2016-03-05 13:55:00

അവനവനിലേക്കു മാത്രം നോക്കുന്നവന്‍ ആത്മീയാന്ധതയിലാഴുന്നു


     നാം നമ്മുടെ അഹത്തിലേക്കുമാത്രം നോക്കുന്നവരായാല്‍, നമ്മള്‍, അന്ധരും ചേതനയറ്റവരും സ്വാര്‍ത്ഥമതികളും സന്തോഷവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായിത്തീരുമെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പേകുന്നു.

     നോമ്പുകാലത്ത്, പാപസങ്കീര്‍ത്തന കൂദാശയുടെ സവിശേഷ പ്രാധാന്യം എടുത്തുകാട്ടുന്നതിനായി, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സിമിതി 2014 ല്‍ തുടക്കമിട്ട, കര്‍ത്താവിന് വേണ്ടി 24 മണിക്കൂര്‍ എന്ന മഹാസംരംഭത്തിന്‍റെ ഇക്കൊല്ലത്തെ ആചരണത്തിനു തുടക്കം കുറിച്ചുകൊണ്ട് വത്തിക്കാനില്‍ വെള്ളിയാഴ്ച (04/03/16) നയിച്ച അനുതാപശുശ്രൂഷാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ, മര്‍ക്കോസിന്‍റെ സുവിശേഷം പത്താം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യേശു ബര്‍തിമേയൂസിന് കാഴ്ചനല്കുന്ന സംഭവത്തില്‍, എനിക്കു കാഴ്ച വീണ്ടുകിട്ടണമെന്ന ബര്‍തിമേയൂസിന്‍റെ വാക്കുകള്‍ വിശകലനം ചെയ്യുകയായിരുന്നു.

     നമ്മുടെ പാപങ്ങള്‍ നമ്മുടെ കാഴ്ച നഷ്ടപ്പെടുത്തുകയും നമ്മുടെ വിളിയുടെ സൗന്ദര്യം കവര്‍ന്നെടുക്കുകയും അങ്ങനെ ലക്ഷ്യത്തില്‍ നിന്ന് നമ്മെ അകറ്റുകയും ചെയ്യുമ്പോള്‍ നമുക്ക് കാഴ്ചശക്തി വീണ്ടുകിട്ടണമെന്നതാണ് നമ്മുടെ യാചനയെന്ന് പാപ്പാ പറഞ്ഞു.

     പാപത്തിന്‍റെ ഫലമായ അന്ധത ആത്മാവിന്‍റെ അന്ധതയാണെന്നും, ജീവദായക സ്നേഹമാകുന്ന സത്ത കാണുന്നതിന് അത് പ്രതിബന്ധമാകുന്നുവെന്നും അപരന്‍റെ  കാര്യത്തില്‍ നിസ്സംഗതപുലര്‍ത്തത്തക്കവിധമുള്ള ഉപരിപ്ലവതയിലേക്ക് ക്രമേണ നമ്മെ നയിക്കുന്നുവെന്നും  പാപ്പാ വിശദീകരിച്ചു.

     ജീവിതം ഒരുവനുള്ള സമ്പത്തിലും നേട്ടങ്ങളിലും, ലഭിക്കുന്ന ആദരവുകളിലുമൊക്കെ ആശ്രയിച്ചിരിക്കുന്നുവെന്നും സമ്പദ് വ്യവസ്ഥയെന്നാല്‍ ലാഭവും ഉപഭോഗവും മാത്രമാണെന്നുമൊക്കെയുള്ള ചിന്തകള്‍ എത്രമാത്രം പ്രമാദപരമാണെന്ന കാര്യവും പാപ്പാ ചൂണ്ടിക്കാട്ടി.

     കര്‍ത്താവിനെ കാണാന്‍ ആഗ്രഹിക്കുന്നവരുടെ രോദനം കേള്‍ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ സര്‍വ്വോപരി അജപാലകരാണെന്നും, പാപസങ്കീര്‍ത്തന കൂദാശയ്ക്കണയുന്നതിന് ജനങ്ങള്‍ക്ക്, ചിലപ്പോഴൊക്കെ, സഹായകരമല്ലാത്താതായ സമയക്രമം, പരിപാടികള്‍ തുടങ്ങിയവ പുനപരിശോധനയ്ക്ക് വിധേയമാക്കേണ്ടാതാണെന്നും പാപ്പാ പറഞ്ഞു.

     കുമ്പാസാരിക്കാനെത്തുന്ന വിശ്വാസിക്ക് കുമ്പസാരക്കൂടില്‍ ഒരു പിതാവിനെ, കാത്തിരിക്കുന്ന പിതാവിനെ, പൊറുക്കുന്ന പിതാവിനെ കാണാന്‍ കഴിയണമെന്നും പാപ്പാ പ്രസ്താവിച്ചു.

     വെള്ളിയാഴ്ച അനുതാപ ശുശ്രൂഷനയിച്ച ഫ്രാന്‍സീസ് പാപ്പാ, അതിന്‍റെ  അവസാനം ഒരു വൈദികന്‍റെ പക്കല്‍ കുമ്പസാരിക്കുകയും തദ്ദനന്തരം ഒരു മണിക്കൂറോളം വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കുകയും പാപമോചനം നല്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.