട്ട് അങ്ങ് കൂട്ടുകാരുടെ കൂട്ടത്തില്‍ ചിലവഴിക്കാന്‍ ഒന്നും തന്നില്ലല്ലോ,” എന്നവന്‍ ആവലാതിപ്പെടുന്നു, പരാതിപ്പെടുന്നു. ഒരു കാര്യം ശ്രദ്ധേയമാകുന്നത്,  പിതൃഗേഹത്തിലെ സ്വത്തെല്ലാം അവന്‍റേതാണ്. എന്നിട്ടും അവന് സ്വന്തം ‘ഐഡന്‍റിറ്റി’യെയും സ്ഥാനത്തെയുംകുറിച്ച് ധാരണയില്ലാതെയാണ് സംസാരിക്കുന്നത്. അതിനാല്‍ മൂത്തവന്‍റെ പ്രശ്നം, അവന് സ്വന്തം ‘ഐഡന്‍റിറ്റി’ അറിയില്ലായിരുന്നു എന്നതുതന്നെ. ഞാന്‍ പുത്രനാണ്, ഇതെല്ലാം എന്‍റെ അവകാശമാണെന്ന സത്യം അവന് അറിയാന്‍ പാടില്ലാത്തതുപോലെ സംസാരിക്കുന്നു. എന്നാല്‍ ഇളയവന്‍റെ ഗുണം ഇതാണ് ഏതവസ്ഥയിലും അവന് തന്‍റെ ഐഡന്‍റിറ്റി നന്നായി അറിയാമെന്നതാണ്. ഇത് പ്രധാനപ്പെട്ടൊരു വ്യത്യാസമാണ്, പ്രധാനപ്പെട്ട കാര്യവുമാണ്. സ്വന്തം സ്ഥാനം, Identity  അറിഞ്ഞിരിക്കുക.

അതുകൊണ്ട് ഈശോ നമ്മോട് ആവശ്യപ്പെടുന്നുണ്ട്, നമ്മുടെ സ്ഥാനം അറിഞ്ഞിരിക്കണമെന്നാണ്. “നീ ആരാണ്?”  “നീ ദൈവത്തിന്‍റെ മകനാണ്, മകളാണ്.” ഇതാണ് നമ്മുടെ ജീവിതത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത്. Who are you?  നീ ആരാണെന്ന് നന്നായിട്ട് അറിഞ്ഞിരിക്കുക. അത് ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദൈവം എന്നെ മകനായി സ്വീകരിക്കുന്നു,  മകളായി സ്നേഹിക്കുന്നു. ദൈവപരിപാലനയുടെ കരം എപ്പോഴും എന്നെ ഒരു മകനെപ്പോലെ, ഒരു മകളെപ്പോലെ താങ്ങിക്കൊള്ളുന്നു. മാത്രമല്ല, ദൈവത്തിന്‍റെ സമ്പത്തെല്ലാം എനിക്ക് സ്വന്തമാണ്, എനിക്കായി നല്‍കപ്പെട്ട അവിടുത്തെ ദാനമാണ്. ഈ തിരിച്ചറിവിലേയ്ക്കു വരുന്നവനാണ് യഥാര്‍ത്ഥ പുത്രന്‍, പുത്രി!

ഇളയവന്‍ തിരിച്ചുവന്നതില്‍ പിതാവു സന്തോഷിക്കുന്നു. മുഴുത്തൊരു കാളക്കുട്ടിയെ കൊന്ന്, വിരുന്നൊരുക്കി മകന്‍റെ തിരിച്ചു വരവില്‍ ആഘോഷിക്കുന്നു. അങ്ങനെ അവരെല്ലാവരും - പിതാവ്, വീട്ടിലെ ദാസന്മാര്‍ എല്ലാവരും -  കുടുംബം മുഴുവന്‍ ഇളയവന്‍റെ തിരിച്ചുവരവില്‍ ആഹ്ലാദിക്കുകയാണ്. അപ്പോഴാണ് മൂത്തവന്‍റെ തിരിച്ചുവരവ്. അവന്‍റെ അവസ്ഥയെന്താണ്? അവന്‍ ക്രോദ്ധനായി പെരുമാറുന്നു. എല്ലാവരും ആഹ്ലാദിക്കുമ്പോള്‍, മൂത്തവന് ആഹ്ലാദിക്കാന്‍ പറ്റുന്നില്ല. ഇതില്‍പ്പരം അപകടം മറ്റെന്താണുള്ളത്. യഥാര്‍ത്ഥത്തിലുള്ള ആനന്ദത്തില്‍ പങ്കുചേരാന്‍ സാധിക്കാതെ പോവുക!

