2016-03-04 10:08:00

‘കറുപ്പും വെളുപ്പും ചിന്താഗതി’ വിശ്വസാഹോദര്യത്തിന് വിരുദ്ധം


അപരെ ​കാണുവാനും അംഗീകരിക്കുവാനുമുള്ള തുറവ് കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്തുമെന്ന്, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

മാര്‍ച്ച് 3-ാം തിയതി വ്യാഴാഴ്ച അമേരിക്കയുടെ തെക്കുകിഴക്കന്‍ അലബാമാ സംസ്ഥാനത്തു നടത്തിയ പ്രഭാഷണത്തിലാണ് വംശീയ വര്‍ഗ്ഗിയ ചിന്താഗതിക്കെതിരായി കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ഇങ്ങനെ ശബ്ദമുയര്‍ത്തിയത്.

അപരനെ ഉള്‍ക്കൊള്ളുവാനും അവന്‍റെ അന്തസ്സ് അംഗീകരിക്കുവാനും സാധിക്കാത്തതാണ് വര്‍ഗ്ഗിയ ചിന്താഗതിയെന്നും, അത് സമൂഹ്യ രാഷ്ട്രീയ തലത്തില്‍ അവിശ്വസ്തതയും, വിഭാഗീയതയുമാണെന്നും, പിന്നെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേയ്ക്കും ചൂഴ്ന്നിറങ്ങുന്ന നിരവധി തിന്മകള്‍ക്ക് അത് വഴിയൊരുക്കുമെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ‘അമേരിക്കയുടെ കറുപ്പും വെളുപ്പും’ എന്നു ശീര്‍ഷകംചെയ്ത തന്‍റെ പ്രഭാഷണത്തില്‍ തുറന്നടിച്ചു.  

ദൈവത്തിന്‍റെ അടിസ്ഥാന പദ്ധതിയായ വിശ്വസാഹോദര്യത്തിന് വരുദ്ധമാണ് വംശീയത. അത് അടിസ്ഥാനപരമായ ഉപായസാദ്ധ്യതകളുടെ ലഭ്യതയില്‍നിന്നുപോലും മനുഷ്യരെ അകറ്റിനിറുത്തുകയും, അങ്ങനെ  വീട്, ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ മുതലായ സൗകര്യങ്ങള്‍ ഇല്ലാത്തവരായി അവര്‍ മാറുന്നു. അങ്ങനെയാണ് സമൂഹത്തില്‍ അനീതിയും അസമത്വവും യാതനകളും വളരുന്നത്. ലോകത്തെ കീറിമുറിക്കുക്കയും ചിഹ്നഭിന്നമാക്കുകയും ചെയ്യുന്ന വിഭാഗീതയതയുടെ ആരംഭം അവിടെയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.

അന്യരെക്കുറിച്ചുള്ള മുന്‍വിധിയും പക്ഷപാതവും അകറ്റി, ഉള്ളിന്‍റെ ഉള്ളിലെ വംശീയ ചിന്താഗതികള്‍ ഇല്ലാതാക്കിയെങ്കില്‍ മാത്രമെ അപരന്‍റെ അന്തസ്സ് മാനിക്കുവാനും, മനുഷ്യരെ ആദരിക്കുവാനും നമുക്കു സാധിക്കുകയുള്ളൂ. വിദ്യാഭ്യാസം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ പഠിപ്പിക്കുന്നതായിരിക്കണം. വിദ്യാഭ്യാസം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതായിരിക്കണം. അപരനെ വെറുക്കാന്‍ നാം ഒരിക്കലും ആരെയും പഠിപ്പിക്കരുത്.

മനുഷ്യന്‍ മനുഷ്യനെ വെറുക്കുവാനും, അന്യവത്ക്കരിക്കാനും പഠിപ്പിക്കുന്ന പാഠശാലകളും പള്ളിക്കൂടങ്ങളും ഇന്ന് ലോകത്തുണ്‌ട്. ഭീകരതയും പരസ്പരം മല്ലടിക്കുന്ന വര്‍ഗ്ഗീയതയും വളര്‍ത്തുന്നത് ഇത്തരക്കാരാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ അഭിപ്രായപ്പെട്ടു. 








All the contents on this site are copyrighted ©.