2016-03-02 12:57:00

ശിക്ഷ നമ്മെ ചിന്തിപ്പിക്കുന്ന ഉപകരണമായി ഭവിക്കണം


ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചാപരിപാടി  വത്തിക്കാനില്‍ ഈ ബുധനാഴ്ചയും(02/03/16) അരങ്ങേറി. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ  അങ്കണമായിരുന്നു കൂടിക്കാഴ്ചാവേദി. അര്‍ക്കാംശുക്കളാല്‍ കുളിച്ചു നിന്ന ഈ ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ പാപ്പായുടെ വരവും കാത്തു നിന്നിരുന്നു. റോമില്‍ ഷാലോംടെലവിഷന്‍റെ വാര്‍ത്താ സ്റ്റുഡിയോയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്ന ചലച്ചിത്രകലാസംവിധായകനായ ജോസഫ് നെല്ലിക്കലും, ഷാലോം വേള്‍ഡിന്‍റെ സമ്പ്രേക്ഷണ ചുമതലയുള്ള റോമി ജോസഫും അക്കൂട്ടത്തിലുണ്ടായിരുന്നു.

റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. ആദ്യം വിശുദ്ധഗ്രന്ഥഭാഗം വിവിധഭാഷകളില്‍ വായിക്കപ്പെട്ടു. 

നിങ്ങളുടെ ദുഷ്ക്കര്‍മ്മങ്ങള്‍ എന്‍റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍. അനാഥരോട് നീതി ചെയ്യുവിന്‍. വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍.... നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും  അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും.

ഏശയ്യാപ്രവാചകന്‍റെ  പുസ്തകം, ഒന്നാം അദ്ധ്യായം 16 മുതല്‍ 18 വരെയുള്ള  ഈ വാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. കരുണയുടെ അസാധാരണ ജൂബിലിവത്സരം പ്രമാണിച്ച് ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍ പാപ്പാ കാരുണ്യത്തെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പരയില്‍ ഇത്തവണത്തെ വിചിന്തന പ്രമേയം കാരുണ്യവും തെറ്റുതിരുത്തലും ആയിരുന്നു.                 

പാപ്പായുടെ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

ദൈവികകാരുണ്യത്തെക്കുറിച്ചു സംസാരിക്കവെ നമ്മള്‍, സ്വന്തം മക്കളെ സ്നേഹിക്കുകയും സഹായിക്കുകയും പരിചരിക്കുകയും അവരോടു പൊറുക്കുകയും ചെയ്യുന്ന കുടുംബനാഥനായ പിതാവിന്‍റെ രൂപം പലതവണ ഓര്‍ക്കുകയുണ്ടായി. നന്മയില്‍ വളരാനുള്ള സാഹചര്യം മക്കള്‍ക്ക്  ഒരുക്കിക്കൊടുത്തുകൊണ്ട് അവര്‍ക്ക് ശിക്ഷണമേകുകയും, തെറ്റിപ്പോകുമ്പോള്‍ അവരെ തിരുത്തുകയും ചെയ്യുന്ന പിതാവ്.

ഇപ്രകാരമുള്ള ഒരു ദൈവത്തെയാണ് ഏശയ്യാ പ്രവാചകന്‍റെ പുസ്തകം  ഒന്നാം അദ്ധ്യായം അവതരിപ്പിക്കുന്നത്. സ്നേഹനിധിയും ഒപ്പം കരുതലും കാര്‍ക്കശ്യവും ഉള്ളവനുമായ കര്‍ത്താവ് ഇസ്രായേലിനെ അതിന്‍റെ  അവിശ്വസ്തതയ്ക്കും അഴിമതിയ്ക്കും കുറ്റപ്പെടുത്തുകയും  നീതിയുടെ മാര്‍ഗ്ഗത്തിലേക്ക് അതിനെ തിരിച്ചുകൊണ്ടുവരുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. ഏശയ്യായുടെ ആ വാക്കുകള്‍ ആരംഭിക്കുന്നത് ഇപ്രകാരമാണ്

ആകാശങ്ങളെ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കലഹിച്ചു. കാള അതിന്‍റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്‍റെ യജമാനന്‍റെ  തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല. എന്‍റെ ജനം മനസ്സിലാക്കുന്നില്ല.

അദ്ധ്യായം 1, രണ്ടും മൂന്നും വാക്യങ്ങള്‍.