മൂത്തപുത്രന് ആഹ്ലാദിക്കാന്‍ പറ്റാതിരുന്നതിന്‍റെ കാരണം, ഇവന് അനുദിന ജീവിതത്തില്‍ ഒരിക്കലും ചൊവ്വെനേരെ ആഹ്ലാദിക്കാന്‍ പറ്റിയിട്ടില്ലെന്നതാണ്. അതുകൊണ്ട് മൂത്തപുത്രന്‍ ഈ ആഘോഷത്തിനും ആഹ്ലാദത്തിനും വിരുദ്ധമാണ്. അവന്‍ ഒരിക്കലും പിതൃസാന്നിദ്ധ്യം ആസ്വദിച്ചില്ല, പുത്രസ്ഥാനം മനസ്സിലാക്കിയില്ല, എന്നതാണ്. അതുകൊണ്ട് അവന്‍ പരാതി പറയുകയാണ്. അവന് കൂട്ടുകാരൊത്ത് ഉല്ലസിക്കാന്‍ ഒരാട്ടിന്‍ കുട്ടിയെപ്പോലും തന്നില്ലല്ലോ!!  പിതാവിന്‍റെ കൂടെയുള്ള താമസം അവന്‍ ഒരിക്കലും ആസ്വദിച്ചില്ല. അവന്‍ വെറും ദാസ്യവേല ചെയ്യുകയായിരുന്നു.  എന്നു പറഞ്ഞാല്‍ അപ്പന്‍റെ കൂടെയുള്ള താമസവും ആ പണിയെടുക്കലൊന്നും അവന്‍ ആസ്വദിച്ചില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്. അവന്‍ ആ ഭവനത്തിലെ വാസത്തിലും പണിയെടുക്കലിലൊന്നും ഒരു സന്തോഷവും കണ്ടെത്തിയില്ലെന്നാണ് നാം മനസ്സിലാക്കേണ്ടത്.

