2016-03-03 09:15:00

ജൂബിലിനാളിലെ അനുരഞ്ജനദിനം പാപ്പാ ഫ്രാന്‍സിസ് നയിക്കും


മാര്‍ച്ച് 4-ാം തിയതി വെള്ളിയാഴ്ച ജൂബിലിനാളിലെ അനുരഞ്ജനദിനമായി ആചരിക്കപ്പെടും. ഈ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാരംഭമായി നടത്തപ്പെടുന്ന അനുതാപശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം വഹിക്കും. തുടര്‍ന്ന് പാപസങ്കീര്‍ത്തനത്തിനും ധ്യാനത്തിനും ആരാധനയ്ക്കുമുള്ള സൗകര്യം വത്തിക്കാനിലെ ബസിലിക്കയില്‍ മാത്രമല്ല, റോമിലെ ഇതര പ്രമുഖ ദേവാലയങ്ങളിലും ലഭ്യമാണ്.

റോമിലെ നവോണാ ചത്വരത്തിലുള്ള തിരുഹൃദയത്തിന്‍റെ ദേവാലയം, ലാര്‍ഗോ അര്‍ജന്‍റീനിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ദേവാലയം, ടൈബര്‍ നദിയുടെ തീരത്തുള്ള ദൈവമാതാവിന്‍റെ ബസിലിക്ക, റോമില്‍ സാസ്സിയിലുള്ള പരിശുദ്ധാരൂപിയുടെ ദേവാലയം എന്നിവിടങ്ങളിലാണ് ആരാധനയും അനുതാപശുശ്രൂഷയും കുമ്പസാരവുമായി ‘24 മണിക്കൂര്‍ തിരുസന്നിധിയില്‍’ എന്ന പരിപാടി നടത്തപ്പെടുന്നത്. ജൂബിലി ആഘോഷങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പരിശുദ്ധാരൂപിയുടെ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ് റോമിലെ അനുരജ്ഞനദിനം സമാപിക്കുന്നത്.

വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനില്‍ ആരംഭിക്കുന്ന പരിപാടികള്‍ ശനിയാഴ്ച വൈകുന്നേരം 5 മണിവരെ നീണ്ടുനില്ക്കും. പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുമ്പസാരം, അനുതാപശുശ്രൂഷ, സമാപന ദിവ്യബലിയര്‍ണം എന്നിവ അനുരജ്ഞന ദിനത്തിലെ മുഖ്യഇനങ്ങളാണ്.

പ്രാദേശിക, ദേശീയ സഭാതലങ്ങളി‍ല്‍ സൗകര്യപ്രദമായ വെള്ളിയാഴ്ച ഈ ജൂബിലി അനുഷ്ഠാനം നടത്തപ്പെടേണ്ടതാണ്. പ്രാര്‍ത്ഥനയിലൂടെയും അനുരജ്ഞനത്തിലൂടെയും ക്രിസ്തുവുമായി കൂടിക്കാഴ്ചയില്‍ എത്തിച്ചേരാന്‍ തപസ്സിലെ വെള്ളിയാഴ്ച പരിശ്രമിക്കണമെന്നത് ജൂബിലി അനുഷ്ഠാനത്തില്‍ ഏറെ അഭികാമ്യമാണ്.

2015-ലെ തപസ്സുകാലത്ത് അതിന്‍റെ മാതൃക പാപ്പാ ഫ്രാന്‍സിസ് തന്നെ ലോകത്തിന് കാണിച്ചുതന്നിട്ടുള്ളതാണ്. സഭയുടെ ആദ്ധ്യാത്മികതയുടെയും വിശ്വാസജീവിതത്തിന്‍റെയും ഹൃദയഭാഗത്തുള്ള ദൈവികകാരുണ്യം സകലരും കണ്ടെത്തണമെന്നാണ് ഈ ദിനത്തിലൂടെ സഭ ലക്ഷ്യംവയ്ക്കുന്നത്. “ദൈവം കരുണാസമ്പന്നനാണ്...” (എഫേസിയര്‍ 2, 4).   2015 മാര്‍ച്ച് 13-ന് വത്തിക്കാനില്‍ നടത്തിയ അനുതാപശുശ്രൂഷയില്‍ ഒരു വൈദികന്‍റെ പക്കല്‍ പാപ്പാ ഫ്രാന്‍സിസ് കുമ്പസാരിക്കാന്‍ എത്തിയത് ലോകത്തെ ആശ്ചര്യപ്പെടുത്തിയതായിരുന്നു. അന്ന് റോമിലെ പ്രധാനപ്പെട്ട ദേവാലയങ്ങള്‍ എല്ലാംതന്നെ ആരാധനയ്ക്കും കുമ്പസാരത്തിനും അനുതാപശുശ്രൂഷയ്ക്കുമായി 24 മണിക്കൂര്‍ തുറക്കപ്പെട്ടിരുന്നു.

www.novaevangelizatio.va








All the contents on this site are copyrighted ©.