ദൈവം വ്യാമോഹിതനായ ഒരു പിതാവിന്‍റെതായ തിക്തതയോടു കൂടി പ്രവാചകന്‍ വഴി സംസാരിക്കുകയാണ്. സ്വന്തം മക്കളെ ആ പിതാവ് വളര്‍ത്തി, എന്നലാവര്‍ ഇപ്പോള്‍ പിതാവിനെതിരെ തിരിഞ്ഞിരിക്കുന്നു. മൃഗങ്ങള്‍ പോലും സ്വന്തം യജമാനനോടു വിശ്വസ്തതകാട്ടുകയും ആഹാരമേകുന്ന കരങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നു. എന്നാല്‍ ഇസ്രായേല്‍ ജനമാകട്ടെ ദൈവത്തെ തിരിച്ചറിയുന്നില്ല, അവിടത്തെ മനസ്സിലാക്കാന്‍ വൈമനസ്യം കാട്ടുന്നു.

ദൈവവും അവിടത്തെ ജനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുന്നതിന് പ്രവാചകന്മാര്‍ പലപ്പോഴും ഉപയോഗിക്കുന്ന പിതൃപുത്ര ബന്ധം വികലമാക്കപ്പെട്ടിരിക്കുന്നു. മാതാപിതാക്കന്മാരുടെ ശിക്ഷണ ദൗത്യം ലക്ഷ്യം വയ്ക്കുന്നത് മക്കളെ സ്വാതന്ത്ര്യത്തില്‍ വളര്‍ത്തുകയും ഉത്തരവാദിത്വബോധമുള്ളവരാക്കിത്തീര്‍ക്കുകയും അവനവനും മറ്റുള്ളവര്‍ക്കും  വേണ്ടി നന്മ പ്രവര്‍ത്തിക്കാന്‍ കഴിവുറ്റവരാക്കിത്തീര്‍ക്കുകയുമാണ്. എന്നാല്‍ പാപം നിമിത്തം സ്വാതന്ത്ര്യം തന്നിഷ്ടം പ്രവര്‍ത്തിക്കുന്നതിനും അഹംഭാവത്തിനും മൂടുപടമായി മാറുന്നു. അഹങ്കാരം എതിര്‍പ്പിലേക്കും സ്വയംപര്യപ്തരാണെന്ന മിഥ്യാബോധത്തിലേക്കും നയിക്കുന്നു.

ആകയാല്‍ ഇവിടെ, ദൈവം, സ്വന്തം ജനം വഴിതെറ്റിയിരിക്കുന്നുവെന്നു ആ ജനത്തെ ഓര്‍മ്മിപ്പിക്കുകയാണ്. എന്‍റെ ജനം എന്ന് അവിടന്ന് പറയുന്നത് സ്നേഹത്തോടും ഒപ്പം തിക്തതയോടും കൂടിയാണ്. ദൈവം നമ്മെ ഒരിക്കലും തള്ളിക്കളയില്ല. നാം അവിടത്തെ ജനമാണ്. അവിടത്തെ മക്കളാണ്. മകനേ വരിക എന്നാണ് അവിടന്ന് സദാ പറയുന്നത്. ഇതാണ് നമ്മുടെ പിതാവിന്‍റെ സ്നേഹം. ദൈവം സ്വന്തം ജനത്തെ ശിക്ഷിക്കുന്നുണ്ടെങ്കില്‍ അത് പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും ജനത്തെ നയിക്കാനാണ്.

സ്വയം നശിക്കുന്നതിനുള്ള ഒരു തീരുമാനത്തിന്‍റെ അനിവാര്യ ഫലമാണ് സഹനം. അത് പാപിയെ മനപരിവര്‍ത്തനത്തിനും പൊറുക്കലിനും സ്വയം തുറന്നു കൊടുക്കുന്നതിനായി ചിന്തിപ്പിക്കണം.