എന്‍റെ ജീവിതം അതെവിടെ ആയിരുന്നാലും നാം അത് ആസ്വദിക്കേണ്‌‌ടതാണ്. നാം അതിന്‍റെ ഭാഗമാകേണ്ടതാണ്. പിതാവിനുവേണ്ടി മകന്‍ ജോലിചെയ്യുന്നതില്‍ സന്തോഷമുണ്ടായിരിക്കണം. അത് നമുക്ക് ആസ്വാദിക്കാന്‍ സാധിക്കണം. എന്‍റെ കുടുംബത്തിലെ സാന്നിദ്ധ്യം ആഹ്ലാദകരമായെങ്കില്‍, മാത്രമേ മറ്റുള്ളവര്‍ എന്‍റെ ഭവനത്തില്‍ വരുമ്പോള്‍ എനിക്ക് സന്തോഷിക്കാനാകൂ. ഈ രംഗം കൂടുതല്‍ മനസ്സിലാക്കന്‍ ഇതിന്‍റെ സാമൂഹ്യ പശ്ചാത്തലം നാം മനസ്സിലേക്കേണ്ടതാണ്. അതായത്, ഉന്നത ജാതിക്കാര്‍ വന്ന് താഴെക്കിടക്കാരെ നോക്കി പുറുപിറുക്കുന്നു. ഈ സാഹചര്യത്തില്‍ യേശുവിന്‍റെ സാന്നിദ്ധ്യം  അംഗീകരിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. കാരണം ഈ നിയമജ്ഞരും ഫരീസേയരും ദൈവത്തിനു ചെയ്തിരുന്ന ശുശ്രൂഷ അവര്‍ ആസ്വദിച്ചിരുന്നില്ല. അവരുടെ സ്ഥാനമാനങ്ങളും പൊതുസേവനവും ദേവാലയശുശ്രൂഷയുമെല്ലാം പൊള്ളയായിരിന്നു. നമ്മോട് ക്രിസ്തു ആവശ്യപ്പെടുന്നത് ജീവിതം ആസ്വദിക്കണമെന്നാണ്, അതിനെ യഥാര്‍ത്ഥത്തില്‍ ആനന്ദപൂര്‍ണ്ണമാക്കണം എന്നാണ്. ഇവിടെ ഒരു വചനം ഓര്‍മ്മയില്‍ ഇരിക്കേണ്ടതാണ്. ഈശോ പറയുന്നതാണ്. കഥയില്‍ അത് മൂത്തമകനോടുള്ള പിതാവിന്‍റെ വാക്കുകളാണ്..“മകനേ, നീ എപ്പോഴും എന്‍റെ കൂടെയുണ്ടയുണ്ടല്ലോ!” (ലൂക്ക 15, 31). ഓര്‍ക്കുക, തമ്പുരാന്‍ എപ്പോഴും നമ്മുടെ കൂടെയുണ്ട്!  ക്രിസ്തു എപ്പോഴും നമ്മുടെ കൂടെയുണ്ട്!!

ഒരു സംഭവം! ഏടത്വാ പള്ളിയിലായിരുന്നു. വികാരിയച്ചനെ കാണാല്‍ അവിടെ ചെന്നതാണ്. മുറിയില്‍ ആരോ ഉണ്ടായിരുന്നതിനാല്‍ കുറെ കാത്തിരിക്കേണ്ടി വന്നു. അങ്ങനെ നലിക്കുമ്പോഴേയ്ക്കും. ദാ, ഒരു അമ്മയും മകനും വന്നിരിക്കുന്നു. മകനോടു പേരു ചേദിച്ചു. അവന്‍ പേരുപറഞ്ഞു. നാലാം ക്ലാസ്സുകാരനാണെന്നു മനസ്സിലായി. “മകനേ, നീ എന്താ വന്നത്?” അവന്‍ പറഞ്ഞു. “അമ്മയുടെകൂടെ സ്ക്കൂട്ടര്‍ വെഞ്ചിരിക്കാന്‍ വന്നതാണ്.” “കൊള്ളമല്ലോ. നീ അമ്മയെ സഹായിക്കാന്‍ വന്നതാണല്ലോ. സ്ക്കൂട്ടര്‍ ഓടിക്കുമോ നീ!?”

“ ഇല്ല! അമ്മയാണ് ഓടിക്കുന്നത്.”

“അമ്മ നന്നായി ഓടിക്കുമോ?”

എന്‍റെച്ചോ, എന്തു പറയാനാ,  സ്ക്കൂട്ടര്‍ ഇന്നലെയാണ് വാങ്ങി വന്നത്. അമ്മ ഓടിക്കാന്‍ തുടങ്ങിയതേയുള്ളൂ. ഇതിനിടയ്ക്ക് മൂന്നു പ്രാവശ്യം വീണുകഴിഞ്ഞു. അതുകൊണ്ടു ഇതൊന്നും വെഞ്ചിരിക്കാമെന്നു വിചാരിച്ചു.” നാലാം തരക്കാരന്‍റെ വര്‍ത്തമാനം കേട്ട് അമ്മയ്ക്കും ചിരിവന്നു.

