2016-03-02 19:31:00

കുട്ടികളുടെ ലൈംഗികപീഡനം സംബന്ധിച്ച സഭയുടെ നിലപാട് കര്‍ശനം


കുട്ടികളുടെ ലൈംഗികപീ‍ഡനം സംബന്ധിച്ച ആരോപണങ്ങള്‍ വൈദികര്‍ തുറവോടും വിവേചനത്തോടുംകൂടെ കൈകാര്യംചെയ്യണമെന്ന്, വത്തിക്കാന്‍റെ പൊതുകാര്യങ്ങള്‍ക്കുള്ള വകുപ്പു സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യൂ പ്രസ്താവിച്ചു.

വൈദികര്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികപീ‍ഡന കേസുകളില്‍ സഭ ഇന്ന് കാര്‍ക്കശ്യമുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് മാര്‍ച്ച് ഒന്നാം തിയതി ചൊവ്വാഴ്ച റോമിലെ Corriere della Sera ‘ദിനപത്രത്തിന്’ നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ബെച്യൂ വ്യക്തമാക്കി.

പീ‍ഡനത്തെ അപലപിക്കുകയും, തെറ്റുകാരെ ശിക്ഷിക്കുകയും, ഒപ്പം ഇരകളായവരെ സംരക്ഷിക്കുകയുമാണ് ഇന്ന് സഭയുടെ ലക്ഷൃമെന്ന് അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിചാരണയില്ലാതെയും വ്യാജാരോപണങ്ങളുടെ അടിസ്ഥാനത്തിലും വൈദികര്‍ കുറ്റമാരോപിക്കപ്പെടുന്ന അവസരങ്ങളും, നഷ്ടപരിഹാരം വാങ്ങാനുള്ള കൃത്രിമമായ രീതികളും ഇക്കാര്യത്തില്‍ അടുത്തകാലത്ത് തലപൊക്കിയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ബെച്യൂ ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടി.

ഒരു കാലഘട്ടത്തില്‍ മെത്രാന്മാര്‍ പീഡനക്കേസില്‍ പ്രതികളായ വൈദികരെ സംരക്ഷിക്കുകയും കേസുകള്‍ മറച്ചുവയ്ക്കുകയും ചെയ്തത് സഭാസ്ഥാപനത്തിന്‍റെ സല്‍പ്പേരു സംരക്ഷിക്കുവാനുള്ള താല്പര്യത്തോടെയായിരുന്നു. എന്നാല്‍ 2005-മുതല്‍ മുന്‍പാപ്പാ ബനഡിക്ടും തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസും എടുത്തിട്ടുള്ള തീരുമാനങ്ങളുടെ വെളിച്ചത്തില്‍ ഒഴിവുകഴിവുകളുടെയും ന്യായീകരണത്തിന്‍റെയും നിലപാടുകള്‍ വിട്ട് സത്യസന്ധവും നീതിനിഷ്ഠവുമായ നിലപാടാണ്  ഈ മേഖലയില്‍ സഭ കൈക്കുള്ളുവാന്‍ പരിശ്രമിക്കുന്നതെന്ന് അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ബെച്യൂ പ്രസ്താവിച്ചു.

ആഗോളതലത്തില്‍ കേസുകള്‍ കൈകാര്യംചെയ്യുന്നതിന് ലൈംഗിക പീഡനം സംബന്ധിച്ച് ഇരകളാകുന്ന കുട്ടുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും പ്രതികളെ നീതിനിഷ്ഠമായി ശിക്ഷിക്കുന്നതിനും സ്ഥാപിതമായ പൊന്തിഫിക്കല്‍ കമ്മിഷനും (Pontifical Commission for the Protection of Minors), ദേശീയ മെത്രാന്‍ സമിതികള്‍ക്കു നല്കിയിട്ടുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളും (Directives for handling Abuses cases of Minors) വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനകേസുകള്‍ സത്യസന്ധമായി കൈകാര്യംചെയ്യുവാനും  ഇക്കാര്യത്തില്‍ നീതി നടപ്പാക്കുവാനുമുള്ള സഭയുടെ നിശിതമായ നിലപാടു വ്യക്തമാക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ബെച്യൂ ചൂണ്ടിക്കാട്ടി.

പീ‍ഡനക്കേസുകള്‍ സ്ഥീരികരിക്കപ്പെട്ടാല്‍ വൈദികപദവി നഷ്ടപ്പെടുക മാത്രമല്ല, പൊതുകോടതിയിലൂടെ നിയമ നടപടിക്രമങ്ങള്‍ക്ക് പ്രതി വിധേയനാകുന്നതില്‍ സഭാനിലപാട് തടസ്സമാവുകയില്ല, മറിച്ച് ഇരകളായവരെ സംരക്ഷിക്കുവാന്‍ നീതിയുടെ നിലപാടു കൈക്കൊള്ളുമെന്നും ആര്‍ച്ചുബിഷപ്പ് ബെച്യൂ അഭിമുഖത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.