ഇതാണ് ദൈവികകാരുണ്യത്തിന്‍റെ സരണി. ദൈവം നമ്മോടു പെരുമാറുന്നത് നമ്മുടെ തെറ്റുകളെ അടിസ്ഥാനമാക്കിയല്ല. ശിക്ഷ നമ്മെ ചിന്തിപ്പിക്കുന്ന ഉപകരണമായി ഭവിക്കുന്നു. അങ്ങനെ നാം മനസ്സിലാക്കുന്നു ദൈവം അവിടത്തെ ജനത്തോടു പൊറുക്കുകയും കനിവു കാട്ടുകയും ചെയ്യുന്നുവെന്നും  ഒന്നും നശിപ്പിക്കാതെ പ്രത്യാശയുടെ വാതില്‍ എന്നും തുറന്നിടുന്നുവെന്നും. ബലിയുടെയല്ല മറിച്ച് നീതിയുടെ മാര്‍ഗ്ഗമാണ് കര്‍ത്താവ് അവിടത്തെ കാരുണ്യത്തില്‍ കാണിച്ചുതരുന്നത്. അനുഷ്ഠാനം വിമര്‍ശിക്കപ്പെടുന്നത് അത് അതില്‍ത്തന്നെ ഉപകാരശൂന്യമായതുകൊണ്ടല്ല, മറിച്ച്, ബലി അനുതാപത്തിന്‍റെ  ആവിഷക്കാരമാകാതെ അതിനു പകരം വയ്ക്കാന്‍ ശ്രമിക്കുന്നതിനാലാണ്. ബലികളാണ് നമ്മെ രക്ഷിക്കുന്നത് ദൈവികകാരുണ്യമല്ല പാപം പൊറുക്കുന്നത് എന്ന തെറ്റായ ധാരണ അതുണ്ടാക്കുന്നു.

ഒരുവന്‍ രോഗിയാണെങ്കില്‍ വൈദ്യന്‍റെ പക്കലും പാപിയാണെങ്കില്‍ കര്‍ത്താവിന്‍റെ പക്കലുമാണ് പോകേണ്ടത്. ഭിഷഗ്വരന്‍റെ അടുത്തു പോകാതെ മന്ത്രവാദിയുടെ പക്കല്‍ ചെല്ലുന്നവന്‍ സുഖംപ്രാപിക്കില്ല.  പലപ്പോഴും നാം ഇഷ്ടപ്പെടുന്നത് തെറ്റായ വഴികളിലുടെ ചരിക്കാനാണ്.

ചൂഷണം ചെയ്യപ്പെട്ട, ഉചിതമായ വേതനം ലഭിക്കാത്ത, അടിമകളെപ്പോലെ പണിയെടുപ്പിക്കപ്പെട്ട നിരവധി ജനങ്ങളു‌ടെ രക്തത്തിന്‍റെ ഫലമായ പണം സഭയക്ക് സംഭാവനയായി കൊണ്ടുവരുന്ന  ചില ഉപകാരികളെ ഞാന്‍ ഓര്‍ക്കുകയാണ്.   അത്തരക്കാരോടു ഞാന്‍ പറയുന്നു : ദയവു ചെയ്ത് ആ ചെക്ക് തിരിച്ചുകൊണ്ടു പോയി കത്തിച്ചു കളയൂ. ദൈവജനത്തിന്, അതായത് സഭയ്ക്ക് ദുഷ്കൃത്യങ്ങളാല്‍ നേടിയ പണം വേണ്ട, ദൈവത്തിന്‍റെ കാരുണ്യത്തിന് തുറന്നുകൊ‌ടുക്കുന്ന ഹൃദയങ്ങളാണ് വേണ്ടത്.

തിന്മകള്‍ വെടിഞ്ഞ്, നന്മയും നീതിയും പ്രവര്‍ത്തിച്ച് ശുദ്ധീകരിക്കപ്പെട്ട കരങ്ങളോടെ ദൈവത്തിങ്കലണയുകായാണ് ആവശ്യം.

ഏശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ എത്രസുന്ദരം

നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍. അനാഥരോട് നീതി ചെയ്യുവിന്‍. വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍- അദ്ധ്യായം1, 16 ഉം 17 ഉം വാക്യങ്ങള്‍

യൂറോപ്പിലെത്തുന്ന നിരവധിയായ അഭയാര്‍ത്ഥികളെക്കുറിച്ച് ചിന്തിക്കൂ. എവിടേക്കു പോകണമെന്ന് അവര്‍ക്കറിയില്ല.

കര്‍ത്താവ് പറയുന്നു നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും  അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും, ജനങ്ങള്‍ക്ക് ഭൂമിയുടെ ഫലങ്ങള്‍ ഭക്ഷിക്കാനും സമാധാനത്തില്‍ ജീവിക്കാനും സാധിക്കും.

ഇതാണ് ദൈവമേകുന്ന മാപ്പിന്‍റെ വിസ്മയം. പിതാവെന്ന നിലയില്‍ ദൈവം സ്വന്തം ജനത്തിന് മാപ്പു നല്കാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ കാരുണ്യം എല്ലാവര്‍ക്കും നല്കപ്പെടുന്നു. ദൈവത്തിന്‍റെ മക്കളെപ്പോലെ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന നമുക്കെല്ലാവര്‍ക്കും പ്രവാചകന്‍റെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.നന്ദി.                   








All the contents on this site are copyrighted ©.