‌‌പിന്നെ വികാരിയച്ചന്‍ വന്നു സ്ക്കൂട്ടര്‍ വെഞ്ചിരിച്ചു. അച്ചന്‍റെ കൈയ്യില്‍നിന്നും സമാപനാശരീര്‍വ്വാദത്തിനുശേഷം മകന്‍ താക്കോല്‍വാങ്ങി. പുറത്തുചെന്ന് സ്ക്കൂട്ടര്‍ എടുത്തു. സ്റ്റാര്‍ട്ട് ആക്കിയിട്ട്,  മിടുക്കന്‍ പയ്യന്‍, വണ്ടി അമ്മയ്ക്കു കൊടുത്തു. തീര്‍ന്നില്ല... വണ്ടിയില്‍  അമ്മ കയറി ഓടിക്കാന്‍ തുടങ്ങി, സുരക്ഷിതമായിട്ട് അമ്മ മുന്നോട്ടു നീങ്ങും എന്ന് ഉറപ്പായി കഴിഞ്ഞപ്പോള്‍... പിന്നെ ഇവന് ഒരു പഴയ സൈക്കിളുണ്ട്. അതില്‍ അവന്‍ ചാടിക്കയറി. എന്നിട്ട് ഒരു പൈലറ്റ് വാഹനംപോലെ സൈക്കിളിന് അമ്മയുടെ പിറകെ മകന്‍ പോകുന്നു. കാവലായിട്ടും, പിന്‍തുണയായിട്ടും..!

ഈ അനുഭവം നമുക്കും ഉണ്ടാകണം ദൈവം നമ്മുടെ കൂടെയുണ്ട്. ഒരു പൈലറ്റു വാഹനംപോലെ ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട്. അവിടുന്ന് എന്‍റെ കൂടെയുണ്ട്! തമ്പുരാന്‍ എപ്പോഴും എന്‍റെ കൂടെയുണ്ട്. ഞാന്‍ അവിടുത്തെ മകനാണ് മകളാണ്. അവിടുന്ന് എപ്പോഴും എന്‍റെ കൂടെയുണ്ട്. അതുകൊണ്ട് ദൈവം എന്നെ ഒരു മകനെപ്പോലെ മകളെപ്പോലെ സംരക്ഷിക്കുന്നു, ഈ ഒരു അവബോധത്തില്‍ നമുക്ക് സന്തോഷത്തോടെ ജീവിതത്തില്‍ മുന്നോട്ടുപോകാം.

നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവമേ, അങ്ങാണല്ലോ എന്നെ അങ്ങേ മകനാക്കിയതും മകളാക്കിയതും! ഇതിന് ഞാന്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. ഈശോയേ, ഈ തിരിച്ചറിവ് എന്നില്‍ എപ്പോഴും ഉണ്ടാകട്ടെ, നിലനിര്‍ത്തണമേ!. അങ്ങേ മകനാണ്, മകളാണ് എന്ന അവബോധത്തില്‍ ഞാന്‍ എപ്പോഴും ജീവിക്കട്ടെ! കൂടാതെ പിതാവായ ദൈവം എന്‍റെ കൂടെയുണ്ട് എന്ന ദൈവസാന്നിദ്ധ്യ ബോധത്തില്‍ ജീവിക്കുവാനും എന്നെ സഹായിക്കണമേ!

ജീവിതത്തിന്‍റെ ഏതു അവസ്ഥയിലും ഏതു നിമിഷത്തിലും ഞാന്‍ ഒറ്റയ്ക്കല്ല എന്നു മനസ്സിലാക്കുവാനും, അതുപോലെ എന്‍റെ ജീവിതാവസ്ഥയെ അംഗീകരിച്ച് ആസ്വദിക്കുവാനും എനിക്ക് വരംതരണമേ. നന്മയിലേയ്ക്കുള്ള തിരിച്ചുവരവിന്‍റെ അനുഭവത്തിലേയ്ക്ക് വരുന്നവരെയെല്ലാം കാണുമ്പോള്‍ സന്തോഷിക്കാന്‍, അവരുടെ ആനന്ദത്തില്‍ പങ്കുചേരുവാനും എന്നെ അനുഗ്രഹിക്കണമേ. അതില്‍ സന്തോഷിക്കുവാനുള്ള കൃപതരണമേ,  ആമ്മേന്‍!








All the contents on this site are copyrighted ©.